Kerala
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്രെയിന്‍ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍
തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പില്‍ വീട്ടില്‍ ബാലസുബ്രഹ്മണ്യം (22) ആണ് പിടിയിലായത്.
![](https://assets.sirajlive.com/2025/02/acu-897x538.jpg)
പത്തനംതിട്ട | റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്രെയിന്‍ കടത്തിയ കേസില്‍ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പില്‍ വീട്ടില്‍ ബാലസുബ്രഹ്മണ്യം (22) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ പുനലൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ക്രെയിനും കണ്ടെടുത്തു.
പത്തനംതിട്ട വെട്ടിപ്പുറം ജങ്ഷനിലുള്ള മൈ ക്രെയിന്‍ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിനാണ് കടത്തിക്കൊണ്ടുപോയത്. മേലെവെട്ടിപ്രം റോഡ് വക്കിലാണ് ക്രെയിന്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇത് എട്ടിന് വൈകിട്ട് ആറിനു ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഉടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്തു.
ക്രമക്കേട് നടത്തിയതിന്റെ പേരില്‍ എട്ട് മാസം മുമ്പാണ് കമ്പനി ജോലിയില്‍ നിന്നും സുബ്രഹ്മണ്യത്തെ ഒഴിവാക്കിയത്. ഇതിലുള്ള വിരോധം കാരണം ഇയാള്‍ ക്രെയിന്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.