Kerala
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി
ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനേയും മഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു.
തിരുവനന്തപുരം | എ ഡി ജി പി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിറകെ മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനേയും മഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. ആര്‍ എസ് എസ് നേതാക്കളുമായി എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡിജിപിയുമായി അതിനിര്‍ണായക കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങള്‍ ഡി ജി പി ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ജോണ്‍ ബ്രിട്ടാസ് എം പിയും പങ്കെടുത്തു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് ആര്‍ എസ് എസ് നേതാക്കളെ പോയി കണ്ടു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ആര്‍ എസ് എസ് നേതാക്കളായ രാം മാധവിനേയും ദത്താത്രേയ ഹൊസബലെയുമായാണ്ണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. പി വി അന്‍വന്‍ എംഎല്‍എ എഡിജിപിക്കെതിരായ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാറിനെ വെട്ടിലാക്കിയതിന് പിറകെയാണ് എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പുറത്തുവരുന്നത്. സിപിഎമ്മിനുള്ളിലും സഖ്യകക്ഷികള്‍ക്കിടയിലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എഡിജിപിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചുകൂടെന്ന നിലപാടാണ് ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.