Connect with us

Articles

ലോക മനസ്സാക്ഷിക്കു മുന്നിലേക്ക് ഒരു ഛേദിച്ച തണ്ണിമത്തന്‍

ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ ലോകവും മനഃപൂര്‍വ്വം മറന്നുകളഞ്ഞ ഫലസ്തീനിന്‍റെ വേദനകളെ ഛേദിച്ച തണ്ണിമത്തന്‍ എന്ന ഒരു പ്രതീകത്തിലൂടെ ലോകമനഃസാക്ഷിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു കനി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

എഴുപത്തിയേഴാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മുറിച്ചുവെച്ച തണ്ണിമത്തന്‍ ആകൃതിയിലുള്ള ബാഗുമായി റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്ന കനി കുസൃതിയാണ് സോഷ്യൽ മീഡിയയിലെ താരം. കനിയുടെ തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശനം യാദൃശ്ചികമല്ലെന്ന് ഇപ്പോള്‍ ലോകത്തിന് മുഴുവനുമറിയാം. പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രത്തിലെ രണ്ട് പ്രധാന നടികളിലൊരാളായാണ് കനി കാനിലെത്തിയത്. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ ലോകവും മനഃപൂര്‍വ്വം മറന്നുകളഞ്ഞ ഫലസ്തീനിന്‍റെ വേദനകളെ ഛേദിച്ച തണ്ണിമത്തന്‍ എന്ന ഒരു പ്രതീകത്തിലൂടെ ലോകമനഃസാക്ഷിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു കനി എന്നാണ് വിലയിരുത്തപ്പെടുന്നത്.

പച്ചയും ചുവപ്പും കറുപ്പും വെള്ളയും ചേര്‍ന്ന ഫലസ്തീന്‍ പതാകയുടെ പ്രതീകമാണ് ഇന്ന് മുറിച്ച തണ്ണിമത്തന്‍. എങ്ങനെയാണ് ഇത് അധിനിവേശ ശക്തികള്‍ പിഴുതെറിഞ്ഞൊരു പതാകയുടെ പ്രതീകമായതെന്നതിന് കൃത്യമായ രേഖകളില്ല. നിരവധി പീഢനങ്ങള്‍ക്കെതിരേ ഉയിര്‍ നല്‍കി ചെറുത്തു നിന്നവരുടെ പ്രതിഷേധങ്ങളില്‍ നിന്നാവാം ഈ ഛേദിച്ച തണ്ണിമത്തന്‍ ഫലസ്തീനിന്‍റെ അടയാളമായതെന്ന് കരുതുന്നു.

1967-ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിനു ശേഷം, ഗസ്സയിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതിനെ ഇസ്റാഈൽ സർക്കാർ ഭീകരമായി അടിച്ചമർത്തിയിരുന്നു. പിന്നീട് 1980-ൽ റാമല്ലയിൽ, മൂന്ന് കലാകാരന്മാർ നടത്തിയിരുന്ന ഒരു ഗാലറി ഇസ്റാഈൽ സൈന്യം റെയ്ഡ് ചെയ്തു. അത് അടച്ചുപൂട്ടുന്നതിന് അവര്‍ പറഞ്ഞ കാരണം ഈ കലാകാരന്മാര്‍ കലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നായിരുന്നു. ചുവപ്പും പച്ചയും കറുപ്പും വെളുപ്പും ചേര്‍ന്ന ഫലസ്തീൻ പതാകയുടെ നിറങ്ങള്‍ ഇവര്‍ സൃഷ്ടികള്‍ക്കായി ഉപയോഗിച്ചതാണ് സൈന്യത്തെ ചൊടിപ്പിച്ചത്.

പിന്നീട് ഒരു ഇസ്റാഈലി ഉദ്യോഗസ്ഥൻ മൂവരെയും വിളിച്ചുവരുത്തിയെന്ന് കലാകാരനും പ്രദർശന സംഘാടകനുമായ സ്ലിമാൻ മൻസൂർ പറയുന്നു. സൈനികരുടെ അനുമതിയില്ലാതെ ഒരു തരത്തിലുള്ള കലാ പ്രദർശനവും സംഘടിപ്പിക്കുന്നതും ഫലസ്തീൻ പതാകയുടെ നിറങ്ങളിൽ പെയിൻ്റ് ചെയ്യുന്നതും നിരോധിച്ചിരിക്കുന്നുവെന്നാണ് ഈ ഉദ്യോഗസ്ഥൻ പറഞ്ഞെതന്ന് സ്ലിമാൻ മൻസൂർ പറയുന്നു. സൈന്യത്തിൻ്റെ നിയമങ്ങൾ ലംഘിക്കുന്ന കലയുടെ ഉദാഹരണങ്ങളിലൊന്നായി ആ ഉദ്യോഗസ്ഥൻ തണ്ണിമത്തനെയാണ് പരാമർശിച്ചതെന്നും മൻസൂർ അസോസിയേറ്റഡ് പ്രസ്സുമായുള്ള മീറ്റില്‍ വെളിപ്പെടുത്തി.

ഛേദിച്ച തണ്ണിമത്തന്‍ !അതിന്‍റെ നിറങ്ങള്‍ അവരെ അത്രയേറെ പ്രകോപിപ്പിച്ചിരുന്നുവെന്നുവേണം കരുതാന്‍. അധിനിവേശത്തിനും ഫാസിസത്തിനും ലോകനിയമങ്ങള്‍ ബാധകമല്ലെന്നാണല്ലോ അനുഭവം. ഏത് ഒത്തുതീര്‍പ്പുകള്‍ക്കിടയിലും അവര്‍ക്ക് സ്വന്തം ആധിപത്യം തന്നെയാണ് അതിന്‍റെ ന്യായം.

അതായത് പലസ്തീന്‍ പതാകയ്ക്ക് നിയമപരമായ നിരോധനം ഇസ്റാഈലിൽ ഇല്ലെങ്കിലും, പതാക കെട്ടാനോ പ്രദര്‍ശിപ്പിക്കാനോ പൊലീസ് അനുവദിക്കാറില്ല. അങ്ങനെ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതാണ് രീതി. നാട്ടില്‍ സമാധാന ലംഘനം ഉണ്ടാകുമെന്ന കാരണമാണ് ഇതിനായി പോലീസ് പറയുന്നത്. ഇത്തരത്തില്‍ അന്യായമായ അറസ്റ്റുകളുടെ എണ്ണം കൂടി വന്നതോടെ അതിനെതിരേ പ്രതിഷേധങ്ങളും ശക്തമായി.

ഫലസ്തീൻ ജനത ഒരിക്കലും അധിനിവേശത്തിന്‍റെ അനീതികള്‍ക്കു മുമ്പില്‍ തല കുനിച്ചു നിന്നില്ല. അങ്ങനെയാണ് ഇക്കഴിഞ്ഞ ജൂണില്‍ സാസിം എന്ന സംഘടന ഒരു പഴുത്ത തണ്ണിമത്തന്‍ കഷ്ണത്തിന്റെ ചിത്രം ടെല്‍-അവീവില്‍ ഓടുന്ന ടാക്‌സികളില്‍ പതിക്കാന്‍ തുടങ്ങിയത്. ആ ചിത്രത്തിനൊപ്പം അവരിങ്ങനെ കൂടി എഴുതി ചേര്‍ത്തിരുന്നു; ‘ ഇതൊരു ഫലസ്തീന്‍ പതാകയല്ല’.

ഇസ്റാഈലിൽ മാത്രമല്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന മനുഷ്യരുള്ളിടത്തെല്ലാം ഇസ്റാഈൽ നരനായാട്ടിന് എതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ആ പ്രതിഷേധങ്ങളിലെല്ലാം ഛേദിച്ച തണ്ണിമത്തന്‍ ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ബാനറുകളിലും ടി-ഷർട്ടുകളിലും ബലൂണുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും‌മെല്ലാം ഛേദിച്ച തണ്ണിമത്തൻ ചിത്രം കാണാം. ഫലസ്തീനിയൻ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായും ഐക്യദാർഢ്യത്തിൻ്റെ ആഗോള അടയാളമായും ഈ പഴം കൂടുതലായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒപ്പം ഫലസ്തീനികള്‍ക്ക് ഇഷ്ടപ്പെട്ട ഫലം കൂടിയാണ് തണ്ണിമത്തന്‍ എന്നും കൂടി പറയട്ടെ.

ഇപ്പോഴും ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികള്‍ ഗസ്സയിലും മറ്റ് പ്രദേശങ്ങളിലും നടക്കുന്നുണ്ട്. ജനുവരിയില്‍ ഇസ്റാഈൽ ദേശ സുരക്ഷ മന്ത്രി ഇത്മാര്‍ ബെന്‍ ഗ്വിര്‍, അവകാശപ്പെട്ടത്, പൊതുസ്ഥലത്ത് പാറുന്ന എല്ലാ ഫലസ്തീന്‍ പതാകകളും അഴിച്ചു കളയാന്‍ പൊലീസിനോട് ഉത്തരവിട്ടു എന്നായിരുന്നു. ഒരു തീവ്രവാദ കുറ്റവാളി, തന്റെ ജയില്‍ മോചനത്തിനു പിന്നാലെ ഫലസ്തീന്‍ പതാക വീശി എന്നതായിരുന്നു ഇതിനായി മന്ത്രി പറഞ്ഞ കാരണമെന്നാണ് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രസ്താവനയിലെ നീതിയെക്കുറിച്ചാരും അന്വേഷിക്കേണ്ടതില്ല. കാരണം നീതിയും ന്യായവും നിര്‍മ്മിക്കുന്നതും ഇസ്റാഈൽ തന്നെയാണല്ലോ.

ഫലസ്തീനിലെയും ഗസ്സയിലും മരണങ്ങള്‍ ഇന്നും‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പുതുമ നഷ്ടപ്പെട്ട വാര്‍ത്തയെന്ന നിലയില്‍ പത്രങ്ങൾ അതിനെ ഇപ്പോള്‍ ഉള്‍പേജിലേക്ക് മാറ്റിയിരിക്കുന്നു. അപ്പോഴും കനി കുസൃതിയെപ്പോലെ ചിലര്‍ ഈ അനീതിയെ ലോകമനസാക്ഷിയുടെ മുമ്പിലേക്ക് വീണ്ടും വലിച്ചിടുന്നു.

അത്ഭുതമില്ല. മലയാളിയെന്ന രീതിയിൽ നമുക്കും അഭിമാനിക്കാം. ഏതു കാലത്തും‌ മലയാളി ഒരു ലോക പൗരനാണ്. സദ്ദാംഹുസൈനെ അമേരിക്ക അന്യായമായി വധിച്ചപ്പോള്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്തി പ്രതികരിച്ചവര്‍, മുഷ്ടി ചുരുട്ടി ഫാസിസത്തിനെതിരേ മുദ്രാവാക്യം വിളിച്ചവർ… മലയാളിക്ക് അതിരുകളില്ല.

കണ്ടന്റ് റൈറ്റർ

Latest