Connect with us

National

മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്‌നയാക്കി മര്‍ദിച്ചു.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്‌നയാക്കി മര്‍ദിച്ചു. കൊല്ലപ്പെട്ടത് നിതിന്‍ അഹിര്‍വാള്‍ (18)എന്ന യുവാവാണ്. അക്രമം നടത്തിയത് 12 പേര്‍ അടങ്ങിയ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിന്റെ സഹോദരി നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയാണ് മര്‍ദനവും കൊലപാതകവും നടന്നത്.

സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഗ്രാമത്തിലെ ബസ്സ്റ്റാന്റിന് സമീപത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ അമ്മയെ നഗ്‌നയാക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019 ല്‍ പ്രതികളില്‍ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമള്‍ സിംഗ്, വിക്രം സിംഗ്, ആസാദ് സിംഗ് എന്നിവര്‍ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്ന് ഇവര്‍ പറയുന്നു.

പ്രതികളില്‍ ചിലരെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ സെക്ഷന്‍ 307, 302, എസ്.സി, എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ എസ്.പി സഞ്ജീവ് യു.കെ പറഞ്ഞു.