Connect with us

Story

സമീറയുടെ ഒരു പകൽ

Published

|

Last Updated

സ്വന്തം നാടായ കുട്ടിക്കാനത്തേക്ക് പോകാൻ തയ്യാറെടുത്ത് കൊണ്ട് നിൽക്കുമ്പോഴാണ് സമീറയ്ക്ക് പെരിഞ്ചേരിൽ ജോണിച്ചന്റെ ഫോൺ വന്നത്.
“സമീറ, മണിക്കൊമ്പേലെ അമ്മച്ചി
മരിച്ചൂട്ടോ.’
നനഞ്ഞ തലമുടിയെ വാരിപ്പുതച്ച വെള്ള ടൗവ്വൽ ബെഡ്ഡിലേക്ക് എറിഞ്ഞ ശേഷം സമീറ ഒന്ന് കൂടി ജോണിച്ചേട്ടനെ വിളിച്ചു.
മണിക്കൊമ്പേലെ അമ്മച്ചിയാണോ ?അതോ കടപ്ലാമറ്റത്തെ അമ്മച്ചീടെ കാര്യമാണോ ജോണിച്ചൻ പറഞ്ഞെ?
“നമ്മടെ മണിക്കൊമ്പേലെ അമ്മച്ചി തന്നെയാന്നേ. സമീറയൊരു കാര്യം ചെയ്യ് .
അങ്ങോട്ട് ചെന്ന് വീടൊക്കെ ഒന്ന് വൃത്തിയാക്കിയിട് . ഞങ്ങള് അരമണിക്കൂറ് കഴീമ്പഴേയ്ക്കും ആശൂത്രീന്ന് ഇറങ്ങും. ”
രണ്ട് മാസം കൂടി സ്വന്തം വീട്ടിലേക്ക് പോകാൻ കിട്ടിയ അവസരത്തെ ചുരുട്ടിക്കൂട്ടി വെയ്സ്റ്റ് ബിന്നിലേക്ക് ഇട്ട ശേഷം തന്നിലേക്ക് പ്രവേശിക്കാൻ കാത്തിരുന്ന പുതിയ ചുരിദാർ കുർത്തയെ സമീറ അലമാരയ്ക്കുള്ളിലേക്കൊളിപ്പിച്ചു.
വിഷമിക്കാൻ നേരമില്ല. തൊട്ടയലോക്കമാണ്. കഴിഞ്ഞ വർഷം ആഘോഷിച്ചവസാനിച്ച മഹത്തായ തൊണ്ണൂറ്റിയെട്ടാം പിറന്നാളിന്റെ പിറ്റേന്നാണ്
മക്കളെല്ലാം കൂടി അത് പ്രഖ്യാപിച്ചത്. “അമ്മച്ചീടെ പെറ്റാട്ടോ സമീറ. ഞങ്ങള് നാളെ പോകും.അതോണ്ട് ഒരു കണ്ണ് എപ്പോഴും നമ്മുടെ വീട്ടിലേക്കും മിന്നിച്ചേക്കണം ”
അങ്ങനെ അമ്മച്ചി തന്റെയായി.
ക്രിസ്മസ് കാലമാണ്.പുലർമഞ്ഞ് വഴിയിൽ സൂര്യനുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തണുപ്പ് മാറിയിട്ടില്ല. ആളുകളാരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സമീറ ചെന്നപ്പോഴേയ്ക്കും ബംഗാളി പൂങ്കൊടി ശുഭ പാത്രങ്ങൾ കഴുകുന്നുണ്ട്. രാവിലെ ആശുപത്രിയിൽ പോയതിന്റെ സകലവിധ അലങ്കോലങ്ങളും കാണാം. അമ്മച്ചിയുടെ മുറിയിലേക്ക് കടന്നപ്പോൾ സമീറയ്ക്ക് ഹൃദയം തണുത്തു. രണ്ട് ജനാലയ്ക്കും നാല് ചുവരുകൾക്കും അപ്പുറത്തുള്ള ആകാശത്തിന്റെ അവസാനച്ചെരുവിലേക്ക് കണ്ണുംനട്ട് താനും, ശുഭയും, അമ്മച്ചിയും കഥ പറഞ്ഞ വീട്.പെട്ടെന്ന് ഫോണിലേക്ക് വന്ന വാട്ട്സാപ്പ് കോളിൽ സമീറ മുഖം ചേർത്തു.
“ചേച്ചി ….. അവരൊക്കെ വരൂല്ലേ ?
ഫോൺ അവസാനിച്ചപ്പോൾ ശുഭ ചോദിച്ചു.
ആരും വരില്ല ശുഭ ” നമ്മൾ മാത്രം.
സമീറ മറുപടി പറഞ്ഞു.
അപ്പോഴേയ്ക്കും വിവരമറിഞ്ഞ്
ജിൻസിയും, മരിയറ്റും വന്നു. വീട് വൃത്തിയാക്കുന്നതിനിടയിൽ അമ്മച്ചിയെയും കൊണ്ട് ജോണിച്ചനും, ആൾക്കാരും എത്തി. ഒപ്പം ലൈവ് സ്ട്രീമിങ്ങ് ടീമും .അവർ ക്യാമറ അമ്മച്ചിടെ മുഖത്തേക്ക് സെറ്റ് ചെയ്തു.
“സമീറ…. ഒന്നിനും ഒരു കുറവുമുണ്ടാവരുത്.
സ്ഥലം എം.എൽ.എ യോടൊപ്പം ഒരു സെലിബ്രിറ്റിയെയും ഫ്യൂണറലിന് എത്തിക്കാനുള്ള ഏർപ്പാട് ജോർജ്‌ജച്ചയാൻ റെഡിയാക്കുന്നുണ്ട്. സമീറ ഒന്നും വിചാരിക്കരുത്.ഒഴിവാക്കാൻ പറ്റാത്ത തെരക്കുണ്ടായിട്ടാ ഞങ്ങൾ വരാത്തത് . പ്രത്യേകിച്ച് സമീറയ്ക്കറിയാല്ലോ , ഞാനും ജോർജ്ജച്ചായനും തുടങ്ങിയ വേൾഡ് ടൂർ കമ്പനി. അതിന്റെ സ്റ്റാർട്ടിങ്ങ് പ്രോഗ്രാമാണ് നാളെ . അമ്മച്ചീടെ വല്ല്യാഗ്രഹമായിരുന്നു സന്തോഷ് ജോർജ് കുളങ്ങരേടെ സഞ്ചാരം പോലെ ഞങ്ങടെ കമ്പനീം ലോകം
മുഴുവനറിയണമെന്ന്.ഒരു തരത്തിലും ഞങ്ങൾക്ക് …..ഇളയ മകൻ ജോർഡിയുടെ വാക്കുകൾ മുറിഞ്ഞു. സമീറ മറുപടി പറയാതെ അമ്മച്ചിയുടെ മെലിഞ്ഞ നെഞ്ചിലേക്ക് നോക്കിയിരുന്നു.
സമീറ…. , ജോണിച്ചേട്ടൻ അരികിലെത്തി.
എന്താ ജോണിച്ചേട്ടാ ….
അമ്മച്ചീടെ പേരെന്നാ ? ഇടവകേലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇടണ്ടെ? പിന്നെ പത്രത്തിൽ കൊടുക്കണ്ടെ.?
രണ്ടുവർഷം മുമ്പ് സമീറ ആദ്യമായ് അമ്മച്ചിയെ കണ്ട സമയം ഓർത്തു.
കൺകോണുകളിൽ കാക്കക്കാലടയാളങ്ങൾ തെളിഞ്ഞ് ചിരിക്കുന്ന മുഖം . നനഞ്ഞ പഞ്ഞിത്തണുപ്പാർന്ന കൈ തന്റെ കവിളിൽ തൊട്ട് അമ്മച്ചി ചോദിക്കുന്നു.
മോടെ പേര്?
സമീറ ഈപ്പൻ.
അമ്മച്ചീടെ പേര്?
അമ്മച്ചി ചിരിച്ചു.
തൊണ്ണൂറ് കഴിഞ്ഞ എന്നെ മോളിനി അമ്മച്ചീന്ന് വിളിച്ചാ പോരെ . മോളിപ്പോ വാങ്ങിയ സ്ഥലോം വീടും ജോർഡീടപ്പന്റെ അനിയന്റെയാ . അവരൊക്കെ ഇവിടം വിട്ട് പോയി. എല്ലാരും അങ്ങ് അമേരിക്കേലാ.
അന്ന് മുതൽ അമ്മച്ചീന്ന് വിളിച്ചാണ് ശീലം.
“നിങ്ങളൊക്കെ ഇവിടെ പണ്ടേ ഉള്ള ആൾക്കാരല്ലെ ജോണിച്ചേട്ടാ . നിങ്ങക്കറിഞ്ഞൂടെ പേര്?”
സമീറ ചോദിച്ചു.
“അതിപ്പം സമീറാ . ഞങ്ങളെല്ലാം കൊച്ചുന്നാള് മൊതലേ മണിക്കൊമ്പേലമ്മച്ചീന്നാ വിളിച്ചോണ്ടിരുന്നേ.സ്കൂളിന്റടുത്തുള്ള വീടായത് കാരണം വെളിക്കിരിക്കുന്നതടക്കം ഈ പറമ്പിലായിരുന്നു. സ്കൂള് വിട്ടാ ഈ പറമ്പി കേറാതെ ഒറ്റ പിള്ളാരും പോകൂല്ല. ഒള്ള ചക്കേം, മാങ്ങേം, മുഴുവൻ തല്ലിപ്പറിച്ച് പറമ്പിലെ കൊളത്തിലും ചാടി മറിഞ്ഞാ ഞങ്ങള് പോകുന്നത്. എന്തു ചെയ്താലും അമ്മച്ചി ഒന്നും മിണ്ടൂല. നോക്കി നിന്ന് ചിരിക്കും. അന്ന് മുതലേ എല്ലാരും ഇങ്ങനത്തന്നാ വിളിച്ചോണ്ടിരുന്നെ. വീട്ടില് ചോയ്ക്കാന്ന് വിചാരിച്ചാ അപ്പന് ഓർമേം ബോധോമില്ല ”
ഇനി?
സമീറ മുഖമുയർത്തി.
ജോണിച്ചേട്ടൻ മുറ്റത്തേക്കിറങ്ങി.
സമീറ അടുക്കളയിലേക്ക് നടന്നു.
നാണിത്തള്ളയും, കുട്ടിമാണിയും ഉണ്ട്.
രണ്ട് കണ്ണീർത്തോടുകൾ കൈകോർത്തൊഴുകാൻ തയ്യാറായി നിൽക്കുന്നുണ്ട്.
” നാണിയമ്മയ്ക്കറിയ്യോ ഇവിടുത്തെ അമ്മച്ചീടെ പേര്?
നാണിയമ്മ കുട്ടിമാണിയുടെ മുഖത്തേക്ക് നോക്കി. ശേഷം പറഞ്ഞു തുടങ്ങി.
” ഞാനും എവളും മുന്നെപ്പിന്നെ വന്നു കേറീതാ ഈ പെരേല് . അന്നേരെ കേക്കുന്നതാ അമ്മച്ചീന്നുള്ള വിളി . ഇവിടുത്തെ ചാച്ചൻ ഞാള് വരും മുമ്പേ മരിച്ചിന് .അതോണ്ട് ആരും അമ്മച്ചീനെ പേര് വിളിച്ച് കേട്ടിട്ടില്ല. അമ്മച്ചീന്ന് വിളിച്ചൊരു വെഷമം പറഞ്ഞാ ഇതുവരേം സാധിച്ച് തരാതിരുന്നിട്ടില്ല. ”
നാണിയമ്മയുടെ കണ്ണുകൾ പ്രതിരോധം വകവയ്ക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി.
അകമുറിയിലേക്ക് നടക്കും വഴി സമീറ ചിന്തിച്ചു.
തനിക്കാരായിരുന്നു അമ്മച്ചി?. മഴ പൊടിയുന്ന രാത്രികളിൽ സാജൻ വരാതെ ഒറ്റയ്ക്കിരുന്ന് തണുക്കുമ്പോ മടി കൂടാതെ കേറിച്ചെല്ലാൻ ഒരു കമ്പിളിക്കൂട്. പഴങ്കഥകളുടെ ചില്ലലമാരകൾ അമ്മച്ചി മെല്ലെ തുറക്കും. കട്ടപ്പനേല് മഞ്ഞ് പറന്നിറങ്ങുന്നതും നോക്കി കുടിയേറ്റക്കഥകളുടെ കെട്ടഴിക്കും. പിള്ളാരടപ്പൻ എന്ന് പറഞ്ഞോണ്ട് മധുരാനുഭൂതികളുടെ ചന്ദ്രക്കല മുഖത്ത് തെളിക്കും. ജോർഡിയുടെയും, ജോർജ്ജച്ചായന്റെ കഥ പറയുമ്പോൾ തന്റെ ഉള്ളിലുയരാൻ സാധ്യതയുള്ള എല്ലാ ആഗ്രഹങ്ങളെയും എച്ച്.ഡി കളറിലാക്കിക്കൊണ്ട് അമ്മച്ചി ചോദിക്കും. എന്റെ മക്കൾക്ക് പെണ്ണന്വേഷിച്ചപ്പോ കുട്ടിക്കാനത്ത് ഒളിച്ചിരിക്കുവായിരുന്നോ നീ? നേരാണ്. അന്നീ കണ്ണിന്റെ മുമ്പില് പെട്ടായിരുന്നേല് ചങ്കുപൊട്ടിപ്പറയുന്ന നേരത്തൊക്കെ കെട്ടിപ്പിടിക്കാനും, പൊട്ടിക്കരയാനും സ്വന്തം വീട്ടിലേക്ക് പറക്കണ്ടായിരുന്നു. എല്ലാ ദിവസവും സാജൻ വൈകിയെത്തുന്നതിന്റെ കാരണം ഇതുവരെ അമ്മച്ചി ചോദിച്ചിട്ടില്ല. പുതുവേര് പൊട്ടാത്ത തന്റെ അടിവയറിനെ നോക്കി വേദനിപ്പിച്ചിട്ടില്ല. തനിക്ക് സങ്കടം വരുന്നുണ്ടോ? ഇനിയാരും ഈ നാട്ടിൽ ഇത്ര സ്നേഹത്തോടെ തന്നെ കെട്ടിപ്പിടിക്കാനില്ല.
സമീറ ഓർത്തു.
ജോണിച്ചേട്ടൻ കത്തിച്ച
മെഴുകുതിരിക്കാലുകളുമായി വരുന്നത് കണ്ടു.
സമീറ ജോർഡിയെ വിളിച്ച് പേര് ചോദിച്ചോ?
“ഇപ്പം വിളിക്കാം ജോണിച്ചേട്ടാ …
സമീറ ഫോൺ കൈയിലെടുത്തു. വാട്ട്സാപ്പ് കോളിൽ ജോർഡിയുടെ പേര് മിന്നിമറഞ്ഞ് പോയി. അമ്മച്ചീടെ ആഗ്രഹ പൂർത്തീകരണത്തിനായ് വേൾഡ് ടൂർ എന്ന വലിയ സ്വപ്നത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന കമ്പനിയുടമയുടെ മറുപടി കാക്കാതെ സമീറ ജോണിച്ചേട്ടനോട് പറഞ്ഞു.
പേര്
മണിക്കൊമ്പേലമ്മച്ചി.
ജനനം
20.4.1925
മരണം
10.12.2023.

nishaantony2683@gmail.com

Latest