ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കാന്‍ ഒരു ദിനം
സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറക്കുന്നതാണ് അല്‍ഷിമേഴ്സിന്റെ ആദ്യ ലക്ഷണങ്ങള്‍.
എല്ലാ വര്‍ഷവും സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അല്‍ഷിമേഴ്സ് എന്ന രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും രോഗനിര്‍ണയത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1994 സെപ്തംബര്‍ 21 ന് എഡിന്‍ബറോയില്‍ നടന്ന എഡിഐയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സമയത്താണ് ലോക അല്‍ഷിമേഴ്സ് ദിനം ആദ്യമായി ആചരിച്ചത്. 1984-ല്‍ സ്ഥാപിതമായ സംഘടനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിച്ചത്. സെപ്തംബറിനെ അള്‍ഷിമേഴ്‌സ് മാസമായും സെപ്തംബര്‍ 21നെ അള്‍ഷിമേഴ്‌സ് ദിനമായും ലോകമെമ്പാടും ആചരിച്ചുവരികയാണ്.
ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഇല്ലാതാക്കുന്നതിനും അല്‍ഷിമേഴ്സ് ബാധിച്ച ആളുകളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്. എഡിഐ ലോകമെമ്പാടുമുള്ള അല്‍ഷിമേഴ്സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ മെച്ചപ്പെട്ട നയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
‘Never too early, never too late’ എന്നാണ് ഈ വര്‍ഷത്തെ ലോക അല്‍ഷിമേഴ്സ് ദിനത്തിന്റെ സന്ദേശം. രോഗിയെ നേരെത്തെ തിരിച്ചറിയുക, കൃത്യമായ പരിചരണം നല്‍കുക, ബന്ധുക്കളും രോഗിപരിചാരകരും രോഗത്തെ മറക്കാതിരിക്കുക എന്നത് പ്രധാനമാണ്.
അല്‍ഷിമേഴ്സ് തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്സ് രോഗിയായിത്തീരുന്നത്. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാന്‍ കഴിയില്ല. മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളില്‍ ഒന്നുമാത്രമാണ് അല്‍ഷിമേഴ്സും. അല്‍ഷിമേഴ്സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍, എച്ച്.ഐ.വി അണുബാധ, പാര്‍ക്കിന്‍സണ്‍സ് രോഗം, രക്താര്‍ബുദമായ ലിംഫോമ എന്നീ നിരവധി രോഗങ്ങളുടെ ഭാഗമായി രോഗിക്ക് മറവി അനുഭവപ്പെടാം. എന്താണ് മറവി രോഗത്തിന്റെ കാരണം എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
2020ല്‍ 5.8 ദശലക്ഷം അമേരിക്കക്കാര്‍ അല്‍ഷിമേഴ്‌സ് രോഗവുമായി ജീവിക്കുന്നതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു. 65 വയസ്സിനുശേഷവും ഓരോ 5 വര്‍ഷത്തിലും രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നു. അല്‍ഷിമേഴ്സിന്റെയും മറ്റ് തരത്തിലുള്ള ഡിമെന്‍ഷ്യയുടെയും ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. ഹ്രസ്വകാല ഓര്‍മ്മശക്തി കുറയുകയോ സമീപകാലത്ത് സംഭവിച്ച സംഭവങ്ങള്‍ മറക്കുകയോ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. അല്‍ഷിമേഴ്സ് ഉള്ള ആളുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയും ലളിതമായ ജോലികള്‍ പോലും ചെയ്യാന്‍ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നു.
സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറക്കുന്നതാണ് അല്‍ഷിമേഴ്സിന്റെ ആദ്യ ലക്ഷണങ്ങള്‍. കാലക്രമേണ, ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും ദൈനംദിന ജോലികള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. ഈ ന്യൂറോളജിക് ഡിസോര്‍ഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, വിഷാദം, തലയ്‌ക്കേല്‍ക്കുന്ന ആഘാതം എന്നിവയും അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യതകളില്‍പ്പെടുന്നു. അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. അതില്‍ വ്യായാമത്തിന് മുഖ്യപങ്കുണ്ട്. വ്യായാമം ചെയ്യുന്നത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. പതിവ് വ്യായാമത്തിന് അല്‍ഷിമേഴ്സ് സാധ്യത 50 ശതമാനം കുറയ്ക്കാന്‍ സാധിക്കും. നടത്തം, നീന്തല്‍ എന്നിവ ആരോഗ്യത്തിന് ഗുണം ചെയ്യും.
സിട്രസ് പഴങ്ങള്‍, അവാക്കാഡോ, പയര്‍ എന്നിവ പോലുള്ള ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഫോളിക് ആസിഡ് സപ്ലിമെന്റുകളും കഴിക്കുന്നതും നല്ലതാണ്. ഫോളിക് ആസിഡ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 12, മത്സ്യ എണ്ണ എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ സമീകൃതാഹാരവും ശീലമാക്കണം.
സമ്മര്‍ദ്ദം നിയന്ത്രിക്കുകയും വേണം. സമ്മര്‍ദം നാഡീകോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ഓര്‍മ്മ കുറയ്ക്കുകയും ചെയ്യും. ഇത് അല്‍ഷിമേഴ്സിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നടത്തം, സംഗീതം കേള്‍ക്കുക എന്നിവയെല്ലാം സമ്മര്‍ദം കുറയ്ക്കാന്‍ നല്ലതാണ്.
സാമൂഹികമായ ഇടപെടലുകള്‍ അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒറ്റപ്പെട്ട് ജീവിക്കാതെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുന്നതിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.