Editors Pick
മരുഭൂമിയാകുന്ന ഭൂമി
മഴക്കാലത്ത് തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴ ഉരുള്‍പൊട്ടലായും പ്രളയമായും മാറി മനുഷ്യജീവനുകളെടുക്കുന്നു.
ഇന്ന് ലോക പരിസ്ഥിതി ദിനം. നമ്മുടെ ഭൂമി മരുഭൂമി ആവുകയാണോ എന്ന ആശങ്കയുമായാണ് ദിവസങ്ങള്‍ കടന്നു പോകുന്നത്.
മുറികളില്‍ മാത്രമല്ല വാഹനങ്ങളിലും എയര്‍ കണ്ടീഷണറുകള്‍ ഫിറ്റുചെയ്ത് നാം അതികഠിന ചൂടിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴും പുറത്തിറങ്ങിയാല്‍ തിളച്ചുപൊന്തുന്ന വെയിലില്‍ വരളുന്ന ഭൂമിയെയാണ് കാണാന്‍ സാധിക്കുക.
മഴക്കാലത്ത് തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴ ഉരുള്‍പൊട്ടലായും പ്രളയമായും മാറി മനുഷ്യജീവനുകളെടുക്കുന്നു. ഓരോ വര്‍ഷകാലത്തും സ്വന്തം വീട് വെള്ളത്തിനു വിട്ടുകൊടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ട മനുഷ്യരുടെ എണ്ണം ആയിരക്കണക്കിനടുത്ത് വരും.
അനുദിനം വര്‍ദ്ധിക്കുന്ന സൂര്യതാപം നമ്മുടെ ഗ്രഹത്തെ മരുഭൂമിയായി മാറ്റുമോ എന്ന ആശങ്ക പങ്കുവെക്കാനും പരിഹാരങ്ങള്‍ ആരായാനും വേണ്ടിയാണ് 2024 ലെ പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ ഒത്തു ചേരുന്നത്. ഓരോ വര്‍ഷവും ഓരോ രാഷ്ട്രം ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നതാണ് രീതി. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയര്‍.
1972-ല്‍ ഐക്യരാഷ്ട്രസഭയുടെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സില്‍ വെച്ചാണ് യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ച പ്രമേയം പാസാക്കുന്നത്. ഇതുവരേയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജീവനുള്ള ഒരേയൊരു ഗ്രഹമായ ഭൂമിയെ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഓരോ വര്‍ഷവും ഓരോരോ രാജ്യങ്ങള്‍ ആതിഥേയരായി ഈ ദിനം ആചരിച്ചുവരുന്നു.
ഓരോ പരിസ്ഥിതി ദിനത്തിനും മഹത്തായ ലക്ഷ്യങ്ങളുണ്ട്
- പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക.
- പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വ്യക്തികളെയും സാമൂഹ്യപ്രവര്‍ത്തകരേയും സംഘടനകളെയും അണിനിരത്തുക.
- ദൈനംദിന ജീവിതത്തിലും വ്യവസായങ്ങളിലുടനീളം പരിസ്ഥിതി സൗഹൃദ ശീലങ്ങളും സാങ്കേതികവിദ്യകളും സ്വീകരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുക.
- കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ ആഗോള പാരിസ്ഥിതിക വെല്ലുവിളികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക.
- പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനായി രാജ്യങ്ങളും സംഘടനകളും കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷിക്കാനും സുസ്ഥിര വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നയങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണത്തിലും ഈ പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരതയിലും വ്യക്തികളുടെയും സംഘടനകളുടെയും രാജ്യങ്ങളുടെയും പരിശ്രമങ്ങളും അതിന്റെ വിജയങ്ങളും തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക.
- യുവാക്കളെയും പ്രാദേശിക സമൂഹങ്ങളെയും പാരിസ്ഥിതിക സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തുക, ഭൂമി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തബോധം വളര്‍ത്തുക.
ഭൂമിയെന്ന ജീവന്റെ ആലയം സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റേയും കടമയാണെന്ന സന്ദേശം ഈ ദിനം നല്‍കുന്നുണ്ട്. വിശേഷബുദ്ധിയുള്ള ജീവിയായ മനുഷ്യന് ഈ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനുമാവില്ല.