Kerala
മദ്യപിക്കുന്നതിനിടെ തര്‍ക്കം; മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു
സംഭവത്തില്‍ അയല്‍വാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്| മുണ്ടൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുണ്ടൂരിലെ കുമ്മംകോട് എന്ന പ്രദേശത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മണികണ്ഠന്‍. മണികണ്ഠന്റെ ഭാര്യ പിണങ്ങിപ്പോയതാണ്. അദ്ദേഹത്തിന് ചില മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത് താമസിക്കുന്ന വിനോദും സഹോദരനും മണികണ്ഠനെ മദ്യപിക്കാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെ മണികണ്ഠന്‍ മരിച്ചുകിടക്കുന്നത് ഇതുവഴി പോയ അയല്‍വാസി കാണുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയായ വിനോദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. വിനോദിന്റെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.