Connect with us

National

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം; ക്വട്ടേഷന്‍ നല്‍കിയത് നഴ്‌സിന്റെ ഭര്‍ത്താവെന്ന് പിടിയിലായ ആളുടെ മൊഴി

ഡോക്ടര്‍ക്ക് നഴ്‌സുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പിടിയിലായ ആള്‍ മൊഴി നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവച്ച് കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാളിന്ദി കുഞ്ച് ജായിത്പൂരിലെ നിമ സ്വകാര്യ നഴ്സിങ് ഹോമിലാണ് 55കാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്തിയത്. ഡോക്ടറെ കൊലപ്പെടുത്താല്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ഥാപനത്തിലെ ഒരു നഴ്‌സിന്റെ ഭര്‍ത്താവാണെന്നാണ് പിടിയിലായ ആള്‍ പറയുന്നത്.

ഡോ.ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. ഡോക്ടര്‍ക്ക് നഴ്‌സുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പിടിയിലായ ആള്‍ പോലീസിന് മൊഴി നല്‍കിയത്. ഡോക്ടറെ കൊലപ്പെടുത്തിയാല്‍ തന്റെ മകളെ വിവാഹം ചെയ്ത് തരാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തതായും പിടിയിലായ ആള്‍ മൊഴി നല്‍കിയതായി ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ നിമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദ് അക്തര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് കൗമാരക്കാരെത്തിയാണ് കൊലപാതകം നടത്തിയത്. കൗമാരക്കാരിലൊരാള്‍ ആശുപത്രിയിലെത്തി മുറിവ് അഴിച്ചുകെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് അഴിച്ചുകെട്ടി കൊടുത്തതിന് ശേഷം മരുന്നിന്റെ ലിസ്റ്റ് ആവശ്യപ്പെട്ട് ഇവര്‍ ഡോ.ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോകുകയായിരുന്നെന്നും പിന്നീട് വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്.