Kerala
ആലുവയില്‍ 15 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായുടെ കടിയേറ്റ എല്ലാവരും ആന്റി റാബീസ് വാക്‌സിന്റെ തുടര്‍ ഡോസുകള്‍ നിര്‍ത്താതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
ആലുവ | ആലുവ കെഎസ്ആര്‍ടിസി പരിസരത്ത് 15 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ 15 പേര്‍ക്കായിരുന്നു കടിയേറ്റത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിട്ടാണ് നായ ആളുകളെ കടിച്ചത്. തുടര്‍ന്ന് നഗരസഭ പിടികൂടിയ നായ ഇന്നലെ ചത്തിരുന്നു. പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ എല്ലാവര്‍ക്കും ആന്റി റാബീസ് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിയിരുന്നു. നിലവില്‍ പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടിയേറ്റവരെല്ലാം ആന്റി റാബീസ് വാക്‌സിന്റെ തുടര്‍ ഡോസുകള്‍ നിര്‍ത്താതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
അതേസമയം നഗരസഭ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ കണ്ടെത്തി പേവിഷത്തിനെതിരായ കുത്തിവെപ്പ് നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.