National
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരു ഡസന്‍ ചീറ്റകൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
ഭോപ്പാല്‍ | ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരു ഡസന്‍ ചീറ്റകളെ കൂടി അടുത്ത മാസം ഇന്ത്യയിലേക്ക് കൊണ്ടുവരും. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാകും ഇവരെ പാർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതായി ഇന്ത്യയുടെ ചീറ്റപ്പുലി പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറഞ്ഞു.
ഏഴ് ആണും അഞ്ച് പെണ്ണുമടക്കം 12 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവരുന്നത്. ചീറ്റകള്‍ ഫെബ്രുവരി പകുതിയോടെ ഇന്ത്യയില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ഓരോ ചീറ്റകയെയും പിടികൂടുന്നതിന് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് 3,000 ഡോളര്‍ നല്‍കേണ്ടിവരും.
ഇന്ത്യന്‍ വന്യജീവി നിയമങ്ങള്‍ അനുസരിച്ച്, മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ദീര്‍ഘ നാളത്തെ ക്വാറന്റൈന്‍ മൂലം ചീറ്റകൾക്ക് ഫിറ്റ്‌നസ് നഷ്ടപ്പെടുമെന്ന പേടിയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.
സെപ്തംബര്‍ 17-ന് തന്റെ 72-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നിരുന്നു. അഞ്ച് പെൺചീറ്റകൾ അടക്കം എട്ട് ചീറ്റകളെയാണ് അന്ന് കൊണ്ടുവന്നത്. 2009ൽ യുപിഎ ഭരണകാലത്ത്, മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് ചീറ്റയെ ഇന്ത്യയില്‍ പുനരവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ചീറ്റ പദ്ധതി’ ആരംഭിച്ചത്.