DRUG MAFIA
താമരശേരി കൂരിമുണ്ടയില്‍ മയക്കുമരുന്ന് സംഭരണ കേന്ദ്രം കണ്ടെത്തി
ആയുധധാരികളേയും നായകളേയും കാവല്‍ നിര്‍ത്തിയാണ് ഇവിടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് | താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ മയക്കുമരുന്ന് സംഭരണ കേന്ദ്രം കണ്ടെത്തി. ഷെഡ് കെട്ടിയുണ്ടാക്കി ഇവിടെ മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമാണു നടക്കുന്നത്.
ആയുധധാരികളേയും നായകളേയും കാവല്‍ നിര്‍ത്തിയാണ് ഇവിടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പോലീസ് മയമക്കുമരുന്ന് സംഭരണകേന്ദ്രം കണ്ടെത്തിയത്.
അവലമുക്ക് കൂരിമുണ്ട സ്വദേശി മന്‍സൂറിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാരെ മര്‍ദിക്കാനും ശ്രമിച്ചു. വീട്ടില്‍ സി സി ടി വി സ്ഥാപിച്ചതിനായിരുന്നു ആക്രമണം.
15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ഇര്‍ഷാദിന് അടിയും വെട്ടുമേറ്റു. ഇര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
തുടര്‍ന്നു മന്‍സൂറിന്റെ വീടിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതു കൂടാതെ പോലീസിന് നേരെ കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.