swapna revelation
യു എ ഇ പൗരനെ 'തീവ്രവാദി'യാക്കി സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ നടത്തിയത് തെറ്റായ ആരോപണം
ഗസാന്‍ മുഹമ്മദ് അലാവി കേരളത്തില്‍ നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചിട്ടില്ല; കോടതി ജാമ്യം നല്‍കിയത് ഇത് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍
കൊച്ചി | സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു എ ഇ പൗരനെ ‘തീവ്രവാദിയാക്കി’, അദ്ദേഹത്തെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു എന്ന തരത്തില്‍ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണം പച്ചക്കള്ളം. യു എ ഇ പൗരനായ ഗസാന്‍ മുഹമ്മദ് അലാവി അല്‍ ജെഫ്രിക് അഷാഷ്മിയുടെ പേരിലുള്ള എഫ് ഐ ആര്‍ റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. ഗസാന്‍ മുഹമ്മദ് അലാവി കേരളത്തില്‍ വച്ച് നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് എഫ് ഐ ആര്‍ റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
2017ലാണ് യു എ ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗസാന്‍ മുഹമ്മദ് അലാവി കൊച്ചി വിമാനത്താവളത്തില്‍ തുറായ എന്ന ഫോണുമായി സി ഐ എസ് എഫിന്റെ പിടിയിലായത്. ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറാനിരിക്കെയായിരുന്നു അറസ്റ്റ്. പിന്നീട് കോണ്‍സുലേറ്റ് നല്‍കിയ സത്യവാങ്മൂലം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിശോധിക്കുകയും ജാമ്യം നല്‍കുകയും രാജ്യം വിടാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഗസാന്‍ മുഹമ്മദ് അലാവി എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഗസാന്‍ മുഹമ്മദ് സംസ്ഥാനത്ത് വച്ച് നിരോധിത ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുര്‍ന്ന് 2019ല്‍ കോടതി എഫ് ഐ ആര്‍ റദ്ദാക്കുകയായിരുന്നു. മാത്രമല്ല, ഗസാന്‍ മുഹമ്മദിനെ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നതായും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും യു എ ഇ കോണ്‍സുലേറ്റ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിയമപരമായ വിഷയം കോടതികളാണ് കൈകാര്യം ചെയ്തതെന്നും അതില്‍ സംസ്ഥാനസര്‍ക്കാരിന് പങ്കില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.