National
ജയ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു
തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജയ്പൂര്‍| രാജസ്ഥാനിലെ ജയ്പൂരില്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിന് തീപിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു. ജസ്ല ഗ്രാമത്തിലെ ചേരിയിലാണ് സംഭവം.
ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ജയ്പൂരിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ്. തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പോലീസും ഫോറന്‍സിക് സംഘവും അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം അറിയിച്ചു.