Uae
രാജ്യത്തെ ശിക്ഷാ സ്ഥാപനങ്ങള്‍ക്കായി ഫെഡറല്‍ നിയമം പുറപ്പെടുവിച്ചു
ശുചിത്വവും ഭക്ഷ്യ സുരക്ഷയും, ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഔട്ട്ഡോര്‍ ആസ്വദിക്കാനുള്ള അവസരങ്ങള്‍ എന്നിവയും നിയമം പരാമര്‍ശിക്കുന്നു.
അബൂദബി| രാജ്യത്ത് ഫെഡറല്‍ പീനല്‍, തിരുത്തല്‍ സ്ഥാപനങ്ങള്‍ സംബന്ധമായി യു എ ഇ സര്‍ക്കാര്‍ ഫെഡറല്‍ ഡിക്രി നിയമം പുറപ്പെടുവിച്ചു. ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, ശിക്ഷാ, തിരുത്തല്‍ സ്ഥാപനത്തില്‍ തടവുകാരനെ പാര്‍പ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കുന്നതാണ് നിയമം. തടവുകാരന് വിചാരണക്ക് മുമ്പ് പ്രത്യേക നിയന്ത്രണങ്ങള്‍ക്കനുസൃതമായി അഭിഭാഷകനെ കാണാനും തന്റെ എംബസിയുമായോ നയതന്ത്ര ദൗത്യവുമായോ ആശയവിനിമയം നടത്താനുള്ള അവകാശം നിയമം വ്യക്തമാക്കുന്നുണ്ട്.
അന്തേവാസികള്‍ക്കുള്ള ആരോഗ്യ സാമൂഹിക സംരക്ഷണ മേഖലകള്‍, അവരുടെ, വിദ്യാഭ്യാസം, ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങളുടെ സമീപനം ഏകീകരിക്കല്‍, തടവുകാരുടെ അവകാശങ്ങളെയും പുനരധിവാസത്തില്‍ അവരുടെ പങ്ക് തുടങ്ങിയവയും ഇതിന്റെ പരിധിയില്‍ വരും. ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുമ്പോള്‍, അവരുടെ ശേഷി, തരം, സ്പെഷ്യലൈസേഷന്‍, പൊതുസേവന മേഖലകളുമായുള്ള സാമീപ്യം എന്നിവ പരമാവധി കണക്കിലെടുക്കണമെന്നും ഗര്‍ഭിണികളായ അന്തേവാസികള്‍ക്കോ കുട്ടികളോടൊപ്പമുള്ളവര്‍ക്കോ ഉള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും നിയമം അനുശാസിക്കുന്നു.
സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളുമായി ഏകോപിപ്പിച്ച്, അന്തേവാസികള്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും നല്‍കുന്നതിനോ സ്ഥാപനത്തിനുള്ളിലോ ആശുപത്രികളിലോ അവരെ ചികിത്സിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ജയില്‍ കേന്ദ്രങ്ങള്‍ നടത്തണം. ശുചിത്വവും ഭക്ഷ്യ സുരക്ഷയും, ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഔട്ട്ഡോര്‍ ആസ്വദിക്കാനുള്ള അവസരങ്ങള്‍ എന്നിവയും നിയമം പരാമര്‍ശിക്കുന്നു.