Connect with us

MT VASUDEVAN NAIR

നിള പോലെയൊരു വികാരം

അര നൂറ്റാണ്ടിലധികം കാലം കോഴിക്കോട് നഗരത്തില്‍ ജീവിക്കുന്നതിനാലാവണം, കോഴിക്കോട്ടുകാരുടെ നാടന്‍ ശൈലിയിലാണ് അദ്ദേഹം സംസാരിക്കാറ്. നര്‍മ്മശകലങ്ങള്‍ ധാരാളമായി അതിലുണ്ടാകാം. എന്നാല്‍ സാര്‍വദേശീയമായ ഒരു ആധികാരികത അതിനുണ്ടാകും. ഫ്രഞ്ച് , ലാറ്റിന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നുമാത്രമല്ല ലോക രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഉദ്ദരണികളും അനുഭവങ്ങളും താരതമ്യങ്ങളും അതിലുണ്ടാകും.

Published

|

Last Updated

രണ്ടു കുന്നുകള്‍ക്കിടയിലൂടെ നിളയൊഴുകുന്ന കൂടല്ലൂരിലാണ് എം.ടിയെന്ന ര‌ണ്ടക്ഷരത്തില്‍ അക്ഷരമറിയാവുന്ന മലയാളികള്‍ക്ക് മുഴുവൻ പരിചിതനായ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ പിറന്നത്. നാലക്ഷരം വായിക്കുന്ന മലയാളികള്‍ക്ക് നിള പോലെയൊരു വികാരമാണ് എംടിയും.

ഞാനൊക്കെ ജനിക്കുന്നതിന് വളരെ മുമ്പേ എം.ടി കോഴിക്കോട് നഗരത്തിലുണ്ട്. പുസ്തകം വായിച്ചു തുടങ്ങിയ കൗമാരപ്രായം തൊട്ട് എന്‍റേയും സുഹൃത്തുക്കളുടേയും_ വായനയിലും എം.ടിയുണ്ട്.

എം.ടിയെഴുതുന്നത് സ്വന്തം തറവാടിനെക്കുറിച്ചും കൂട്ടുകുടുംബത്തിലെ ദാരിദ്ര്യത്തെക്കുറിച്ചുമാവാം. സാധാരണമായി കൈയിൽ വരേണ്ട സൗഭാഗ്യം നഷ്ടപ്പെട്ട ഒരാളെക്കുറിച്ചായിരിക്കാം. അത് നാടാകാം സ്വന്തം തറവാടാകാം, തറവാട്ടിലെ മുറപ്പെണ്ണിനോടുള്ള പ്രണയമാകാം. എം.ടിയുടെ രചനകളെല്ലാം തന്നെ, അത് നാലുകെട്ടോ, കാലമോ, ബൃഹത്തായ രണ്ടാമൂഴമോ ആകട്ടെ ഒരു തറവാടിന്‍റെ ഉള്ളിലെ സംഘര്‍ഷങ്ങളാണെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, അപ്പുണ്ണിയേയും സേതുവിനേയും പോലെ രണ്ടാമൂഴത്തിലെ ഭീമസേനനും‌ മലയാളിക്ക് താന്‍ തന്നെയായി അനുഭവപ്പെടുന്നിടത്താണ് എം.ടിയുടെ എഴുത്തുകളുടെ പ്രസക്തി.

‘രണ്ടാമൂഴം’ പോലൊരു നോവലിനു വേണ്ടി എഴുത്തുകാരന്‍ ഏറെക്കാലം ഗവേഷണം നടത്തിയിട്ടുണ്ട്. പല ഭാഷയിലുമുള്ള ലഭ്യമായ മഹാഭാരതപഠനങ്ങളും മറ്റും സംഘടിപ്പിച്ചു വായിച്ചിട്ടുണ്ട്. ഏറെ നോട്ടുകളെഴുതിയിട്ടുണ്ട്. എല്ലാറ്റിനുമൊടുവില്‍ അദ്ദേഹം കണ്ടെടുത്തത്. രണ്ടാമൂഴക്കാരനും ശരീരബലം കൊണ്ടുമാത്രം പ്രസക്തനുമായ ഭീമസേനനെന്ന ഏകാകിയുടെ മനസ്സും ജീവിതവുമാണ്. ആ ഏകാകിയായ മനുഷ്യനില്‍ മലയാളി തന്നെത്തന്നെ കണ്ടെത്തുന്നതിനാലാണ് നോവല്‍ പ്രിയപ്പെട്ടതാകുന്നത്.

തിരക്കഥയിലും എം.ടിയെന്ന എഴുത്തുകാരന്‍ വ്യക്തിയുടെ മനസ്സും അയാളുടെ പ്രസക്തിയും‌ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. എം.ടിയുടെ ചന്തു കുഞ്ചാക്കോയും അപ്പച്ചനും ആവിഷ്കരിച്ച വടക്കന്‍പാട്ട് സിനിമയിലെ വീരപുരുഷനല്ലാതാകുന്നത് അങ്ങനെയാണ്. അയാള്‍ ഗുണവും ദോഷവും വീഴ്ചയും ഉയര്‍ച്ചയുമുള്ള ഒരു മനുഷ്യനാകുന്നു. എന്നാല്‍ ഇതിനായി ചന്തുവെന്ന കഥാപാത്രത്തിനെ തന്‍റേതായി നൂലില്‍കെട്ടിയിറക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. വടക്കന്‍പാട്ടിനെതന്നെ യുക്തികൊണ്ട് നിര്‍വചിക്കുകയാണ്. രണ്ടാമൂഴത്തില്‍ വ്യാസന്‍റെ മൗനങ്ങളെ പൂരിപ്പിച്ചപോലെ തന്നെ. അതിനാല്‍ തന്നെ ഭീമന്‍റേയും ചന്തുവിന്‍റേയും അസ്തിത്വത്തെ നിങ്ങള്‍ക്ക് യുക്തികൊണ്ട് ഖണ്ഡിക്കാനാവില്ല. വൈകാരികമായുള്ള‌ അടുപ്പം കൊണ്ട് അവരെ തിരസ്കരിക്കാനുമാവില്ല. അതാണ് എം.ടിയുടെ രചനകളുടെ പ്രത്യേകത.

സര്‍ഗാത്മക സാഹിത്യകാരനായ എം.ടിയെ മാത്രമേ പലര്‍ക്കും പരിചയമുണ്ടാവുകയുള്ളു. എം.ടിയെന്ന പ്രാസംഗികനെ ഞാനാദ്യമായി‌ കാണുന്നത്, 1996 ല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഒരു പ്രതിഷേധ യോഗത്തിലാണ്. പി.ജെ.ആന്‍റണിയുടെ ‘ ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് ” എന്ന നാടകവും നിക്കോസ് കസന്‍ദ്സാക്കീസിന്‍റെ ‘The last temptation of Christ ‘ എന്ന നോവലില്‍നിന്നുള്ള പാഠഭാഗവും വിവാദമായ കാലമായിരുന്നു.

അര നൂറ്റാണ്ടിലധികം കാലം കോഴിക്കോട് നഗരത്തില്‍ ജീവിക്കുന്നതിനാലാവണം, കോഴിക്കോട്ടുകാരുടെ നാടന്‍ ശൈലിയിലാണ് അദ്ദേഹം സംസാരിക്കാറ്. നര്‍മ്മശകലങ്ങള്‍ ധാരാളമായി അതിലുണ്ടാകാം. എന്നാല്‍ സാര്‍വദേശീയമായ ഒരു ആധികാരികത അതിനുണ്ടാകും. ഫ്രഞ്ച് , ലാറ്റിന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നുമാത്രമല്ല ലോക രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഉദ്ദരണികളും അനുഭവങ്ങളും താരതമ്യങ്ങളും അതിലുണ്ടാകും. അദ്ദേഹം മലയാളത്തിലെ വെറുമൊരു എഴുത്തുകാരനല്ലെന്നും ലോക സാഹിത്യ ,രാഷ്ട്രീയ രംഗങ്ങളില്‍ അഗാധമായ അറിവുള്ള പണ്ഡിതനാണെന്നും കേള്‍വിക്കാരന് അനുഭവിച്ചറിയാനാവും.

സാഹിത്യേതര എഴുത്തുകളിലെ എം.ടിയെ നല്ല വായനക്കാര്‍ക്കേ അറിയൂ. വെറുതെ എല്ലാവരോടും എല്ലായിടത്തും സംസാരിക്കാത്ത ഈ മനുഷ്യന്‍റെ ചിന്തകളുടെ വൈവിധ്യമറിയുന്നത് അവിടെയാണ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേളകളിൽ രണ്ടു തവണ മാതൃഭൂമി വാരികയുടെ പത്രാധിപരായിടുണ്ട് അദ്ദേഹം. അതില്‍ ആദ്യതവണത്തെ എഡിറ്റോറിയലിനെക്കുറിച്ച് കേട്ടറിവേയുള്ളു. അതിന്‍റെ മഹത്വവും വിഷയവൈവിധ്യവും പലരും പറഞ്ഞു കേട്ടിട്ടുണ്ട് , രണ്ടാം തവണ അദ്ദേഹം കുറച്ചുകാലം എഡിറ്റോറിയൽ എഴുതിയിരുന്നു, അതിലെ സമഗ്രതയും മനുഷ്യത്വവും ശൈലിയും ഇന്നും ഓര്‍മ്മയിലുണ്ട്.

ആദ്യ തവണ വീക്കിലി എഡിറ്ററായിരുന്നപ്പോള്‍ അദ്ദേഹം കണ്ടെത്തിയ യുവ എഴുത്തുകാരാണ് പിന്നീട് മലയാളത്തിലെ പല പ്രശസ്തരായ പല എഴുത്തുകാരും പുനത്തില്‍ കുഞ്ഞബ്ദുള്ളയും അക്ബര്‍ കക്കട്ടിലും തുടങ്ങി ഏറെപേര്‍.

എല്ലാ കാലത്തും പുതുതലമുറ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്ന എം.ടിയുടെ ‘കാഥികന്‍റെ പണിപ്പുര’യും ‘കാഥികന്‍റെ കല’യും വായിക്കാത്ത എഴുത്തുകാര്‍ മുന്‍തലമുറയിലുണ്ടായിരുന്നില്ല. മുഖക്കണ്ണാടിയില്‍ നോക്കുമ്പോഴെന്നപോലെ തന്നെത്തന്നെ ദര്‍ശിക്കാവുന്ന കൃതികളാണവ.

പതിനാറാം വയസ്സില്‍ പ്രസിദ്ധീകരിച്ച നിണമണിഞ്ഞ കാല്‍പാടുകള്‍ തുടങ്ങി ഒരുപാട് കഥകളും നോവലുകളും തിരക്കഥകളും എം.ടിയുടേതായുണ്ട് , അതിനേക്കാളേറെ എം.ടി.നമ്മോടൊപ്പം ഉണ്ടായിരുന്നു എന്ന വികാരം ചെറുതല്ല. എഴുത്തിന് നീണ്ട ഇടവേളയെടുത്ത ശേഷം ‘ പെരുമഴയുടെ പിറ്റേന്നും , ചെറിയ ചെറിയ ഭൂകമ്പങ്ങളും വാനപ്രസ്ഥവുമായി വന്നപോലെ പ്രായാധിക്യമുണ്ടെങ്കിലും‌ എപ്പോഴെങ്കിലും എം.ടി. പുതിയൊരെഴുത്തുമായി തിരിച്ചു വരുമെന്ന് വെറുതെ മോഹിക്കുന്നതിലും ഒരു സന്തോഷമുണ്ടായിരുന്നു. അതാണ് ഇല്ലാതാകുന്നത്.

Latest