From the print
വ്രതവിശുദ്ധി കടന്ന് ആഘോഷപ്പെരുന്നാൾ
സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് ഈദ്

കോഴിക്കോട് | വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾക്ക് ഇന്ന് സന്തോഷത്തിന്റെ പെരുന്നാൾ. ഒരു മാസക്കാലം അന്നപാനീയങ്ങൾ വെടിഞ്ഞും മറ്റ് ആരാധനാ കർമങ്ങളിൽ മുഴുകിയും നേടിയെടുത്ത ആത്മചൈതന്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്വ‌്ർ. സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനം. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് നിസ്‌കാരത്തിൽ പങ്കാളികളായും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു.
സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് ഈദ്. വ്രതത്തോടൊപ്പം ഖുർആൻ പാരായണവും ഇഅ്തികാഫും നിർബന്ധിത ഫിത്വ‌്ർ സകാത്തും നിർവഹിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും ജീവിതയാത്രയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാനും വിശ്വാസികൾ റമസാനിന്റെ പകലിരവുകളിൽ ഹൃദയമുരുകി പ്രാർഥിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുത്തതിന്റെ തിളക്കം കൂടിയുണ്ട് ഈദുൽ ഫിത്വ‌്റിന്.
ദുരിത ജീവിതം നയിക്കുന്നവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സാന്ത്വനമേകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനുമാകണം ഇത്തരം ആഘോഷങ്ങൾ ഉപയോഗപ്പെടുത്തേണ്ടതെന്ന സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെടുതികൾ അനുഭവിക്കുന്ന മനുഷ്യരോട് പ്രാർഥനകളിലൂടെ ഐക്യപ്പെടാനും പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ സന്നദ്ധമാകുന്നു. വിദ്വേഷ പ്രചാരണങ്ങളും വെറുപ്പുത്പാദനവുമില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി പ്രവർത്തിക്കാനും പ്രതിജ്ഞയെടുക്കാനുമുള്ള അവസരമായി പെരുന്നാളിനെ മാറ്റണമെന്നാണ് വിവിധ സംഘടനാ നേതാക്കൾ പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. പ്രായഭേദമില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന മദ്യം, മയക്കുമരുന്ന് പോലുള്ള സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താൻ കൂടി ആഘോഷദിനം ഉപയോഗപ്പെടുത്തണം.
ഒരു മാസത്തെ വ്രതത്തിലൂടെയും മറ്റ് സുകൃതങ്ങളിലൂടെയും നേടിയെടുത്ത ആത്മചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യമനസ്സുകൾക്കിടയിൽ സ്‌നേഹവും സാഹോദര്യവും നിലനിർത്താനും പ്രതിജ്ഞാബദ്ധരാകണമെന്നാണ് ഈദ് ഉദ്ഘോഷിക്കുന്നത്.
റമസാൻ 29ന് ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ഇന്ന് ഈദുൽ ഫിത്വ‌്ർ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.