Connect with us

National

ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ ഈടാക്കും; ജെഎന്‍യുവില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍

കാമ്പസിലെ പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍

Published

|

Last Updated

ന്യൂഡല്‍ഹി| ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക്  വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ധര്‍ണ നടത്തിയാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 20,000 രൂപ പിഴ ഈടാക്കുമെന്നും പ്രവേശനം റദ്ദാക്കുമെന്നുമാണ് നിയമാവലിയില്‍ പറയുന്നത്. സംഘം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപ പിഴ ഈടാക്കുമെന്നും നിയമാവലിയില്‍ വ്യക്തമാക്കുന്നു.

കാമ്പസിലെ പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഫെബ്രുവരി മൂന്ന് മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമങ്ങള്‍ക്ക് ജെഎന്‍യുവിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഈ നിയമങ്ങള്‍ സര്‍വകലാശാലയിലെ പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാവുമെന്നും ഉത്തരവില്‍ പറയുന്നു. വഴി തടയല്‍, ഹോസ്റ്റല്‍ റൂമുകളില്‍ അനധികൃതമായി പ്രവേശിക്കല്‍, അസഭ്യം പറയല്‍, ആള്‍മാറാട്ടം നടത്തല്‍ തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി പുതിയ നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

പരാതികളുടെ പകര്‍പ്പ് വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് സര്‍വകലാശാല അധികൃതരുടെ പുതിയ നീക്കം.

 

 

 

---- facebook comment plugin here -----

Latest