Connect with us

Kerala

താമസിക്കാന്‍ താല്‍കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ തീപിടുത്തം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തീപിടുത്തത്തില്‍ ഭര്‍ത്താവ് വെള്ളന്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ| വയനാട്ടില്‍ നിര്‍മാണത്തിലിരുന്ന വീടിന് സമീപം നിര്‍മിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തീപിടുത്തത്തില്‍ ഭര്‍ത്താവ് വെള്ളന്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും ഷെഡ്ഡിലായിരുന്നു താമസം. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയമുണ്ട്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വെള്ളന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തേയിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തേയിയുടെ മരണം സ്ഥിരീകരിച്ചത്.