National
കുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനായില്ല
അബോധാവസ്ഥയില്‍ ആണ് ആര്യന്‍ എന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരിച്ചു
ജയ്പൂര്‍ | രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ 56 മണിക്കൂറിനു ശേഷം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബോധാവസ്ഥയില്‍ ആണ് ആര്യന്‍ എന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരിച്ചു.
ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാര്‍, 160 അടിയോളമുള്ള ജലനിരപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 150 അടി താഴ്ചയുള്ള കുഴല്‍ കിണറ്റിലാണ് കുട്ടി അകപ്പെട്ടത്. രാജസ്ഥാനിലെ ദൗസയിലെ കുഴല്‍ കിണറിലാണ് ആര്യന്‍ വീണത്. ഓപ്പറേഷന്‍ ആര്യന്‍ എന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ പേര്.
കുട്ടിക്ക് ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയിരുന്നു. കുഴല്‍ക്കിണറില്‍ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ് ഡി ആര്‍ എഫ് സംഘം നിരീക്ഷിച്ചുവെങ്കിലും ഭൂഗര്‍ഭ നീരാവി കാരണം ക്യാമറയില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. 150 അടി താഴ്ചയുള്ള കുഴല്‍ കിണറ്റിലായിരുന്നു കുട്ടി അകപ്പെട്ടത്.
കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ തുറന്ന് കിടന്ന കുഴല്‍കിണറ്റില്‍ വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോട് കൂടിയാണ് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കുട്ടി കിണറ്റില്‍ വീണത്. ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഈ കുഴല്‍ക്കിണര്‍ മൂന്ന് വര്‍ഷം മുമ്പ് കുഴിച്ചെങ്കിലും മോട്ടോര്‍ കുടുങ്ങിയതിനാല്‍ ഉപയോഗം നിലച്ചിരുന്നു. അതേ മോട്ടോറിന് സമീപത്തായിരുന്നു കുട്ടി കുടുങ്ങിയിരിക്കുന്നത്.