Death by elephant trampling
പാലാപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
കോഴിക്കോട് മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്
തൃശൂര്‍ | പാലപ്പിള്ളിയില്‍ കാട്ടാനകളെ തുരത്താനുള്ള ശ്രമത്തനിടെ ആനയുടെ ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങയിലെ ആനിമല്‍ റെസ്‌ക്യൂവറായ കോഴിക്കോട് മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്.
മുത്തങ്ങയില്‍ നിന്ന് കാട്ടാനകളെ തുരത്താനെത്തിയ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ ആര്‍ ടി) അംഗമായിരുന്നു ഹുസൈന്‍ കാട്ടാനയുടെചവിട്ടേറ്റ് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വിഷളായതിനെത്തുടര്‍ന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലാപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. മരിച്ച ഹുസൈന്‍ ഉള്‍പ്പടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുണ്ടായിരുന്നത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്‍മാര്‍ ഉള്‍പ്പടെ സംഘത്തിലുണ്ടായിരുന്നു.