Kerala
നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്
കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.
കോഴിക്കോട്|കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കെവിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്ന് കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.
കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈയ്ക്കാണ് ശസത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സ് പ്രതികരിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. അധികൃതര്‍ വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. ശസ്ത്രക്രിയ നിശ്ചയിച്ച മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ കുട്ടികളുടെ രേഖകള്‍ തമ്മില്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
എന്നാല്‍ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നത്. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് പറഞ്ഞു. നേരത്തെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന വീട്ടമ്മ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.