asadi ka amruth mahotsav
മതനിരപേക്ഷതയിലൂന്നിയ സ്വാതന്ത്ര്യ സമരം
ഇന്ത്യന്‍ ജനത നേടിയെടുത്ത സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ സംഭാവനയാണ്. ഹിന്ദു-മുസ്‌ലിം ഐക്യവും മതനിരപേക്ഷതയും ആ സമരത്തിന്റെ ആണിക്കല്ലുകളായിരുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് യഥാര്‍ഥ സ്വാതന്ത്ര്യ സമര ഭടന്‍മാര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാന തത്ത്വം മതനിരപേക്ഷതയായിരുന്നു. ജാതിമത വ്യത്യാസങ്ങളില്ലാത്ത നവ സമൂഹം കെട്ടിപ്പടുക്കുകയായിരുന്നു ആ സമരത്തിന്റെ ലക്ഷ്യം. 1947 ആഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു, നാം വിധിക്കെതിരായ പോരാട്ടത്തില്‍ ജയിച്ചിരിക്കുന്നുവെന്നും നമ്മള്‍ ഭൂതകാലത്തോട് വിടപറയുകയാണെന്നും പ്രഖ്യാപിച്ചത് ഈ ആധുനിക ഇന്ത്യയുടെ നിര്‍മാണം ഉദ്ദേശിച്ചായിരുന്നു. “ഇന്ത്യ: ഒരു ദേശം നിര്‍മിക്കപ്പെടുന്നു’ എന്ന കാഴ്ചപ്പാട് സ്വാതന്ത്ര്യ സമര കാലത്ത് ഉയര്‍ന്നുകേട്ട ആശയമായിരുന്നു. ഭൂതകാലത്തിലെ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ആ കാലത്തിലേക്ക് മടങ്ങിപ്പോക്ക് നമ്മളുടെ ലക്ഷ്യമായിരുന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യാ ചരിത്രത്തെ ഹിന്ദു-മുസ്‌ലിം കാലഘട്ടമായി വിഭജിച്ച് വിഷം നിറക്കല്‍ തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യക്കാരുടെ ഒരുമിക്കല്‍ ഭീതിയോടെ കണ്ട കൊളോണിയല്‍ വാഴ്ചക്കാര്‍ ‘വിഭജിച്ചു ഭരിക്കല്‍’ തന്ത്രം ഉപയോഗിച്ചാണ് നമ്മുടെ ദേശീയ പ്രസ്ഥാനത്തെ എതിരിട്ടത്. പൗരാണിക ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ദൈവം നിയോഗിച്ച കൊളോണിയല്‍ വാഴ്ചയാണിതെന്നും ഈ വിധി ഇന്ത്യക്കാര്‍ അനുസരിക്കേണ്ടതാണെന്നും ആ ദുഷ്ടബുദ്ധികള്‍ പ്രചരിപ്പിച്ചു. ഈ പ്രചാരണങ്ങള്‍ ഏറ്റെടുത്തവരാണ് വര്‍ഗീയ ശക്തികളായി അക്കാലത്ത് വേരോട്ടമുണ്ടാക്കാന്‍ ശ്രമിച്ചത്. അവര്‍ സാമ്രാജ്യത്വവാഴ്ചയെ അനുകൂലിക്കുന്നവരായിരുന്നു. ഇന്ത്യാ വിഭജനത്തിനു പിന്നില്‍ ദുഷ്ടലാക്കോടെയും അധികാര മോഹത്തോടെയും പ്രവര്‍ത്തിച്ചത് ഈ വര്‍ഗീയ വികാരമായിരുന്നു.
നേരേ മറിച്ച് ഭൂരിഭാഗം വരുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ വിവിധ ജാതി മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ മാതൃഭൂമിയുടെ മോചനത്തിനായി നിലകൊള്ളുകയുണ്ടായി. 1857ല്‍ ബ്രിട്ടീഷ് വാഴ്ചക്കെതിരെ നടന്ന പോരാട്ടം മാത്രമല്ല, പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാര്‍ മാരുടെ പോരാട്ടവും ഹൈദരലിയും ടിപ്പു സുല്‍ത്താനും നടത്തിയ ബ്രിട്ടീഷ് വിരുദ്ധ യുദ്ധവും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്‌ലിം ജനവിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാന്‍ സാമൂതിരി രാജാവിന് ശക്തിപകര്‍ന്ന് പിന്നിലണിനിരന്ന പാരമ്പര്യമാണ് അവര്‍ പുലര്‍ത്തിയത്. പോര്‍ച്ചുഗീസ് സേന ചാലിയം കോട്ട ഉപേക്ഷിച്ച് മലബാര്‍ വിട്ടോടേണ്ടി വന്നു.
മലബാര്‍ ബ്രിട്ടീഷ് അധീനതയില്‍ വന്നപ്പോള്‍ മാപ്പിള ജനത തെക്കന്‍ മലബാര്‍ കേന്ദ്രീകരിച്ച് നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ചെറുത്തുനില്‍പ്പായിരുന്നു. വര്‍ഗീയ ലാക്കോടെ ആ സമരങ്ങളെ മതഭ്രാന്തിന്റെ ഉത്പന്നങ്ങളായി കണ്ട ബ്രിട്ടീഷ് ഭരണകൂടം ക്രിമിനല്‍ നിയമങ്ങളുണ്ടാക്കി ആ ജനതയെ നേരിട്ടു. പരാജയങ്ങളില്‍ നിന്ന് പതിന്‍മടങ്ങ് പുതിയ പോരാട്ടങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മലബാര്‍ അവര്‍ക്ക് ‘തലവേദനയുടെ പ്രദേശ’മായി മാറി. അടിസ്ഥാന കാരണം അമിതമായ ചൂഷണത്തില്‍ നിന്നുണ്ടായ വിശപ്പും ദാരിദ്ര്യവുമാണെന്ന് അക്കൂട്ടര്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. കൂട്ടക്കൊലകള്‍ നടത്തിയും നാടുകടത്തിയും അപമാനിച്ചും കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ചും ഈ പ്രദേശത്തെ ജനങ്ങളെ സാമ്രാജ്യത്വ ഭരണകൂടം വേട്ടയാടി. ഒന്നാം ലോക യുദ്ധകാലത്ത് താങ്ങാനാകാത്ത നികുതികള്‍ ചെറുകിട കര്‍ഷകരില്‍ വന്നുപതിച്ചത് ജനരോഷം വര്‍ധിപ്പിച്ചു.
മുസ്‌ലിം ജനവിഭാഗം ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ആകൃഷ്ടരാകുന്നത് ഇക്കാലത്താണ്. 1916ല്‍ ലക്‌നൗ നഗരിയില്‍ കോണ്‍ഗ്രസ്സ് സമ്മേളനം നടന്നപ്പോള്‍ ഇന്ത്യന്‍ ജനത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങി. ‘പൊളിറ്റിക്കല്‍ മെക്ക’ എന്നാണ് അന്ന് ലഖ്‌നൗ നഗരത്തെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
തുര്‍ക്കി ഖലീഫയെ ബ്രിട്ടീഷ് സാമ്രാജ്യത്വം അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അതിനോടുള്ള മുസ്‌ലിം സമൂഹത്തിന്റെ എതിര്‍പ്പ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഉള്‍ക്കൊള്ളുകയും അത് ബ്രിട്ടീഷ് വാഴ്ചക്കെതിരായ നിസ്സഹകരണ സമരത്തോടൊപ്പമുള്ള ഖിലാഫത്ത് പോരാട്ടമായി ഇന്ത്യയില്‍ രൂപം പ്രാപിക്കുകയും ചെയ്തു. റഷ്യന്‍ വിപ്ലവത്തിന്റെ ഏജന്റുമാരാണെന്ന ധാരണയില്‍ ഖിലാഫത്ത് പ്രവര്‍ത്തകരെ ‘ബോള്‍ഷെവിക്ക് ഖിലാഫത്തുകള്‍’ എന്നാണ് ബ്രിട്ടീഷ് ഇന്ത്യന്‍ രഹസ്യ പോലീസുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് സാധാരണ ജനങ്ങള്‍ കടന്നുവന്നത് ഇക്കാലത്താണ്. സാമൂഹിക അസമത്വങ്ങളും വിലക്കുകളും ദാരിദ്ര്യവും നാടുവാഴിത്തവും ഇക്കാലത്ത് ദേശീയ വിഷയങ്ങളായി. സ്വാതന്ത്ര്യം പൂര്‍ണമായ അര്‍ഥത്തിലുള്ളതായിരിക്കുമെന്ന് ജനങ്ങള്‍ കണക്കാക്കി. മലബാറില്‍ നടന്ന 1921ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീരമായ അധ്യായമായി. കേട്ടറിവില്ലാത്ത കൊടും പീഡനങ്ങളാണ് ഇക്കാലത്ത് മാപ്പിള സമൂഹത്തിനേറ്റു വാങ്ങേണ്ടി വന്നത്. എം പി നാരായണ മേനോനും മണ്ണാര്‍ക്കാട് മൂപ്പില്‍ ഇളയ നായരും പാണ്ട്യാട്ട് നമ്പീശന്‍മാരും കഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടും പോലുള്ള ദേശീയ സമരക്കാര്‍ ഇവര്‍ക്കൊപ്പം നിന്ന് അനീതിക്കെതിരെ പൊരുതിയത് സ്വാതന്ത്ര്യ സമരഗാഥയിലെ സുവര്‍ണാനുഭവങ്ങളായി. അവരും സാമ്രാജ്യത്വ വേട്ടക്ക് പാത്രമാകേണ്ടി വന്നു. ഈ പോരാട്ട കാലത്ത് ബ്രിട്ടീഷ് ഭരണ കൂടത്തെ ചോദ്യം ചെയ്തു എന്ന രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പൊന്‍മാടത്ത് മൊയ്തീന്‍കോയ, മാതൃഭൂമിക്കായി ധീര മരണം ഏറ്റുവാങ്ങിയ ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ദീര്‍ഘനാള്‍ തുറുങ്കില്‍ കഴിയേണ്ടിവന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരും വാഗണ്‍ കൂട്ടക്കൊലയില്‍ മരണമടഞ്ഞ പോരാട്ട പങ്കാളികളും അടക്കം നിരവധി ദേശസ്‌നേഹികളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ യഥാര്‍ഥ പോരാട്ടമാക്കി മാറ്റിയെടുത്തത്. 1930ല്‍ രണ്ടാം തവണയും ജയിലിലടക്കപ്പെട്ട പൊന്‍മാടത്ത് മൊയ്തീന്‍കോയ മാറാരോഗിയായാണ് 1939 മെയ് മാസം 20 വരെയും ജീവിച്ചത്. സമാനതകളില്ലാത്ത സമര പോരാട്ടമാണ് ഇതര ജനവിഭാഗങ്ങളുമായി ചേര്‍ന്ന് ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹം സ്വാതന്ത്ര്യത്തിനായി ഇന്ത്യയില്‍ ഏറ്റെടുത്തത്.
അധികാരം പിടിക്കാന്‍ സാമ്രാജ്യത്വ ലക്ഷ്യത്തോടു ചേര്‍ന്ന് ഒരുവിഭാഗം വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് പരമ പ്രധാനമെന്നും ഇസ്‌ലാം മതവിശ്വാസങ്ങള്‍ അടിമ ജീവിതത്തെ അംഗീകരിക്കുന്നില്ല എന്നും സ്വാതന്ത്ര്യ സമര പോരാട്ടം ഓരോ ഇസ്‌ലാം മത വിശ്വാസിയുടെയും കടമയാണെന്നും ദേശീയവാദികളായ നേതാക്കള്‍ വിശ്വസിച്ചു. മുസ്‌ലിം ജനവിഭാഗത്തില്‍പ്പെട്ടവരെ വര്‍ധിച്ച തോതില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്കാകര്‍ഷിക്കുന്നതിന് പ്രചാരണം നടത്താന്‍ ഇ എം എസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ഒരു കമ്മിറ്റിയെ കോണ്‍ഗ്രസ്സ് നിയമിച്ചിരുന്നു. ഇന്ത്യയെ ഹിന്ദു – മുസ്‌ലിം പ്രദേശങ്ങളായി വിഭജിക്കുന്നതിനെ ഇക്കൂട്ടര്‍ പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബ്, ഹസ്സന്‍കോയ മുല്ല, മൊയ്തു മൗലവി, സെയ്ദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ദേശീയ സമരത്തില്‍ ക്രമേണ ജാതി മത വ്യത്യാസം മറന്ന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുക്കുകയുണ്ടായി. 1939ല്‍, മലബാറിലെ മനുഷ്യ വേട്ടക്ക് നേതൃത്വം നല്‍കിയ ഹിച്ച്‌കോക്കിന്റെ നാമത്തിലുള്ള സ്മാരകം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണവും ജാഥയും നടത്തിയത് മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബും എ കെ ഗോപാലനുമായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അവസാന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലബാര്‍ കലാപത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയും സ്വാതന്ത്ര്യ സമരത്തിലെ അര്‍പ്പണവും എടുത്തു പറഞ്ഞു കൊണ്ട് ദേശീയ സമരത്തെ യഥാര്‍ഥ മതനിരപേക്ഷതയിലൂന്നിയ ജനകീയ പോരാട്ടമാക്കി മാറ്റി. ബ്രിട്ടീഷ് സാമ്രാജ്യത്വം മാപ്പിള പോരാളികളോടും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരോടും ഒരേ ക്രൂരതയാണ് ജയിലുകളില്‍ സ്വീകരിച്ചതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ജനത നേടിയെടുത്ത സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ സംഭാവനയാണ്. ഹിന്ദു-മുസ്‌ലിം ഐക്യവും മതനിരപേക്ഷതയും ആ സമരത്തിന്റെ ആണിക്കല്ലുകളായിരുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് യഥാര്‍ഥ സ്വാതന്ത്ര്യ സമര ഭടന്‍മാര്‍.