ആത്മായനം
പ്രഫുല്ലമായൊരു പുരുഷായുസ്സ്
അടിമ വിമോചനത്തിന് വേണ്ടി തന്റെ സമ്പത്ത് ചെലവഴിക്കാൻ അബ്ദുർറഹ്മാൻബ്നു ഔഫ് ഏറെ തത്പരനായിരുന്നു. ഓരോ ദിവസവും മുപ്പതോളം അടിമകളെ മോചിപ്പിക്കാറുണ്ടായിരുന്നു. മരണസമയത്ത് പോലും ദരിദ്രജനങ്ങൾക്കായി അയ്യായിരം ദീനാർ വസ്വിയ്യത് ചെയ്യുകയുണ്ടായി. ചെലവഴിക്കുമ്പോഴും അദ്ദേഹത്തെ ചിലത് ഭയപ്പെടുത്തിയിരുന്നു. ഞാനെന്റെ ധർമം നിറവേറ്റുന്നുണ്ടോ എന്ന ആകുലത. ഒരിക്കൽ ഭക്ഷണം വിളമ്പിയ നേരം പലതും ആലോചിച്ച് അദ്ദേഹത്തിന് വിതുമ്പലടക്കാനായില്ല.
ഇത്തവണ പ്രശോഭിതമായൊരു ജീവിതം വായിക്കാം. മക്കയുമായി വാണിജ്യബന്ധമുള്ള പ്രധാനയിടമായിരുന്നു യമൻ. വാണിജ്യ സംഘങ്ങൾ എപ്പോഴും അങ്ങോട്ടൊഴുകിക്കൊണ്ടേയിരിക്കും, തിരിച്ചിങ്ങോട്ടും. കച്ചവട വൈഭവത്തിലും തന്ത്രപ്രധാന വ്യാപാര നീക്കങ്ങളിലും അക്കാലത്ത് കേളികേട്ട ഖാഫില അബ്ദുഅംറിന്റെതാവാനേ തരമുള്ളൂ. ഒട്ടകങ്ങളും കുതിരകളും അടങ്ങുന്ന ധാരാളം കച്ചവട വാഹനങ്ങളും തൊഴിലാളികളും മികച്ച ചരക്കുകളും അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു.
ഓരോ തിരിച്ചുവരവും വൻലാഭവുമായാണ്.ഒരു വാണിജ്യയാത്രക്കിടയിൽ അദ്ദേഹത്തിന് “അസ്ഖലാനിൽ’ ഇറങ്ങേണ്ടി വന്നു. മക്കയിൽ നിന്നു വന്ന ഖാഫിലയെ കണ്ടപ്പോൾ അവിടുത്തെ പൗരപ്രമുഖനായ അവാഖിനുൽ ഹമീരി അബ്ദുഅംറിനോട് മക്കയിലെ വിശേഷങ്ങളാരാഞ്ഞു. വഴിത്തിരിവിന്റെ ആ കഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: “മക്കയിലെ പാരമ്പര്യാചാരങ്ങൾക്ക് വിരുദ്ധമായി വല്ലതും കേൾക്കുന്നുണ്ടോ?’ ഹമീരി എന്നോട് തിരക്കി. അങ്ങനെയൊരു സംഭവം ഞാനറിഞ്ഞിരുന്നില്ല. എന്റെ പ്രതികരണം കേട്ടപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു: നിങ്ങളാരായിരുന്നു? ഞാൻ: “അബ്ദു അംറുബിൻ ഔഫ് ബിൻ അബ്ദുൽ ഹാരിസ്.’
അദ്ദേഹം: “ഓ, മതി മതി. ഞാനൊരു സന്തോഷം പങ്കുവെച്ചോട്ടേ. നിങ്ങളുടെ ബിസ്സിനസ്സിനേക്കാൾ പതിന്മടങ്ങ് ഗുണപ്രദം അതുതന്നെയായിരിക്കും.’
“അതെയോ, അങ്ങനെയെങ്കിൽ പറയൂ’, ഞാൻ ആകാംക്ഷയോടെ അഭ്യർഥിച്ചു. “മക്കയിൽ ചില അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. ചില ശുഭസൂചനകൾ. നിങ്ങളുടെ നാട്ടിലേക്ക് വിശുദ്ധനായ ഒരു പ്രവാചകനെ അല്ലാഹു അയച്ചിട്ടുണ്ട്. യാതൊരു പ്രയോജനവുമില്ലാത്ത ബിംബങ്ങളെ നിരോധിക്കുന്ന സമഗ്രമായ ഒരു ഗ്രന്ഥം അദ്ദേഹത്തിനിറങ്ങിയിട്ടുണ്ട്. ഇസ്‌ലാമിക സരണിയിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെക്കണ്ട് മതം വിശ്വസിക്കൂ’.
അത് കേട്ടപ്പോൾ എനിക്ക് നിക്കപ്പൊറുതി കിട്ടിയില്ല. ഞാൻ നേരെ എന്റെ ബാല്യകാല സുഹൃത്തായ അബൂബക്കറിനെ തേടി പുറപ്പെട്ടു. അസ്ഖലാനിൽ നിന്നും കേട്ട വാർത്ത ഞാനദ്ദേഹത്തോട് പറഞ്ഞു.
കേട്ടപ്പോൾ അദ്ദേഹത്തിനിതൊക്കെ നല്ല പോലെ അറിയാം. “അതെ, ആ പ്രവാചകൻ മുഹമ്മദ് ബിൻ അബ്ദുല്ലയാണ്. സൃഷ്ടിജാലങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന് പ്രവാചകനിയോഗം ലഭിച്ചിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ തന്നെ നേരിട്ട് കാണൂ. ഖദീജയുടെ വീട്ടിലാണദ്ദേഹം ഇപ്പോഴുള്ളത്. നിങ്ങൾ അവിടെ ചെന്ന് സംസാരിക്കൂ’. അബൂബക്കർ എന്നോട് പറഞ്ഞു.
അബ്ദു അംറ് റസൂലിനെ ചെന്നു കണ്ടു. അവിടെ വെച്ച് സത്യസാക്ഷ്യമുരുവിട്ടു. റസൂൽ (സ) അദ്ദേഹത്തെ അബ്ദുർറഹ്മാൻ ഔഫ് (റ) എന്ന് വിളിച്ചു. അന്ന് മുതൽ ആ ബിസ്സിനസുകാരൻ ലക്ഷ്യബോധമില്ലാതെ ഒഴുകുന്ന വഞ്ചിയിൽ നിന്നിറങ്ങി. ആദർശ നിലപാടുകളെടുത്തു തുടങ്ങി. സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. വൈയക്തിക താത്പര്യങ്ങൾക്കപ്പുറം സാമൂഹിക കാര്യങ്ങളിൽ ശ്രദ്ധിച്ചു. അത്തരം പ്രവർത്തനങ്ങൾക്ക് സമ്പത്ത് ചെലവഴിച്ചു.
കനലെരിയുന്ന ഇസ്്ലാമിക ചരിത്രത്തിലുടനീളം അബ്ദുർറഹ്മാൻ ഔഫിനെ(റ) കാണാതിരിക്കില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ അവിടുന്നെടുത്ത പരസ്യമായ നിലപാട് മക്കാനിവാസികൾക്ക് അത്ര രസിച്ചിരുന്നില്ല. അദ്ദേഹമടക്കമുള്ള പ്രബോധകർക്കെതിരെ ശക്തമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. എതിർപ്പ് പതിയെ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങി. റസൂലും അനുചരന്മാരും അർഖമിന്റെ വസതിയിലേക്ക് മാറി.
ക്രൂരമായ നിലപാടുകൾ തുടരുകയാണെങ്കിൽ പ്രാസ്ഥാനിക പ്രചാരണം ഏറെ ദുഷ്കരമാകുമെന്ന് അവർ കണക്ക് കൂട്ടി. പലായനമെന്ന ക്രിയാത്മകമായ മറ്റൊരു വഴി അവർ തിരഞ്ഞെടുത്തു. അതാകുമ്പോൾ പ്രചാരണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാമല്ലോ.
ആ തരത്തിൽ ആലോചിക്കുമ്പോൾ വളക്കൂറുള്ള മണ്ണ് അബ്‌സീനിയ തന്നെ. അവിടുത്തെ അധികാരി അസ്ഹമത്തുന്നജ്ജാശി സംയമനത്തോടെ പ്രതികരിക്കുന്നയാളുമാണ്.
പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം അബ്ദുർറഹ്മാൻബ്നു ഔഫും(റ) കൂട്ടരും അബ്സീനിയയിലേക്ക് പലായനം ചെയ്തു. ചെങ്കടൽ തീരത്തെത്തിയപ്പോഴാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് മക്കക്കാരറിയുന്നത്. സായുധസംഘവുമായി അവർ പലായനസംഘത്തെ ലക്ഷ്യമിട്ടു. അവരിങ്ങെത്തുമ്പോഴേക്ക് പലായക സംഘം രണ്ട് കപ്പലുകളിലായി തീരം വിട്ടിരുന്നു. അവിടെ ദീർഘകാലം തങ്ങേണ്ടി വന്നില്ല. ഇസ്‌ലാമിന് വേരോട്ടം കിട്ടി. മക്ക ഏകദേശം ശാന്തമായെന്ന വാർത്ത ലഭിച്ചപ്പോൾ അവിടെ നിന്ന് തിരികെ പോന്നു. പക്ഷേ, സമാധാന ജീവിതം ഏറെക്കാലം അനുഭവിക്കാനായിരുന്നില്ല.
മക്ക വീണ്ടും കലുഷിതാവസ്ഥയിലേക്ക് മാറി. നിവൃത്തികെട്ട് മറ്റൊരു പലായനത്തി നൊരുങ്ങുകയായി പിന്നെ. മുറിവുണങ്ങാത്ത മറ്റൊരു യാത്ര. ജനിച്ച ദേശത്തെ പറിച്ച് മാറ്റുകയാണ് ഓരോ പലായനവും. ബാക്കിയാകുന്ന മനോവ്യഥകൾ അത്ര തീവ്രമാണ്. കുടുംബവും സമ്പത്തുമെല്ലാം വിട്ടെറിഞ്ഞ് കലങ്ങിയ മനസ്സുമായി അവർ പിന്നെയും പാഥേയമെടുത്ത് വെച്ചു. ഇത്തവണ മദീനയിലേക്ക്. മദീനയിൽ വെറുംകൈയോടെ വന്ന മക്കക്കാർക്ക് മദീനക്കാർ വേണ്ടതെല്ലാം കനിഞ്ഞേകി. ഒരല്ലലും തോന്നരുതെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു അവർക്ക്. റസൂൽ (സ) അൻസാരി – മുഹാജിർ വേർതിരിവില്ലാതെ അവർക്കിടയിൽ പരസ്പര സാഹോദര്യത്തിന്റെ നൂൽ കോർത്തു. പാവപ്പെട്ട സഅ്ദ് ബ്നു റബീഅയെയാണ് അബ്ദുർറഹ്മാൻ ബ്നു ഔഫിന് കൂട്ടാളിയായി കിട്ടിയത്.
“എന്റെ സ്വത്തിന്റെ പാതി ഇനി മുതൽ നിങ്ങളുടേതാണ്. എന്റെ രണ്ട് ഭാര്യമാരിൽ ഇഷ്ടമുള്ളവളെ നിങ്ങളെടുത്തോളൂ. ഞാൻ ത്വലാഖ് ചൊല്ലിത്തരാം. ഇദ്ദ കഴിഞ്ഞാൽ നിങ്ങൾക്ക് വിവാഹം ചെയ്യാം’. ആ ഉദാരതക്ക് മുമ്പിൽ അബ്ദുറഹ്മാൻബ്നു ഔഫ് കണ്ണീരണിഞ്ഞു.
“സഅ്ദ്, നിനക്കും കുടുംബത്തിനും അല്ലാഹു ബറകത് ചെയ്യട്ടെ. എനിക്ക് ഇവിടത്തെ മാർക്കറ്റ് കാണിച്ച് തന്നാൽ മതി’.
ആ പാവപ്പെട്ട അൻസാരിയുടെ സമ്പത്തിൽ കൈയിട്ട് വാരാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അബ്ദുർറഹ്മാൻബ്നു ഔഫ്(റ) ഖൈനുഖാഇന്റെ മാർക്കറ്റിൽ നിന്ന് വേണ്ടതെല്ലാം വാങ്ങി. മറ്റൊരു വിവാഹം കഴിച്ചു. റസൂലിന്റെ നിർദേശമനുസരിച്ച് മഹ്റ് കൊടുക്കുകയും വലീമത്ത് നടത്തുകയും ചെയ്തു. ഇതാണ് അബ്ദുർറഹ്മാൻ ബ്നു ഔഫ് (റ).
അബ്ദുർറഹ്മാൻ ബിൻ ഔഫിന്റെ ഉദാരതയെക്കുറിച്ച് സ്വഹാബിമാർക്ക് നൂറ് നാവാണ്. സഈദ്ബ്നു ജുബൈർ (റ) പറയുന്നു: “യുദ്ധരംഗത്തെത്തിയാൽ അബ്ദുർറഹ്മാനെ റസൂലിന്റെ മുമ്പിലും നിസ്കാര സമയത്ത് പിറകിലും കാണാം. യുദ്ധത്തിനായൊരിക്കൽ സമ്പത്തിന്റെ പാതി നൽകി. മറ്റൊരിക്കൽ നാൽപ്പതിനായിരം ദീനാർ. മറ്റൊരിക്കൽ അഞ്ഞൂറ് കുതിരകൾ.’
അടിമ വിമോചനത്തിന് വേണ്ടി തന്റെ സമ്പത്ത് ചെലവഴിക്കാൻ അദ്ദേഹം ഏറെ തത്പരനായിരുന്നു. ഓരോ ദിവസവും മുപ്പതോളം അടിമകളെ മോചിപ്പിക്കാറുണ്ടായിരുന്നു.
മരണസമയത്ത് പോലും ദരിദ്രജനങ്ങൾക്കായി അയ്യായിരം ദീനാർ വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. റസൂലിന്റെ വിയോഗ ശേഷം അവിടുത്തെ പത്നിമാരെ വളരെയേറെ പരിഗണിക്കുകയും അവർക്ക് വേണ്ടി സമ്പത്ത് ചെലവഴിക്കുകയും ചെയ്തു. നാൽപ്പതിനായിരം ദീനാറിന് തന്റെ വലിയൊരു കോട്ട് വിറ്റ് അവർക്ക് സമ്മാനം കൊടുത്തു. റസൂൽ ഒരിക്കൽ പത്നിമാരോടായി പറഞ്ഞു: “എന്റെ ശേഷം നിങ്ങളോട് സഹതാപമുള്ളവർ ഏറ്റവും ഗുണകാംക്ഷയുള്ളവർ മാത്രമായിരിക്കും. റബ്ബേ.. അബ്ദുർറഹ്മാൻ ബിൻ ഔഫിന് സ്വർഗത്തിലെ സൽസബീൽ പാനീയം നൽകണേ.’
ചെലവഴിക്കുമ്പോഴും അദ്ദേഹത്തെ ചിലത് ഭയപ്പെടുത്തിയിരുന്നു. ഞാനെന്റെ ധർമം നിറവേറ്റുന്നുണ്ടോ എന്ന ആകുലത. ഒരിക്കൽ അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയ നേരം പലതും ആലോചിച്ച് വിതുമ്പലടക്കാനായില്ല. ചങ്കിടറി കൊണ്ട് അദ്ദേഹം പറഞ്ഞു: “ഹംസ (റ) മരിക്കുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. ആ പുണ്യദേഹം പൊതിയാൻ ഒരു തുണ്ടം തുണിയാണ് കിട്ടിയത്. മുസ്അബ് ബ്നു ഉമൈർ മരിച്ചപ്പോഴും അതായിരുന്നല്ലോ അവസ്ഥ. ദുനിയാവിലിങ്ങനെ നല്ല പോലെ ഭക്ഷണം കിട്ടുമ്പോൾ പേടിയാകുന്നുണ്ട്.’
ഒരു കഷണം ഇറച്ചിയും പത്തിരിയും വെച്ച് വീട്ടുകാർ പോയപ്പോൾ അദ്ദേഹത്തിന് കരച്ചിലടക്കാനായില്ല. എന്റെ മുത്ത് റസൂൽ…! റസൂലിന്റെയും വീട്ടുകാരുടെയും വയറ് നിറഞ്ഞിരുന്നില്ലല്ലോ? ഒരു കഷണം ബാർലിപ്പത്തിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. റസൂലിനെ പിന്നിലാക്കുന്നത് ആലോചിക്കാൻ പോലുമാകുന്നില്ല!
അധാർമിക നിലപാടുകളോട് ശബ്ദിക്കാൻ അബ്ദുർറഹ്മാൻ ഔഫ് മുൻനിരയിൽ തന്നെ യുണ്ടായിരുന്നു. ഉഹ്‌ദിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കേൽക്കേണ്ടി വന്നു. മുൻപല്ല് പൊട്ടി. ഇരുപതോളം വെട്ടേറ്റു. കാലിനേറ്റ മുറിവ് മാരകമായിരുന്നു. മുടന്തിയാണ് നടന്നിരുന്നത്. പക്ഷേ, അതൊന്നും വകവെക്കാതെ ഹിജ്റ അഞ്ചാം വർഷം ശഅ്ബാനിൽ ബനൂ കൽബിലെ അക്രമികളോട് എതിരിടാൻ ദൗമത്തുൽജന്തലിലേക്ക് പുറപ്പെടാൻ അദ്ദേഹം ഒരുങ്ങിത്തിരിച്ചു. “ധൈര്യമായി പൊയ്ക്കോളൂ… ബിസ്മികൊണ്ട് തുടങ്ങിയാൽ മതി, പൊരുതാൻ മടിച്ച് നിൽക്കേണ്ട. ശുഭകരമെന്ന് തോന്നിയാൽ തക്ബീർ വിളിക്കുക, മുന്നേറ്റമത്ര പോരെങ്കിൽ തഹ്്ലീൽ ചൊല്ലിയാൽ മതി. പിന്തിരിയേണ്ട ഘട്ടമാണെങ്കിൽ ഹംദും ഇസ്തിഅ്ഫാറും ചൊല്ലണം. ഈ ദിക്റുകൾ നിനക്ക് ഊർജം പകരും, തീർച്ച. ഒടുവിൽ ജയിച്ചടക്കിയാൽ അധികാരിയുടെ മകളെ വിവാഹവും കഴിച്ചോളൂ. “റസൂലിന്റെ (സ) ഊർജസ്വലമായ ആശീർവാദം ഏറ്റുവാങ്ങുമ്പോൾ അബ്ദുർറഹ്മാൻ(റ) കോരിത്തരിച്ചു…
അബ്ദുർറഹ്മാൻ ഔഫ്(റ) അവിടെയെത്തി പ്രബോധനം തുടങ്ങിയതേയുള്ളൂ. രാജാവും പരിവാരങ്ങളും ഇസ്‌ലാം ആശ്ലേഷിച്ചു. ശേഷിച്ചവരിൽ നിന്ന് ജിസ്‌യ വാങ്ങി. യുദ്ധം നടത്തേണ്ടിവന്നില്ല. രാജാവിന്റെ മകളെ വിവാഹം ചെയ്ത് മടങ്ങി. ബനൂ കിലാബ് ഗോത്രവും ഖുറൈശീ കുലവും തമ്മിലുള്ള ആദ്യ വൈവാഹിക ബന്ധമായിരുന്നു അത്. ഇസ്്ലാമിന്റെ പ്രാസ്ഥാനിക വളർച്ചക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിവരണാതീതമാണ്.
മതപ്രചാരണത്തിന്റെ ശൈശവഘട്ടം മുതൽ പ്രതികൂല സാഹചര്യങ്ങളെ മുഴുവനും അദ്ദേഹം വിശ്വാസദാർഢ്യം കൊണ്ട് എതിരിട്ടു. ചരിത്രത്തിലെ നിർണായക സംഭവങ്ങളായ യുദ്ധങ്ങളിലെ ഉടമ്പടികളിലും സുപ്രധാന ചർച്ചകളിലും യാത്രകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒടുവിൽ സ്വർഗസുവിശേഷം ലഭിച്ച പത്ത് പ്രമുഖരിൽ ഒരാളായി അദ്ദേഹത്തെയും റസൂൽ എണ്ണി. ക്രി.വ. 581ൽ മക്കയിലെ വിഹാമയിൽ ഔഫ് അബ്ദുൽ ഹാരിസിന്റെയും ശിഫാഅ് ഔഫിന്റെയും മകനായി ജനിച്ച അവിടുന്ന് ഹിജ്റ 653 ൽ വഫാത്തായി. റസൂലും അവിടുന്നുമായുള്ള കുടുംബബന്ധം കിലാബ് മുർറയിൽ ചെന്ന് സന്ധിക്കുന്നു. അന്ത്യവിശ്രമം ജന്നത്തുൽ ബഖീഇലാണ്.