Connect with us

ആത്മായനം

ദുഃഖങ്ങളുരുക്കിയ സമ്മാനം

പദവി, സാമ്പത്തിക സ്ഥിതി, അംഗീകാരം, അഭിലാഷങ്ങൾ തുടങ്ങി ഭൗതിക സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും നമ്മുടെ സങ്കടങ്ങളായി രൂപാന്തരപ്പെടാറുള്ളത്. അഥവാ ഭൗമിക ജീവിതത്തിന്റെ കെട്ടുപാടുകളുമായി പിണഞ്ഞിരിക്കുന്ന മനസ്സ് നമ്മെ ആകുലചിത്തരാക്കി കൊണ്ടേയിരിക്കുന്നു.അതിമോഹങ്ങളും ആർത്തിയും മാനസിക സന്തുലിതാവസ്ഥയെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ ശരീരത്തിലേക്കും ആത്മാവിലേക്കും പടർന്ന് പിടിക്കും. അതുകൊണ്ട് തന്നെ പ്രതിസന്ധികളുടെ സന്ദർഭത്തിൽ മനസ്സിനും ശരീരത്തിനും ആത്മാവിനും സന്തുലിതാവസ്ഥ നൽകുന്ന നല്ലൊരു സയന്റിഫിക്കൽ സൊല്യൂഷൻ അനിവാര്യമാണ്.

Published

|

Last Updated

രുതിയ പോലെ വിജയം കാണാതെ പോയ പ്രാസ്ഥാനിക വളർച്ച, നാലുപാടുമിരമ്പുന്ന പ്രതിഷേധങ്ങൾ, തണലൊരുക്കിയ പ്രിയക്കാരുടെ വിയോഗം, ആശ്വാസം തേടി പോയ ദേശത്തു നിന്നേറ്റ ആട്ടും തുപ്പും. തിരുനബി(സ) പ്രതിസന്ധിയുടെ നടുക്കടലിലകപ്പെട്ട ഈ കാലത്തെ ചരിത്രം ദുഃഖ വർഷം എന്ന് രേഖപ്പെടുത്തുന്നുണ്ട്.

കനലെരിയുന്ന ആത്മ ഭാരങ്ങളുടെ നേരത്ത് എന്തു ചെയ്യാനാണ് ?നിസ്സഹായമായ ആ ആപത് സന്ധിയെ അല്ലാഹു പരിഹരിച്ച രീതിയെ കുറിച്ചാണ് നമുക്കിന്ന് പങ്കുവെക്കാനുള്ളത്. വരൂ, സൂറത്തുൽ ബഖറയിലെ 45ാ- മത്തെ സൂക്തം കൂടി കൈയിൽ കരുതാം. അതിപ്പോൾ വായിക്കുന്നില്ല. അൽപ്പം മുന്നോട്ട് പോയിട്ടാവാമല്ലേ.
നിങ്ങൾക്കോർമയുണ്ടോ ആ രംഗം?.

അല്ലാഹു അത്യാകർഷകമായൊരു യാത്രക്കൊരുങ്ങാൻ തിരുനബി (സ) ക്ക് നിർദേശം നൽകുന്നു, ആ രാത്രി മനുഷ്യ സാങ്കേതിക വിദ്യകൾക്ക് പ്രാപിക്കാൻ കഴിയാത്ത സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു! തുടർന്നങ്ങോട്ട് സ്വർഗം, നരകം, ലൗഹ്, ഖലം, അർശ് തുടങ്ങി അനവരതം അലൗകികക്കാഴ്ചകളുടെ നിറപ്പകിട്ട്…ഒടുവിൽ ചൈതന്യവത്തായ ദൈവിക ദർശനം.
ഹായ്, ദുഃഖങ്ങൾ അലിഞ്ഞുരുകി പുതിയ ആനന്ദങ്ങൾ പടി കയറി വരുന്ന നിമിഷം.

ഒറ്റ രാത്രി കൊണ്ട് ദുഃഖഭാരങ്ങൾ മായ്ച്ച സുരഭില യാത്രയിൽ പ്രപഞ്ചനാഥൻ തിരുനബി (സ)യുടെ കൈയിലേൽപ്പിച്ച സമ്മാനമോർക്കുന്നില്ലേ.?ദുഃഖങ്ങളെ മായ്ച്ച മിഅ്റാജിനെ വിശ്വാസികൾക്കെല്ലാം അനുഭവിപ്പിക്കാനുതകുന്ന കുഞ്ഞു പകർപ്പ് – നിസ്കാരം – ശരിയാണ് നിസ്കാരം. ആപത്ഘട്ടങ്ങളിൽ ഉടനടി പരിഹാരമായി സമുദായത്തോടൊപ്പം നിൽക്കും.
നേരത്തെ കൈയിൽ കരുതിയ സൂക്തം വായിച്ചാലോ? ക്ഷമ കൊണ്ടും നിസ്കാരം കൊണ്ടും നിങ്ങൾ സഹായം തേടൂ (ബഖറ 45 ).ശ്രദ്ധിക്കൂ… ജീവിതത്തിൽ പുകയുന്ന എരിത്തീ കെടുത്താൻ രണ്ട് മാർഗങ്ങളാണ് പറഞ്ഞിട്ടുള്ളത്.

  1. ക്ഷമ: അനാശാസ്യങ്ങളിൽ നിന്ന് വിട്ട് നിന്ന് റബ്ബിനെ വഴിപ്പെടാനുള്ള ക്ഷമയെ മുറുകെ പിടിക്കുകയെന്നതാണ് ബുദ്ധി. അതേ കുറിച്ച് കൂടുതൽ അടുത്ത ആത്മായനത്തിൽ പറയാം
  2.  നിസ്കാരം: ഹൃദയം ഉലയ്ക്കുന്ന ഘട്ടങ്ങൾ വരുമ്പോഴെല്ലാം തിരുനബി(സ) നിസ്കരിക്കാറായിരുന്നു പതിവെന്ന് ഹുദൈഫതുബ്നുൽ യമാൻ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
    “പദവി, സാമ്പത്തിക സ്ഥിതി, അംഗീകാരം, അഭിലാഷങ്ങൾ തുടങ്ങി ഭൗതിക സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും നമ്മുടെ സങ്കടങ്ങളായി രൂപാന്തരപ്പെടാറുള്ളത്. അഥവാ ഭൗമിക ജീവിതത്തിന്റെ കെട്ടുപാടുകളുമായി പിണഞ്ഞിരിക്കുന്ന മനസ്സ് നമ്മെ ആകുലചിത്തരാക്കി കൊണ്ടേയിരിക്കുന്നു. അതിമോഹങ്ങളും ആർത്തിയും മാനസിക സന്തുലിതാവസ്ഥയെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ ശരീരത്തിലേക്കും ആത്മാവിലേക്കും പടർന്ന് പിടിക്കും.അതുകൊണ്ട് തന്നെ പ്രതിസന്ധികളുടെ സന്ദർഭത്തിൽ മനസ്സിനും ശരീരത്തിനും ആത്മാവിനും സന്തുലിതാവസ്ഥ നൽകുന്ന നല്ലൊരു സയന്റിഫിക്കൽ സൊല്യൂഷൻ അനിവാര്യമാണ്. അത്തരത്തിൽ ആലോചിക്കുമ്പോൾ നിസ്കാരം അതിന് പ്രാപ്തവുമാണ്. നിസ്കാരം നിർവഹിക്കപ്പെടുന്ന സന്ദർഭങ്ങളിൽ മനസ്സും ശരീരവും ആത്മാവും ശാന്തമാകുന്നു.
    നിയ്യത്തിന്റെ ഉൾക്കരുത്തിൽ നിന്ന് പ്രതിജ്ഞാബദ്ധമായി തുടങ്ങി പ്രാപഞ്ചിക സത്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി വിനയാന്വിതനായി ശിരസ്സ് മണ്ണിലേക്ക് ചേർക്കവെ പ്രതിസന്ധിയുടെ ഭാണ്ഡക്കെട്ടുകൾ കൂടിറങ്ങിപ്പോകുന്നത് അനുഭവിക്കാൻ കഴിയും.

എനിക്കെന്റെ നിസ്കാരമുണ്ടായിരിക്കുന്ന നിമിഷം വരെ എന്താകുലപ്പെടാനിരിക്കുന്നു!? എന്ന പൂർവസൂരികളുടെ വാക്കുകളോർത്ത് പോവുകയാണ്.നിർണായകമായ തീരുമാനങ്ങളെടുക്കും മുമ്പേ നിസ്കരിക്കുകയെന്നത് സത്യവിശ്വാസിയുടെ നല്ല ശീലമാണ്. യുദ്ധക്കൊടുമ്പിരിയുടെ ഭീഷണാവസ്ഥയിൽ ബദ്റിന്റെ തമ്പിൽ നേരം വെളുക്കും വരെ നിസ്കാരത്തിലായിരുന്നു തിരുനബി(സ). അതു തന്നെയായിരുന്നു വിശ്വാസികളായ ന്യൂനപക്ഷത്തിന്റെ അതിഗംഭീര വിജയത്തിന്റെ വേര്.

സാമ്രാജ്യത്വ ശക്തികളെ മുൾമുനയിൽ നിർത്തി നിലംപരിശാക്കിയ അഹ്സാബ് യുദ്ധത്തിന്റെ വിജയതന്ത്രവും സമരഭൂമിയിലെ നിസ്കാരമായിരുന്നു. ബഹുമാന്യരായ ഖുബൈബ് (റ) അടക്കം ഇസ്്ലാമിക ചരിത്രത്തിലെ നിരവധി നായകർ തൂക്കു കയറിനു മുമ്പിൽ അവസാനമാശിച്ചത് രണ്ട് റക്അത്ത് നിസ്കരിക്കാനുള്ള അവസരമായതിന്റെ കാരണം രക്ഷാകവചമണിഞ്ഞു കഴിഞ്ഞാൽ ഭയപ്പെടാനേതുമില്ലെന്ന തിരിച്ചറിവായിരുന്നു.

വിശ്വാസദാർഢ്യം, ദൈവികതയെ അംഗീകരിക്കൽ, വിശുദ്ധാടിമത്വത്തിന്റെ വിളംബരം, സമ്പൂർണ സമർപ്പണം, അല്ലാഹുവോട് വിനയാന്വിതമായ യാചന, നന്ദിബോധം തുടങ്ങി അബ്ദിന് (ദൈവത്തിന്റെ അടിമ) വേണ്ട സർവഗുണങ്ങളെയും ഒന്നിച്ചാവാഹിക്കുക വഴി പ്രശ്നങ്ങളും പ്രതിസന്ധികളും അസ്ഥാനത്താവുകയും തത്്സ്ഥാനത്ത് പ്രതീക്ഷയും ആശ്വാസവും പടികയറി വരുകയും ചെയ്യുന്നു. സൂറതുൽ അൻകബൂത് പഠിപ്പിച്ചതുമതാണ്. “തീർച്ചയായും നിസ്കാരം അനഭിലഷണീയങ്ങളിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും തടയുന്നു (അൻകബൂത് 45 )’
വിശ്വാസിയെ നിരാശയിലേക്ക് കൊണ്ടെത്തിക്കുകയെന്നത് പൈശാചിക തന്ത്രമാണ്.

അത് നടപ്പിലാക്കാൻ അവൻ മനസ്സിനെയോ ശരീരത്തെയോ ആത്മാവിനെയോ പല രീതിയിൽ ഉപദ്രവിച്ചുകൊണ്ടേയിരിക്കും.ഈ നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് തക്ബീറതുൽ ഇഹ്റാം മുതൽ നാമോരോരുത്തരും അറിയിച്ചു കൊണ്ടിരിക്കുന്നത്. ആ പ്രതിഷേധത്തിൽ ഒപ്പം കൂടിയവർക്കുള്ള അഭിവാദ്യമാണ് അവസാന വാക്കായ സലാം (സലാം വീട്ടുമ്പോൾ ചുറ്റുപാടുമുള്ള മാലാഖമാരെയും വിശ്വാസികളെയും മനസ്സിൽ കരുതണമല്ലോ?)അതിനെ പ്രതിരോധിക്കാൻ മാത്രം ശക്തനല്ലാത്തത് കൊണ്ടാണ് നിസ്്കാരത്തിനുള്ള അറിയിപ്പായ വാങ്ക് കേൾക്കുമ്പോൾ തന്നെ പിശാച് വിരണ്ടോടുന്നത്.

ചുരുക്കത്തിൽ, നമ്മെ പ്രതിസന്ധിയിലാക്കുന്ന പൈശാചിക രോഗങ്ങൾക്കുള്ള ആന്റിബയോട്ടിക് ആണ് അഞ്ചു നേരം മുറതെറ്റാതെ നമ്മൾ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മാവിലേക്കും സന്നിവേശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരുന്നിന്റെ നേരം തെറ്റിയുള്ള ഉപയോഗം പ്രശ്നം സൃഷ്ടിക്കുംപോലെ നിസ്കാരത്തിന്റെ കാര്യത്തിൽ നമുക്കുണ്ടാകുന്ന അശ്രദ്ധ നമ്മെ നാശത്തിലേക്ക് നയിക്കും (നിസ്്കാരത്തിൽ അശ്രദ്ധരായവർക്ക് വലിയ ദുരന്തം ഭവിക്കുമെന്ന് ഖുർആൻ വ്യക്തമാക്കിയതാണ്).

ഇനി, നമ്മൾ പറഞ്ഞു തുടങ്ങിയ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം നോക്കാം: പ്രവാചകരെ കുറിച്ചും അവിടുത്തെ സന്ദേശത്തെ കുറിച്ചും സ്വയം ബോധ്യമുണ്ടായിട്ടും സമൂഹത്തിലെ നേതൃത്വ പദവി ഉടഞ്ഞുപോവുമോ എന്ന ഭയം കൊണ്ട് വിശ്വാസികളാവാതെ മാറി നിന്ന ജൂതന്മാർക്കുള്ള നിർദേശമായാണ് ഇത് അവതരിക്കുന്നത്. തൗറാത്തിന്റെ പിൻഗാമികളായിട്ടും ഭൗതിക താത്പര്യങ്ങളുടെ അപ്പ കണ്ഡങ്ങൾക്കു വേണ്ടി വസ്തുതയെ മറച്ചു പിടിക്കാൻ അവരെ പിശാച് പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അവരതിൽ വീഴുകയും ചെയ്തു. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ നിസ്്കാരവും ക്ഷമയും നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞത് കേൾക്കാൻ അവർ ഒരുക്കമല്ലായിരുന്നു. അത് കൊണ്ട് തന്നെ അവർ സ്വയമുപദ്രവിച്ചു കൊണ്ടിരിക്കുന്ന വിഡ്ഢികളായിത്തീർന്നു.

സഹൃദയരേ, നമ്മൾ മനസ്സിലാക്കിയ പോലെ വിശ്വാസിയുടെ മിഅ്റാജ് (അല്ലാഹുവോട് സംസാരിക്കാൻ ലഭിച്ച യാത്ര) നിസ്കാരമാണ്. ദുഃഖ വേദനകളുടെ കൈപ്പുനീർ രുചിച്ചിറക്കിയ നേരത്ത് തിരുനബി(സ)ക്ക് മിഅ്റാജ് ആശ്വാസമായ പോലെ നിസ്്കാരം നമ്മുടെ തണലാകുന്നു. അതുകൊണ്ട് നിസ്്കാരം നിർവഹിക്കേണ്ട പ്രകാരം നിർവഹിച്ചാൽ ഒരു ദുഃഖത്തിനും നമ്മുടെ ബൗണ്ടറികടന്നു വരാനേ യാകില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടായിക്കൊണ്ടേയിരിക്കണം.