Connect with us

Stray dog ​​attack

പത്തനംതിട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

വാക്സിനെടുത്തിട്ടും അഭിരാമിയുടെ ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

പത്തനംതിട്ട|  റാന്നി പെരുനാട് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പത്തനംതിട്ട പെരുംനാട് സ്വദേശി അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം.

കഴിഞ്ഞ ആഗസ്റ്റ് 14നാണ് വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയുടെ മുഖത്തും കാലിനുമായി ഒമ്പതിടത്ത്‌ കടിയേറ്റിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് വാക്‌സിനും മറ്റും നല്‍കിയിരുന്നു.  അഭിരാമിക്ക് മൂന്ന് പ്രതിരോധ വാക്‌സിനും നല്‍കിയിരുന്നു. പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ട പെണ്‍കുട്ടിയെ അസുഖങ്ങളെ തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിച്ചിരുന്നു. മികച്ച ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടി പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാനായി സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം ഇന്ന് വരാനിരിക്കെയാണ് മരണം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം 20 പേരാണ് തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗം പേരും വാക്സിനെടുത്തിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ വാക്സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.