National
ബെംഗളുരുവില്‍ സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു
അപകടം പുലര്‍ച്ചെ ആയതിനാല്‍ ആളപായമില്ല.
ബെംഗളുരു| ബെംഗളുരു ശിവാജി നഗറില്‍ സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. കൂക് റോഡില്‍ ബി.ബി.എം.പിയുടെ കീഴിലുള്ള നഴ്‌സറി കെട്ടിടമാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ തകര്‍ന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടം പുലര്‍ച്ചെ ആയതിനാല്‍ ആളപായമില്ല. 80 കുട്ടികളാണ് ഈ നഴ്‌സറിയില്‍ പഠിക്കുന്നത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ സ്ഥലം എംഎല്‍എയോട് പരാതി പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഈ കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ നടപടികള്‍ ആരംഭിച്ചതായി ശിവാജി നഗര്‍ എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് പ്രതികരിച്ചു.
രണ്ടു വര്‍ഷം മുമ്പ് സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ ആറു സ്‌കൂളുകള്‍ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ പുനര്‍നിര്‍മിക്കാന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും എംഎല്‍എ വ്യക്തമാക്കി.