Kerala
വേദിയിലെത്തിച്ച അഞ്ച് പേര്‍ക്കും എ ഗ്രേഡ്; കലാഭവന്‍ നൗശാദിന് മധുരമൂറും വിവാഹ വാര്‍ഷിക സമ്മാനം
ഇന്നലെ സമാപിച്ച ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്്ടില്‍ മത്സരിച്ചവരില്‍ അഞ്ച് പേരും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നൗശാദിന് കീഴില്‍ പരിശീലിച്ചവരാണ്.
![](https://assets.sirajlive.com/2023/01/kalabhavan-noushad-with-students-monoact-897x538.jpg)
കോഴിക്കോട് | കലോത്സവത്തിന്റെ ആദ്യദിനം തന്നെ മോണോആക്്ട് പരിശീലകന്‍ കലാഭവന്‍ നൗശാദിന് ഏറെ ചാരിതാര്‍ഥ്യം. ഇന്നലെ സമാപിച്ച ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്്ടില്‍ മത്സരിച്ചവരില്‍ അഞ്ച് പേരും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നൗശാദിന് കീഴില്‍ പരിശീലിച്ചവരാണ്. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ തന്നെയാണ് പരിശീലനക്കളരി.
അഞ്ച് പേര്‍ക്കും എ ഗ്രേഡ് ലഭിച്ചതോടെ ഏകാഭിനയ പരിശീലന മേഖലയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. മൂന്ന് പതിറ്റാണ്ടായി മോണോആക്്ട് പരിശീലിപ്പിക്കുന്ന നൗഷാദിന്റെ മുപ്പതാം വിവാഹം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ. ഭാര്യ സുബി നൗശാദ് വീട്ടമ്മയാണ്. കുട്ടികള്‍ നേടിയ എ ഗ്രേഡ് തിളക്കത്തേക്കാള്‍ വലിയ സമ്മാനം ലഭിക്കാനില്ലെന്ന് നൗഷാദ് സിറാജിനോട് പറഞ്ഞു.
അഞ്ച് വിദ്യാര്‍ഥികളും വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ്. ബില്‍കീസ് ബാനു കൂട്ട ബലാത്സംഗ കേസും നിയമ പോരാട്ടവും അവതരിപ്പിച്ച എറണാകുളം പുല്ലംകുളം എസ് എന്‍ എച്ച് എസ് എസിലെ ആലിയ, ഇലന്തൂര്‍ നരബലിയിലൂടെ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടിയ കൊല്ലം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ മാളവിക മാധവ്, സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നവരെ അവഗണിക്കരുതെന്ന സന്ദേശവുമായി വേദിയിലെത്തിയ പാലക്കാട് ഗുരുകുലം ബി എസ് എസിലെ മന്യ മാധവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’യിലെ പ്രസക്തമായ ഭാഗം അവതരിപ്പിച്ച മലപ്പുറം മാറഞ്ചേരി ജി എച്ച് എസ് എസിലെ സി വി ഭദ്ര മനോജ്, കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായ സന്ദേശം നല്‍കിയ തിരുവനന്തപുരം മിതിര്‍മല ജി ജി എച്ച് എസ് സിലെ എല്‍ എസ് ഭാഗീരഥി എന്നിവരാണ് നൗശാദ് പകര്‍ന്നു നല്‍കിയ സന്ദേശങ്ങളുമായി വേദിയിലെത്തിയത്.