Connect with us

Kerala

സമസ്ത ജില്ലാ പണ്ഡിത സമ്മേളനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

സൗഹാര്‍ദങ്ങള്‍ക്ക് വിള്ളല്‍ വീഴാതിരിക്കാന്‍ പണ്ഡിതര്‍ മുന്നിട്ടിറങ്ങണം: ഖലീല്‍ ബുഖാരി തങ്ങള്‍

Published

|

Last Updated

മലപ്പുറം | ഇസ്ലാമിക പ്രബോധനം വൈയക്തിക ബാധ്യതയാണെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് കീഴില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സംഘടിപ്പിക്കുന്ന  പണ്ഡിത സമ്മേളനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. മലപ്പുറം മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച സമ്മേളനം സമസ്ത സെക്രട്ടറിയും കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

ആശയ വിനിമയ രംഗം അതിവേഗത കൈവരിച്ചകാലത്ത് ഓരോരുത്തരുടെയും വാക്കും പ്രവൃത്തിയും അതീവ ജാഗ്രതയോടെയാവണമെന്നും ഒരാളുടെയും മതത്തെയോ വിശ്വാസത്തെയോ വൃണപ്പെടുത്തുന്ന ഒന്നും ആരില്‍ നിന്നുമുണ്ടാകരുതെന്നും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മതസൗഹാര്‍ദത്തിന് കോട്ടം തട്ടുന്ന ഒന്നും ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. അന്യ മതസ്ഥന്റെ ദൈവങ്ങളെയോ ആചാരങ്ങളെയോ അപഹസിക്കാന്‍ പാടില്ലയെന്നത് വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനയാണ്. വാക്കുകള്‍ വളച്ചൊടിച്ച് നാട്ടില്‍ ഛിദ്രത വളര്‍ത്താന്‍ പാടില്ല. നിര്‍ഭാഗ്യവശാല്‍ ആരുടെയെങ്കിലും അടുക്കല്‍ നിന്ന് വേദനിപ്പിക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ സംഭവിച്ചാല്‍ പക്വതയോടെ കൈകാര്യം ചെയ്യണം. അതിന് പ്രതികാരം ചെയ്യാനോ പ്രശ്നങ്ങളുണ്ടാക്കാനോ മുതിരരുതെന്നും തങ്ങൾ ഓർമപ്പെടുത്തി.

വെറുപ്പിന്റെയും വിദ്വേങ്ങളുടെയും കലാപങ്ങളുടെയും ഭവിഷ്യത്തുകള്‍ മത-ജാതി ഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ബാധിക്കുന്നവയാണ്. സ്വസ്ഥ ജീവിതത്തിനും വികസനത്തിനും വിപണനത്തിനും തിരിച്ചടിയാകുന്ന പ്രവണതകളാണവ. വര്‍ഗീയതയും വിഭാഗീയതയും ഒന്നിനും പരിഹാരമല്ല. അവകളെ  ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും പണ്ഡിത സമൂഹം അതിന് നേതൃത്വം നല്‍കണമെന്നും തങ്ങൾ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഒളവട്ടൂര്‍ അബ്ദുന്നാസിര്‍ അഹ്‌സനി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഇബ്‌റാഹീം ബാഖവി മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി മേഖലകളില്‍ നിന്നുള്ള പണ്ഡിതരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.  കാലത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് ആകര്‍ഷകമായ ജീവിതം ചിട്ടപ്പെടുത്താനും അറിവനുഭവങ്ങള്‍ പങ്കുവെക്കാനും പണ്ഡിതരെ ഉല്‍ബുദ്ധരാക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം.

ഈ മാസം 30ന് മുമ്പ് മുഴുവന്‍ ജില്ലകളിലും പണ്ഡിത സംഗമങ്ങള്‍ സംഘടിപ്പിക്കും.  ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്നയില്‍ നടന്ന സമസ്ത മലപ്പുറം വെസ്റ്റ് ജില്ലാ പണ്ഡിത സമ്മേളനം സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കോട്ടക്കല്‍, തീരൂരങ്ങാടി, തിരൂര്‍, പൊന്നാനി, വളാഞ്ചേരി മേഖലയില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest