Connect with us

Uae

പ്രതിരോധ പ്രദർശനത്തിന് അബുദബിയിൽ പ്രൗഢമായ തുടക്കം

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധ സമ്മേളനം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും മേഖലയിലെ ഏറ്റവും വലുതുമാണ്.

Published

|

Last Updated

അബുദബി | അബുദബി ദേശീയ പ്രദർശന നഗരിയിൽ ആരംഭിച്ച 16-ാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനവും സമ്മേളനവും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധ സമ്മേളനം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും മേഖലയിലെ ഏറ്റവും വലുതുമാണ്.

65 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള പ്രദർശനം ജനപങ്കാളിത്തത്തിൽ മുൻ വർഷങ്ങളിൽ നടന്ന സമ്മേളനങ്ങളേക്കാൾ 10 ശതമാനത്തിന്റെ വർധനയും 1993 ലെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് 200 ശതമാനം വളർച്ചയുമാണെന്ന് സംഘാടകർ അറിയിച്ചു. മാത്രമല്ല, തദ്ദേശ പവലിയനുകളുടെ എണ്ണം 41 ആയി വർധിച്ചു. മുൻപ് നടന്ന സമ്മേളനവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം വർധനവാണ്. മേഖലയിൽ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുറമെ റഷ്യ, തുർക്കി, പാക്കിസ്ഥാൻ, ആഫ്രിക്കൻ മേഖല തുടങ്ങിയവിടങ്ങളിലെ കമ്പനികളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ആയുധ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് പ്രദർശനത്തിൽ വിവിധ കമ്പനികൾ പരിചയപെടുത്തുന്നത്. പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ വാഹനങ്ങൾ മുതൽ പുതിയ സ്കിഡ് മിസൈൽ വരെ സമ്മേളനത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ പതിനാറാം പതിപ്പിനോട് അനുബന്ധിച്ച് അബുദബി ദേശീയ പ്രദർശന നഗരിയിൽ ആരംഭിച്ച ഏഴാമത് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷൻ അബുദബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.  മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഖലീജുൽ അറബ് റോഡിലെ മറീന ഹാളിലാണ് എക്സിബിഷൻ നടക്കുന്നത്. നാവിക പ്രതിരോധ വ്യവസായത്തിലെ സമീപകാല ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്ന സമ്മേളനത്തിലെ നിരവധി ദേശീയ, വിദേശ പവലിയനുകൾ ശൈഖ് ഹമദ്  സന്ദർശിച്ചു. യു എ ഇ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ശൈഖ് അഹമ്മദ് ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാനും ഒപ്പമുണ്ടായിരുന്നു.

പവലിയനിലെ കമ്പനി പ്രതിനിധികളോട് ഉൽപ്പന്നങ്ങളെയും പുതുമകളെയും കുറിച്ച് സംസാരിച്ച ശൈഖ് ഹമദ്, നാവിക പ്രതിരോധത്തിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷനെന്ന് പറഞ്ഞു. പ്രധാന കമ്പനികൾക്ക് പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള അവസരവും പ്രദർശനം പ്രദാനം ചെയ്യുന്നു, പങ്കെടുക്കുന്ന സ്വദേശി കമ്പനികളുടെ എണ്ണത്തെയും സമ്മേളനങ്ങളിലെ അവരുടെ സാന്നിധ്യത്തെയും അദ്ദേഹം പ്രശംസിച്ചു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി