Connect with us

MT VASUDEVAN NAIR

മലയാളത്തിന് തീരാ നഷ്ടം; എം ടിയെ അനുസ്മരിച്ച് പ്രമുഖർ

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ

Published

|

Last Updated

കോഴിക്കോട് | എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. മലയാള സാഹിത്യത്തിൽ ഒരിക്കലും നികത്താനാകാത്ത വിടവ് സൃഷ്ടിച്ചാണ് എം ടി കടന്നുപോകുന്നതെന്ന് എല്ലാവരും അനുശോന സന്ദേശത്തിൽ കുറിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ.

മുഖ്യമന്ത്രി പിണറായി വിജയൻ

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

മന്ത്രി സജി ചെറിയാൻ

എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്.

എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാഷിസ്റ്റ്‌ ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ

മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടം ആണ്. മലയാള സാഹിത്യത്തിന് ഈ വിയോഗം താങ്ങാവുന്നതിൽ അപ്പുറമാണ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ സാഹിത്യകാരനെയാണ് നമുക്ക് നഷ്ടമാകുന്നത്.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു എംടി. മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദം ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സാധാരണക്കാരന്റെ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. നിത്യ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങൾ നമ്മൾ ഒക്കെ തന്നെ ആയിരുന്നു. നമ്മുടെ വേദനകളും സന്തോഷങ്ങളും എല്ലാം ആണ് അദ്ദേഹം അക്ഷരങ്ങളിലൂടെ കോറിയിട്ടത്.

പ്രിയ കഥാകാരന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും ഉണ്ടായ വേദനയിൽ ഞാനും പങ്കു ചേരുന്നു.

നടൻ മമ്മൂട്ടി

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംഎം ഹസന്‍

അക്ഷരക്കൂട്ടുകള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ ഇതിഹാസം തീര്‍ത്ത പ്രതിഭയായിരുന്നു എംടി. നാട്ടിന്‍ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത.തലമുറകളെ ആനന്ദിപ്പിച്ച അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ജന്മം കൊണ്ടത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അകക്കണ്ണിലൂടെ ഒപ്പിയെടുത്ത അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പൊളുന്ന വേദനകളും സ്വാംശീകരിച്ച് ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എക്കാലവും വായനക്കാരന്റെ ഉള്ളുലയക്കുന്നവയാണ്. നിളയുടെ കഥാകാരന്‍ കൂടിയായ എംടി വാസുദേവന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്നും എംഎം ഹസന്‍ പറഞ്ഞു.

കെ.സുധാകരന്‍ എം പി

എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു.ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയില്‍ കഥകള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാര്‍ ഏറ്റെടുത്തത്. വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലര്‍ത്തിയ സാഹിത്യകാരനാണ്. താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരന്‍ എംടിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ.സി.വേണുഗോപാല്‍ എംപി

വിഖ്യാത സാഹിത്യകാരനും കഥകളുടെ പെരുന്തച്ചനുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.

മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി.നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്‌നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എംടിയുടെ കഥാപാത്രങ്ങളില്‍ എപ്പോഴും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.ആര്‍ദ്രമായ പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കിയ മലയാളത്തിന്റെ പുണ്യമായിരുന്ന എംടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു.മനസിലും ചിന്തയിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകരുന്ന അക്ഷരങ്ങള്‍ കൊണ്ട് മായികലോകം സൃഷ്ടിക്കുകയും ആ നിര്‍വൃതിയില്‍ തലമുറകളിലെ ആസ്വാദകരെ മോഹിപ്പിക്കുന്ന കഥാപ്രഞ്ചമായിരുന്നു എംടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. ദീർഘകാലത്തെ ഊഷ്മള ബന്ധമാണ് തനിക്ക് എംടിയുമായി ഉണ്ടായിരുന്നത്. നിരവധി പൊതുപരിപാടികളിൽ അദ്ദേഹവുമായി വേദി പങ്കിടാൻ അവസരം ലഭിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ നിറവിൽ നിന്ന അദ്ദേഹത്തെ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഗുരുതര രോഗാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മകൾ അശ്വതിയെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു. ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടർമാരോടും ആശയവിനിമയം നടത്തിയിരുന്നു. ജീവിതത്തിലേക്ക് എം ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി.കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എംടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

 

 

 

Latest