Kerala
കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് പരസ്യപ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍
സിപിഐഎം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നിരുന്നു.
കൊല്ലം | സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായാണ് ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയത്.
കൊള്ളക്കാരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
പ്രാദേശിക സിപിഎം നേതാക്കള്‍ക്കും, തിരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കും എതിരെയാണ് പോസ്റ്ററുകള്‍. ജില്ലാ കമ്മിറ്റി അംഗം പി.ആര്. വസന്തനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ പാര്ട്ടിയല്ലാതാക്കിയ ആളാണ് വസന്തനും സംഘവുമെന്ന് പാര്‍ട്ടിയംഗം പറഞ്ഞു. സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.
നീതി കിട്ടാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതിഷേധവുമായി എത്തിയതെന്ന് വനിതാ നേതാവ് പറഞ്ഞു. നീതി ലഭിക്കണമെന്ന് ഉപരികമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും വനിതാ നേതാവ് പറഞ്ഞു.
സിപിഐഎം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ പ്രതിഷേധം. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നില്‍ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.