Connect with us

Web Special

ദുരന്തമുഖങ്ങളിൽ കാവലാളായ് ഒരാൾ...

വിചാരിക്കുന്ന പോലെ അത്രയെളുപ്പമല്ല അഴുകിയ ജഡങ്ങൾ എടുക്കുന്നതെന്ന് അസീസ്ക പറയുന്നു. തീകൊളുത്തി മരിച്ചവരുടെ കാലില്‍ പിടിക്കുമ്പോള്‍ വെന്ത തൊലിയിളകി കൈയില്‍പോരും. സാനിറ്റൈസറിട്ടു കൈ കകഴുകിയിട്ടും ഡെറ്റോളിട്ടു കുളിച്ചാലും അഴുകിയ മനുഷ്യ ശരീരത്തില്‍നിന്നു കയറിയ പുഴുവിനെ ശരീരത്തില്‍ നിന്ന് കളയാൻ കഴിയാത്ത അനുഭവങ്ങൾ ആ മനുഷ്യനുണ്ട്. ഒരിക്കല്‍ എല്ലാം കഴിഞ്ഞ് ചായ കുടിക്കുമ്പോള്‍ അഴുകിയ തൊലിയുടെ അവശിഷ്ടം മോതിരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന അനുഭവം അസീസ്ക ഓർത്തെടുക്കുന്നു.

Published

|

Last Updated

നമുക്ക് മുമ്പിലൊരാള്‍ അപകടത്തില്‍പെടുമ്പോള്‍, പെട്ടെന്നു ഒരിടത്ത് തീ പടര്‍ന്നു പിടിക്കുമ്പോള്‍, കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞ്  അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വീഴുമ്പോള്‍… നിങ്ങളെന്തു ചെയ്യും? അധികം പേരും സ്വന്തം കാര്യം നോക്കിപോകും. പ്രശ്നത്തിലിടപെട്ടാല്‍ തെല്ലൊരു അപകടസാദ്ധ്യതകൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. എന്നാല്‍ അപൂര്‍വ്വമായി ചിലരുണ്ടാകും. അപകടം സംഭവിക്കുമോ ഇല്ലയോ എന്ന് പോലും നോക്കാതെ അതിസാഹസികമായി അന്യരുടെ രക്ഷകനാകാന്‍! അയാൾക്ക് അമാനുഷിക സിദ്ധി ഒന്നുമുണ്ടാകില്ല. സഹജീവിസ്നേഹം നല്‍കുന്ന കരളുറപ്പ് ഒന്നിന്റെ ബലത്തിലാകും ആ സാഹസിക ദൗത്യം. അങ്ങനെ ഒരാളെകുറിച്ചാണ് പറഞ്ഞുവരുന്നത്. കോഴിക്കോട് ഒളവണ്ണയിലെ നാഗത്തുംപാടത്ത് അബ്ദുല്‍ അസീസ് എന്ന നാട്ടുകാരുടെ പ്രിയങ്കരനായ അസീസ്ക്ക. ആ കണ്ണുകള്‍ കണ്ട ദുരന്തങ്ങള്‍ക്ക്, ആ കൈകൾ പിടിച്ചുയർത്തിയ ജീവിതങ്ങൾക്ക് എണ്ണവും തിട്ടവുമില്ല. നാലായിരം കടന്നുവെന്ന് മാത്രം അസീസ്കക്കറിയാം…

എവിടെയെങ്കിലും അപകടം നടന്നെന്നു കേട്ടാല്‍ അസീസ്ക ഓടിയെത്തും. ഒട്ടേറെ മനുഷ്യരെ മരണമുഖത്ത് നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. മരണത്തിന്റെ തൊട്ടുമുന്നിൽ നിന്നാണ് പലരും അസീസ്കയുടെ കരങ്ങളിലേന്തി ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ചിലപ്പോൾ ആ കൈകളിൽ ഉയർന്നുവരുന്നത് ചേതനയറ്റൊരു ജഢമായിരിക്കും. ഒരുപക്ഷേ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞത്, ആഴ്ചകൾ പിന്നിട്ടത്, ഉറ്റവര്‍ക്ക് പോലും അടുക്കാനാവാത്ത ദുര്‍ഗന്ധമുള്ളത്, പുഴുവരിച്ചു ജീര്‍ണ്ണിച്ചത്… എന്തുതന്നെയായാലും അസീസ്ക അറച്ചുനിൽക്കില്ല. സ്വന്തം ഉത്തരവാദിത്വമെന്ന് കരുതി അവിടെ ചെയ്യേണ്ടതെല്ലാം ചെയ്യും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയിലും മണ്ണിടിച്ചിലുണ്ടായ ഷിരൂരിലുമെല്ലാം സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട് അസീസ്ക.

ദാരിദ്ര്യത്തിന്റെ മാറാപ്പ് പേറിയ ഒരു ബാല്യകാലത്തിൽ നിന്നാണ് അസീസ്കയെന്ന മനുഷ്യസ്നേഹിയുടെ ഉദയം. ഉപ്പ മരിച്ചതില്‍പിന്നേ , ദാരിദ്ര്യമായിരുന്നു ഉമ്മയ്ക്കും മകനും കൂട്ട്. നേന്ത്രവാഴത്തട്ട വെട്ടി ഉപ്പിട്ടു വേവിച്ചതും കപ്പയും കഴിച്ച് പശിയടക്കും. അരി ഭക്ഷണമൊക്കെ അപൂര്‍വ്വമായി മാത്രം. ആ പ്രദേശത്ത് നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങളിലൊന്നും അക്കാലത്ത് അവർക്ക് ക്ഷണമുണ്ടായിരുന്നില്ല. കൊടിയ ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിക്കുന്ന ആ ഉമ്മക്കും മകനും ഉപഹാരം നൽകാൻ കൈയിൽ പണമില്ലാത്തത് തന്നെ കാരണം. പക്ഷേ, കാലമേറെ കടന്നുപോയി. ഇന്ന് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട വീടാണ് അസീസ്ക്കയുടെ വീട്.

പന്ത്രണ്ടാം വയസ്സില്‍ കുടുംബം പോറ്റാനായി പണിക്കിറങ്ങിയതാണ് അസീസ്ക. മണൽ വാരലായിരുന്നു പ്രധാന പരിപാടി. അതിനിടെ, പതിനേഴാം വയസ്സിലാണ് ജീവിതത്തില്‍ വഴിത്തിരിവായ സംഭവമുണ്ടാകുന്നത്.

പുഴയും തോടുകളും നിറഞ്ഞൊഴുകുന്ന ഒരു മഴക്കാലം. കോട്ടുമ്മല്‍ പ്രദേശത്ത് ഒരു കുഞ്ഞ് അബദ്ധത്തില്‍ തോട്ടിൽ വീഴുന്നു. ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും വെറും കാഴ്ചക്കാരായി മാറിയ നിമിഷം. അപകടകരമായ ഒരു കുഴി ആ ഭാഗത്തുണ്ടെന്നറിയുന്നതിനാല്‍ ആ കയത്തിലേക്ക് ഇറങ്ങാൻ തയ്യാറാകാതെ അന്തിച്ചു നിൽക്കുകയാണ് എല്ലാവരും. ആ സമയത്താണ് അസീസ്കയുടെ വരവ്. പതിനേഴാം വയസ്സിന്‍റെ മനക്കരുത്ത് കൊണ്ടാവണം, അസീസ്ക മുൻ പിൻ നോക്കാതെ കുത്തിയൊഴുകുന്ന ആ തോട്ടിലേക്ക് എടുത്തുചാടി. പുഴയില്‍ മുങ്ങിപൊങ്ങിയ കുട്ടിയെ കരങ്ങളിലേന്തിയാണ് അദ്ദേഹം തിരിച്ചുകയറിയത്. ഉടനെ ചെറുവണ്ണൂരിലെ കോയാസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ദൗർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല.‌

അന്ന് തോട്ടിലേക്ക് എടുത്തുചാടിയ അസീസ്കയെ പലരും പഴിച്ചു. സഹതൊഴിലാളികൾ പോലും കുറ്റപ്പെടുത്തി. അതിന് ഒരു കാരണം കൂടിയുണ്ട്. ആ സംഭവത്തോടെ ആ തോട്ടിലെ മണൽവാരൽ നിലച്ചു. പലർക്കും പണി ഇല്ലാതായി. ‘അസീസിന്‍റെ പ്രവൃത്തി കാരണം ഉള്ള പണിയും പോയി’ എന്ന് പലരും പിറുപിറുത്തു.

പക്ഷേ, സംഭവങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. കുട്ടി മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ് കോട്ടുമ്മലിലെ ധനികനും പ്രമുഖനുമായ ഒരു വ്യക്തി ഇവരെത്തേടി വന്നു.

“നിങ്ങള്‍ എത്ര പണിക്കാരുണ്ട്? കൂട്ടത്തില്‍  ആരാണ് പുഴയില്‍ ചാടി കുട്ടിയെ എടുത്തത്?” – അദ്ദേഹത്തിന്റെ ചോദ്യം.

“ഇതാ ഇവനാണ് അസീസ്.. പറഞ്ഞാലും കേള്‍ക്കില്ല. അനുസരണയില്ലാത്തവന്‍…” – സഹതൊഴിലാളികൾ എല്ലാ കലിപ്പും തീർക്കാനെന്നവണ്ണം അസീസിനെ ചൂണ്ടി പറഞ്ഞു.

ഇത് കേട്ടതും ധനികനായ ആ വ്യക്തി അസീസിനെ തോളിൽ തട്ടി അഭിനന്ദിച്ചു. വീട്ടിലേക്ക് ക്ഷണിച്ചു. മഞ്ഞച്ചോറും ഇറച്ചിക്കറിയും വിളമ്പി സല്‍ക്കരിച്ചു. ആ ചോറിന്റെ രുചി അസീസിന്റെ നാവിൽ ഇന്നുമുണ്ട്.

വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു:

“ചോറില്ലല്ല മോനെ, കാര്യം. അപകടത്തിൽ പെടുന്നവരെ രക്ഷിക്കുമ്പോള്‍ പടച്ചോന്‍ തരുന്ന പുണ്യമാണ് വലുത്. പടപ്പുകളെ  രക്ഷിച്ചു പടച്ചോന്‍റെ അനുഗ്രഹം വാങ്ങണം.”

അന്നു മുതല്‍ ഇന്നുവരെ ഉമ്മയുടെയും പിന്നീട് ഭാര്യയയുടേയും കുടുംബത്തിന്‍റേയും നാട്ടുകാരുടേയും പിന്തുണ തന്നെയാണ് അബ്ദുല്‍ അസീസിന്‍റെ കരുത്ത്. ഒരിക്കല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു വാര്‍ഡ് മെമ്പറായതും ഈ പിന്തുണയിൽ തന്നെ. എതിർപാർട്ടിക്കാർക്ക് സ്വാധീനമുള്ള വാർഡായിട്ടുപോലും മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമുള്ള അസീസിന് അവിടെ വിജയം എളുപ്പമായിരുന്നു.

ഒരിക്കലും മറക്കാനാവാത്ത  നടുക്കങ്ങള്‍ നല്‍കിയ ഒട്ടേറെ അനുഭവങ്ങളുണ്ട് ഈ മനുഷ്യന്.

ഒരു ദിവസം രാത്രി. അയല്‍പക്കത്തെ ഒരു ഇരുപത്തിയഞ്ചുകാരിയെ കാണാനില്ലെന്ന് പറഞ്ഞൊരാള്‍ സൈക്കിളില്‍ വീട് തേടിയെത്തുന്നു. കൂടെയിറങ്ങി, തേടിത്തേടി നടന്ന് സമീപത്തെ കിണറിലേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ അതിൽ ഒരാൾ വീണുകിടക്കുന്നതിന്റെ ലക്ഷണങ്ങള്‍…             മനുഷ്യൻ വീണ കിണറുകള്‍ മനസ്സിലാക്കുന്നതിന് ചില അടയാളങ്ങളുണ്ട് അസീസിന്. തവളയും നീര്‍ക്കോലിയും മത്സ്യങ്ങളുമടങ്ങുന്ന കിണറിലെ അന്തേവാസികള്‍ മനുഷ്യശരീരമുള്ള ആഴത്തില്‍ നിന്നു മാറി ജലോപരിതലത്തിൽ വന്നു നില്‍ക്കുമത്രേ. ആ ലക്ഷണം കണ്ടപ്പോള്‍ അസീസിന് കാര്യം പിടികിട്ടി. കാണാതായ പെൺകുട്ടി ആ കിണറ്റിലുണ്ടെന്ന് അസീസ് ഉറപ്പിച്ചു.

പിന്നെ കരയിലെ മരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങി ഇറങ്ങി അസീസ് കിണറിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. ആദ്യം കൈയിൽ തടഞ്ഞത് മൂന്നു വയസ്സുകാരന്‍റെ ശരീരം. ആ നടുക്കം മാറും മുമ്പേ, മറ്റൊരു ആറു വയസ്സുകാരന്‍… അയാളിലെ പിതാവ് ഒന്നു നടുങ്ങി. ഒരു വിറയല്‍ ഉള്ളിലൂടെ കടന്നുപോയി.. പിന്നാലെ കാണാതൊയ 25കാരിയായ അമ്മയുടെ ജഡവും അസീസിന്റെ കൈകളിൽ കുടുങ്ങി. ആ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങലാണെന്ന് അസീസ് പറയുന്നു.

ചാലിയത്തുനിന്ന് മത്സ്യം കയറ്റിപ്പോകുന്ന ലോറി ഓട്ടോയുമായി കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവമാണ് അസീസ് നേരിട്ട മറ്റു നിരവധി ദുരന്തങ്ങളിൽ ഒന്ന്. രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണെങ്കിലും ട്രോമ കെയര്‍ സന്നദ്ധ സേവകനെന്ന നിലയില്‍ അസീസും  മെഡിക്കൽ കോളേജ് ഹോസ്പിറ്റലില്‍  സഹായത്തിനായി നിയോഗിക്കപ്പെട്ടിരുന്നു. അന്ന് ഫ്രീസറില്‍ നിന്ന് കൈയില്ലെടുത്ത ഒന്നരവയസ്സുകാരനായ കുഞ്ഞിന്‍റെ മൃതദേഹം കണ്ട് അസീസ് നടുങ്ങി. വെളുത്ത് സുന്ദരനായ ഒരു കുഞ്ഞ്. ഇന്‍ക്വസ്റ്റിനായി കമിഴ്ത്തിയിട്ടപ്പോള്‍ തലയുടെ പിന്‍ഭാഗമാകെ പൊളിഞ്ഞുമാറിയിരിക്കുന്നു…

കവര്‍ച്ചക്കാര്‍ കഴുത്തില്‍ മുണ്ടിട്ടു കുരുക്കി കൊലപ്പെടുത്തി വയനാട് ചുരത്തിൽ നിന്ന് ആഴമുള്ള കൊക്കയിലേക്കെറിഞ്ഞ എറണാകുളം സ്വദേശിയായ ഡ്രൈവർ റെജിയുടെ മൃതദേഹം ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇറങ്ങിയെടുത്തത് അസീസായിരുന്നു… കേരളത്തിന്‍റെ കണ്ണീരോര്‍മകളായ കടലുണ്ടി ട്രെയിന്‍ അപകടം, പൂക്കിപ്പറമ്പ് ബസ് അപകടം, മിഠായിത്തെരുവ് തീപിടിത്തം.. ഈ മനുഷ്യൻ രക്ഷാദൂതുമായി എത്തിയ എത്രയെത്ര സംഭവങ്ങൾ! ഇത്തവണ മുണ്ടക്കൈ ദുരന്ത ഭൂമിയിലെ അനുഭവം പഴയ അനുഭവങ്ങളെക്കാളേറെ നടുക്കം തരുന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും മണ്ണിലൊടുങ്ങിയ അനവധി മനുഷ്യരുടെ ഹൃദയഭേദകമായ കാഴ്ച ഒരിക്കലും മറക്കില്ല അദ്ദേഹം.

യാദൃശ്ചികത നല്‍കുന്ന അത്ഭുതങ്ങള്‍ തമാശയായി ഓര്‍ത്തെടുക്കുന്നുണ്ട് അസീസ്. ഒരു തോണി മറിഞ്ഞുവെന്നോ, ആളുകൾ വെള്ളത്തില്‍ വീണെന്നോ കേള്‍ക്കുമ്പോള്‍ മിക്കവാറും അദ്ദേഹം വീട്ടിന് പുറത്തായിരിക്കും. റോപ്പും ജാക്കറ്റും മറ്റുപകരണങ്ങളും വീട്ടില്‍ നിന്നെടുത്തു സ്പോട്ടിലെത്താന്‍ ഒരു മണിക്കൂറെങ്കിലുമെടുക്കും. അത്രയും നേരം നാട്ടുകാര്‍ അവരാല്‍ കഴിയും വിധം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടാവും. എങ്കിലും മൃതദേഹങ്ങള്‍ തടയുന്നത് അദ്ദേഹത്തിന്‍റെ കൈയികളിലായിരിക്കും. ഇത്തരം അനുഭവങ്ങളില്‍ ശിക്കാരി ശംഭുവിനോടാണ് അസീസ് സ്വയം തന്നെ ഉപമിക്കുന്നത്. ഇത് തമാശയായി പറയുന്നതാണെങ്കിലും പരിചയവും നിരീക്ഷണവും തന്നെയാണ് അസീസിന്റെ വിജയ രഹസ്യം.

ആഴ്ചയില്‍ ഏഴു ദിവസവും അദ്ദേഹത്തിന് തിരക്ക് തന്നെയാണ്. ബസ്സപകടങ്ങള്‍, ആത്മഹത്യകള്‍, ട്രെയിനിടിച്ചുള്ള മരണങ്ങള്‍… എല്ലായിടത്തും ഓടിയെത്താൻ അസീസ്കയുണ്ടാകും. ഏതാണ്ട് നാലായിരത്തോളം ജഢങ്ങൾ ഈ കാലത്തിനിടക്ക് അസീസ്ക എടുത്തിട്ടുണ്ട്.

വിചാരിക്കുന്ന പോലെ അത്രയെളുപ്പമല്ല അഴുകിയ ജഡങ്ങൾ എടുക്കുന്നതെന്ന് അസീസ്ക പറയുന്നു. തീകൊളുത്തി മരിച്ചവരുടെ കാലില്‍ പിടിക്കുമ്പോള്‍ വെന്ത തൊലിയിളകി കൈയില്‍പോരും. സാനിറ്റൈസറിട്ടു കൈ കകഴുകിയിട്ടും ഡെറ്റോളിട്ടു കുളിച്ചാലും അഴുകിയ മനുഷ്യ ശരീരത്തില്‍നിന്നു കയറിയ പുഴുവിനെ ശരീരത്തില്‍ നിന്ന് കളയാൻ കഴിയാത്ത അനുഭവങ്ങൾ ആ മനുഷ്യനുണ്ട്. ഒരിക്കല്‍ എല്ലാം കഴിഞ്ഞ് ചായ കുടിക്കുമ്പോള്‍ അഴുകിയ തൊലിയുടെ അവശിഷ്ടം മോതിരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന അനുഭവം അസീസ്ക ഓർത്തെടുക്കുന്നു.

ഇന്‍ക്വസ്റ്റും അത്ര എളുപ്പമല്ല. അഴുകിയ ശരീരത്തില്‍ നിന്നുള്ള ഈച്ചകള്‍, വീര്‍ത്ത ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വായു, ചീറ്റിത്തെറിക്കുന്ന രക്തം… പോലീസുകാര്‍ക്കുപോലും അരോചകമായ കാഴ്ചകളാണത്. പുതിയ  സബ്ബ് ഇന്‍സ്പെക്ടറും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്മാരുമൊക്ക സാഹചര്യങ്ങളെ നേരിടാനാവാതെ ഭയന്നുപോയ കഥകളുണ്ട് അദ്ദേഹത്തിന് ഓർത്തെടുക്കാൻ.

എന്താണ് ഈ മനുഷ്യനെ ഇത്തരം പ്രവൃത്തികള്‍ക്കായി സജ്ജമാക്കിയതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. ജീവിതം. ജീവിതം മാത്രം. ചെറുപ്പത്തില്‍ തന്നെ കിണറുപണിക്ക് പോയതിനാൽ ഏതു കിണറിലും ഇറങ്ങാനുള്ള ധൈര്യം ലഭിച്ചിട്ടുണ്ട് അസീസ്ക്ക്ക്. മണല്‍ വാരാന്‍ പുഴയിലിറങ്ങി വെള്ളത്തെ മെരുക്കി. കൃഷിപ്പണിക്ക് പോയി വലിയ മരങ്ങളുടെ ഉച്ചിയില്‍ കയറി ഉയരത്തെ ജയിച്ചു. ദാരിദ്ര്യം നിറഞ്ഞ പഴയ ജീവിതം തന്നെയാണ് തന്‍റെ കരുത്തെന്ന് അസീസ്ക സംശയലേശമില്ലാതെ പറയും.

സന്നദ്ധ സേവനരംഗത്ത് ഉദാത്ത മാതൃകയായ ഈ മനുഷ്യനെ തേടി, ഇതുവരെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അംഗീകാരങ്ങൾ ഒന്നും എത്തിയിട്ടില്ല. അതില്‍ അദ്ദേഹത്തിന് നിരാശയുമില്ല. തന്നേക്കാള്‍ മികച്ച സന്നദ്ധപ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വേറെയുമുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. ഇതിനെല്ലാം മുകളിലായി ഉമ്മയുടെ വാക്ക് വേദവാക്യമായി മനസ്സിൽ സൂക്ഷിക്കുന്നു അദ്ദേഹം. “ഉപകാരം ചെയ്തുകൊടുക്കുന്നവരില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും പ്രതിഫലമായി വാങ്ങരുത് മോനേ” എന്ന ഉമ്മയുടെ വസിയ്യത്ത് അസീസ്ക ഇന്നുവരെ തെറ്റിച്ചിട്ടില്ല.

പലപ്പോഴും പ്രതിഫലമായി പണവും ചിലപ്പോൾ മദ്യം പോലും വാഗ്ദാനം ചെയ്യപ്പെടാറുണ്ട്. പലരും നിർബന്ധിച്ച് പണം കൈയിൽ പിടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കൂടുതൽ നിര്‍ബന്ധിക്കുന്നവരോട് അസീസ് ആവശ്യപ്പെടുക ഇതൊന്നുമല്ല. വീല്‍ചെയര്‍, മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസര്‍, കട്ടില്‍ തുടങ്ങിയ ഉപകരണങ്ങളാണ് അദ്ദേഹത്തിന് ആവശ്യം. അതൊക്കെയും നിസ്സഹായരായ സഹജീവികള്‍ക്കുള്ളതാണ്. അവിടെയും മനുഷ്യത്വത്തിന്റെ നനവുള്ള ഹൃദയം അയാളിൽ മിടിച്ചുകൊണ്ടേയിരിക്കുന്നു.

കോഴിക്കോട്ടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കെല്ലാം അസീസ്ക്കയെ അറിയാം. അതില്‍ കലക്ടറും എഡിഎമ്മും  ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസ് കമ്മീഷണറുമെല്ലാമുണ്ട്. അവരില്‍ നിന്നെല്ലാം നല്ല സഹകരണമാണ് ലഭിക്കാറെന്ന് അസീസ്ക നന്ദിയോടെ ഓർക്കുന്നു. ഷോക്കേറ്റപ്പോള്‍ അസീസ്ക രക്ഷപ്പെടുത്തിയ നാട്ടുകാരനായ മണി, ഭര്‍ത്താവിന്‍റെ ശ്രദ്ധ നേടിയെടുക്കാനായി ചാക്കിന് തീയിട്ട് അപകടത്തിലേക്ക് എടുത്തുചാടിയപ്പോൾ അസീസ്കയുടെ രക്ഷാകരങ്ങളിൽ പെട്ട് ജീവിതം തിരിച്ചുകിട്ടിയ വീട്ടമ്മ.. ഇങ്ങനെ ജീവിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് അസീസ്കയുടെ ജീവിത സാക്ഷ്യങ്ങളായി.

പ്രതിഫലേച്ഛയില്ലാത്ത മനസ്സുമായി, മനസാക്ഷിയുള്ള ഹൃദയവുമായി അസീസ്ക യാത്ര തുടരുകയാണ്. പടച്ചവൻ അനുഗ്രഹിക്കട്ട!

കണ്ടന്റ് റൈറ്റർ

Latest