Kerala
സ്ഥിരം കുറ്റവാളിയെ രണ്ടാംവട്ടവും കാപ്പ ചുമത്തി ജയിലില്‍ അടച്ചു
ഹരിപ്പാട് പിലാപ്പുഴ സൗപര്‍ണികയില്‍ അഭിജിത്ത് (38) നെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്
ഹരിപ്പാട് | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ രണ്ടാംവട്ടവും കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഹരിപ്പാട് പിലാപ്പുഴ സൗപര്‍ണികയില്‍ അഭിജിത്ത് (38) നെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.15ല്‍ അധികം ക്രിമിനല്‍ കേസുകളിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ അഭിജിത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പും അഭിജിത്തിനെ കാപ്പ പ്രകാരം ജയിലില്‍ അടച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട കോടതി എട്ടു വര്‍ഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. കായംകുളം മാന്നാര്‍, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലും പ്രതിയാണ്.
ഒളിവില്‍ ആയിരുന്ന പ്രതിയെ ആലുവയില്‍ നിന്നാണ് പിടികൂടിയത്. എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാര്‍, ബിജുരാജ്, സി പി ഒ മാരായ ശ്യാം, നിഷാദ്, സജാദ്, ശിഹാബ്, പ്രദീപ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.