Connect with us

VD SATHEESHAN@PRESS

സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണ് വീഴാന്‍ അനുവദിക്കില്ല: വി ഡി സതീശന്‍

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം

Published

|

Last Updated

കല്‍പ്പറ്റ | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നടത്തിയ ഭീഷണി പ്രസംഗത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണിടാന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് സതീശന്‍ പറഞ്ഞു. കൊലവിളി പ്രസംഗത്തിന്റെ പേരില്‍ വര്‍ഗീസിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് വയനാട്ടില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍.

ഇടുക്കിയിലെ ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ അറിയുന്ന വ്യക്തിയാണ് സി പി എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി. ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകന വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. ഗുണ്ടാ ഭീഷണിയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ചെറുതോണിയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് വര്‍ഗീസ് സുധാകരനെതിരെ പ്രകോപന പ്രസംഗം നടത്തിയത്. സുധാകരന്റെ ജീവന്‍ സി പി എമ്മിന്റെ ഭിക്ഷണയാണ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ സി പി എമ്മിന് താത്പര്യമില്ലാത്തതുകൊണ്ടാണ്. സി പി എമ്മിന്റെ ശക്തി എന്തെന്ന് സുധാകരന് അറിയണമെന്നും വര്‍ഗീസ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ധീരജ് മരണം ഇരുന്നുവാങ്ങിയതാണെന്ന് സുധാകരന്‍ പ്രസംഗിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് താന്‍ നല്‍കിയതെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.