Connect with us

From the print

വേരുറച്ച ബോധ്യങ്ങളെ അപനിർമിച്ച ചരിത്രകാരൻ

ദളിത്, നസ്രാണി പരമ്പരകളിലായി 140ലേറെ ഗവേഷണ, ചരിത്ര പുസ്തകങ്ങൾ രചിച്ചു

Published

|

Last Updated

സവർണ ചരിത്രഭാഷ്യങ്ങളോടുള്ള നിരന്തര സമരമായിരുന്നു ദളിത് ബന്ധു എൻ കെ ജോസിന്റെ ഗവേഷക ജീവിതം. പ്രമാണിത്തവും രാജവാഴ്ചയും കുലമഹിമയും നിറഞ്ഞുനിന്ന ചരിത്രപുസ്തകങ്ങളിൽ കേരളത്തിന്റെ ശരിയായ ചരിത്രമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് ബദൽ ചരിത്രാന്വേഷണത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്.

“പരശുരാമൻ സൃഷ്ടിച്ച കേരളം’ പോലുള്ള മിത്തുകളെ അദ്ദേഹം വെല്ലുവിളിച്ചത് അതിനും മുമ്പുണ്ടായിരുന്ന സാമൂഹിക ജീവിതത്തെ കണ്ടെടുത്തുകൊണ്ടായിരുന്നു. ഇന്നത്തെ ഹൈന്ദവ ദേവാലയങ്ങളിൽ പലതും ഒരു കാലത്ത് ബുദ്ധ, ജൈന ദേവാലയങ്ങളായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഹിന്ദുത്വയുടെ രാഷ്ട്രീയാഖ്യാനങ്ങളെ തിരുത്തി. കേരളത്തിലെ ബ്രാഹ്മണർ മതം മാറിയവരാണ് ക്രൈസ്തവർ എന്ന “വംശ വിശുദ്ധി’ വാദത്തെ അദ്ദേഹം ഖണ്ഡിച്ചത് ബ്രാഹ്മണർ ഇവിടെ വന്നത് ആറാം നൂറ്റാണ്ടിലല്ലേ, ക്രൈസ്തവർ ഇവിടെ ഒന്നാം നൂറ്റാണ്ടിൽത്തന്നെയില്ലേ എന്ന മറുചോദ്യമുന്നയിച്ചാണ്.

വൈക്കം താലൂക്കിലെ ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച എൻ കെ ജോസ് പിന്നീട് സഭയുടെ തന്നെ വിമർശകനായി. അതിനു മുമ്പ് മൂന്ന് വർഷം അഖില കേരള കത്തോലിക്കാ ജന സെക്രട്ടറി ആയിരുന്നു.
രാഷ്ട്രീയത്തിലും അൽപ്പകാലം പയറ്റി. സ്‌കൂൾ പഠന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടായിരുന്നു ആഭിമുഖ്യം. പിന്നീട് സോഷ്യലിസ്റ്റ് ചേരിയിലായി. ജയപ്രകാശ് നാരായണന്റെ സഹചാരിയായി ആറ് മാസം ദേശീയതലത്തിൽ പ്രവർത്തിച്ചു. ഹിന്ദി വഴങ്ങുന്നില്ലെന്നായപ്പോൾ നാട്ടിലേക്ക് തിരിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

മാർത്താണ്ഡത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് പാർട്ടിയുമായി കലഹിച്ച് രാഷ്ട്രീയം ഉപേക്ഷിച്ചു. അതിനുശേഷമാണ് ദളിത് ചരിത്ര ഗവേഷണങ്ങളിലേക്ക് തിരിയുന്നത്. ദളിത്, നസ്രാണി പരമ്പരകളിലായി 140ലേറെ ഗവേഷണ, ചരിത്ര പുസ്തകങ്ങൾ രചിച്ചു. 1991ൽ ഇന്ത്യൻ ദളിത് ഫെഡറേഷൻ കോട്ടയം തിരുനക്കര മൈതാനത്ത് നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന് ദളിത് ബന്ധു എന്ന പേര് നൽകുന്നത്. പോൾ ചിറക്കരോട്, കല്ലറ സുകുമാരൻ തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രധാന സംഘാടകർ. അതിനുശേഷം അദ്ദേഹം പേരിനൊപ്പം ദേശബന്ധു എന്നുകൂടി ചേർത്തു.
ചരിത്രത്തിൽ വേരുറച്ചുപോയ ബോധ്യങ്ങളെ അടിപടലം പൊളിക്കുന്ന അസംഖ്യം ഗവേഷണങ്ങൾ ബാക്കിവെച്ചാണ് ദളിത് ബന്ധു എൻ കെ ജോസ് കടന്നുപോകുന്നത്.

---- facebook comment plugin here -----

Latest