Connect with us

National

ഗോവയിലേക്ക് ഹണിമൂൺ ട്രിപ്പ് വാഗ്ദാനം ചെയ്തു; കൊണ്ടുപോയത് അയോധ്യയിൽ ക്ഷേത്ര ദർശനത്തിന്; വിവാഹമോചനം തേടി യുവതി

യാത്രക്ക് രണ്ട് ദിവസം മുമ്പാണ് തന്റെ അമ്മക്ക് വാരണാസിയിലും അയോധ്യയിലും പോകാന്‍ ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവ് തന്നോട് പറയുന്നതെന്ന് യുവതി ഹര്‍ജിയില്‍

Published

|

Last Updated

ഭോപ്പാല്‍ | ഗോവയിലേക്ക് ഹണിമൂണ്‍ കൊണ്ടുപോകാമെന്ന് വാക്ക് നല്‍കി അയോധ്യയിൽ ക്ഷേത്ര ദർശനത്തിന് കൊണ്ടുപോയി ഭര്‍ത്താവ് വഞ്ചിച്ചെന്ന് കാണിച്ച് യുവതി വിവാഹ മോചനം തേടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വേറിട്ട സംഭവം. ഭാര്യ വിവാഹ മോചനത്തിനുള്ള ഹര്‍ജി കുടുംബ കോടതിയില്‍ ഫയല്‍ ചെയ്തു. അതിൻമേൽ ഇപ്പോൾ കൗണ്‍സിലിംഗ് നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്ന് കുടുംബ കോടതിയിലെ റിലേഷന്‍ഷിപ് കൗണ്‍സിലര്‍ ഷൈല്‍ അവസ്തി പറഞ്ഞു.

ഐ ടി എഞ്ചിനീയറാണ് യുവാവ്. ഹണിമൂണിനായി വിദേശ രാജ്യത്ത് പോകണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രായമായ മാതാപിതാക്കളെ നാട്ടിലാക്കി വിദേശത്ത് പോകാന്‍ യുവാവ് സമ്മതിച്ചില്ല. പിന്നീടാണ് ഗോവയില്‍ പോകാമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ യാത്രക്ക് രണ്ട് ദിവസം മുമ്പാണ് തന്റെ അമ്മക്ക് വാരണാസിയിലും അയോധ്യയിലും പോകാന്‍ ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവ് തന്നോട് പറയുന്നതെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്ന് യുവതി ഭര്‍ത്താവിനും അമ്മക്കുമൊപ്പം ക്ഷേത്രങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ദമ്പതികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. പീന്നീടാണ് യുവതി വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്.

Latest