Kerala
ഉത്സവാഘോഷത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍
ഉത്സവതിരക്കിനിടെ കവര്‍ച്ചസംഘത്തിലെ സ്ത്രീകള്‍ ചുറ്റും നിന്നും തിരക്കുണ്ടാക്കി ജയയുടെ മാല തട്ടിയെടുക്കുകയായിരുന്നു.
കുളത്തൂപ്പുഴ | കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടിസ്ത്രീകളില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. പാലക്കാട് കൊടിഞ്ഞാമ്പാറ സ്വദേശി ദീപ,തമിഴ്‌നാട് സ്വദേശി പാര്‍വതി എന്നിവരാണ് പിടിയിലായത്. ഇരുവരും തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘത്തില്‍പ്പെട്ടവരാണ്. സ്വര്‍ണമാലയുമായി കടന്നുകളഞ്ഞ പ്രധാനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അമ്പലക്കടവിനു സമീപത്താണ് കവര്‍ച്ച നടന്നത്. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഉത്സവതിരക്കിനിടെ കവര്‍ച്ചസംഘത്തിലെ സ്ത്രീകള്‍ ചുറ്റും നിന്നും തിരക്കുണ്ടാക്കി ജയയുടെ മാല തട്ടിയെടുക്കുകയും തുടര്‍ന്ന് സംഘത്തിലെ പ്രധാനി മാലയുമായി കടന്നുകളയുകയുമായിരുന്നു.
മാലപൊട്ടിയ വിവരം മനസിലാക്കിയ ജയ ബഹളംവെച്ച് കവര്‍ച്ചക്കാരില്‍ രണ്ടുപേരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിന് വ്യക്തമായി.
കേരളത്തിലെ വിവിധ പോലീസ് സറ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.