National
ഗുജറാത്തിലെ പാക്കേജിംഗ് കമ്പനിയില്‍ വന്‍ തീപിടിത്തം
നിലവില്‍ ആളപായമില്ലെന്ന് എസ്പി ബറൂച്ച് ലീന പാട്ടീല്‍ പറഞ്ഞു.
ബറൂച്ച്| ഗുജറാത്തിലെ ബറൂച്ച് നഗരത്തിലെ ഒരു പാക്കേജിംഗ് കമ്പനിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ജിഐഡിസി) ഏരിയയിലെ നര്‍മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
നര്‍മ്മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം ഉണ്ടായെന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് ഉണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്. വെള്ളവും നുരയും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. 15 ഓളം ഫയര്‍ ടെന്‍ഡറുകള്‍ ഇവിടെയുണ്ട്. നിലവില്‍ ആളപായമില്ലെന്നും എസ്പി ബറൂച്ച് ലീന പാട്ടീല്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ്, മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു നിര്‍മ്മാണ യൂണിറ്റില്‍ സ്റ്റോറേജ് ഭാഗത്ത് ‘ട്രേ ഡ്രയര്‍’ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായിരുന്നു. എംഐഡിസി ഏരിയയിലെ ഹെല്‍ത്തി ലൈഫ് ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായതെന്ന് ജില്ലാ ദുരന്തനിവാരണ സെല്‍ മേധാവി വിവേകാനന്ദ കദം പറഞ്ഞു. അതേ ദിവസം വടക്കന്‍ ഡല്‍ഹിയിലെ പുല്‍ബംഗഷ് മെട്രോ സ്റ്റേഷന് സമീപമുള്ള റോഷനാര റോഡിലെ ഫാക്ടറിയിലും തീപിടിത്തമുണ്ടായിട്ടുണ്ട്.