Eranakulam
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം
സൗത്ത് റെയിൽവേ സ്റ്റേഷന്റെ ആറാം പ്ലാറ്റ്ഫോമിന് സമീപത്തെ ആക്രിക്കടയിലാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ വൻ തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.
കൊച്ചി | എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ആറാം പ്ലാറ്റ്ഫോമിന് സമീപത്തെ ആക്രിക്കടയിലാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വന്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ ആക്രി കടയില്‍ ഉണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് അതിഥി തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. മൂന്നു മണിക്കൂറോളമെടുത്താണ് തീ കെടുത്തിയത്. സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി കടക്കാണ് തീപ്പിടിച്ചത്.
ഗോഡൗണിന് സമീപത്തെ ഒരു വീട് കത്തിനശിച്ചു. ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗോഡൗണിന് സമീപത്തെ വീടുകളിലെയും ലോഡ്ജിലെയും താമസക്കാരെ ഒഴിപ്പിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു. റെയില്‍വേ മേല്‍പാലം വഴിയുള്ള ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്.
അതേസമയം തീയെ തുടര്‍ന്നുണ്ടായ വിഷപ്പുക പടരുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. പ്രദേശത്ത് മഴ പെയ്യുന്നത് വിഷപ്പുക വ്യാപിക്കുന്നത് തടയാന്‍ സഹായകമാകുന്നുണ്ട്. ഗോഡൗണിന് പിന്നിലുള്ള പ്ലാസ്റ്റിക് കൂനക്ക് ആരോ തീയിട്ടതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് കടയുടമ പറഞ്ഞു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി എ സി പി. രാജ്കുമാര്‍ പറഞ്ഞു.