Malabar Movement 1921
വാഗണിലെ നിലവിളികള്‍ക്ക് നൂറാണ്ട്
നിരവധി പുരാരേഖകള്‍ ഈ കൂട്ടക്കൊലയെ സംബന്ധിച്ച് ലഭ്യമാണ്. വിശദമായ ഒരു പഠനം ഇതുസംബന്ധിച്ച് നടന്നിട്ടില്ല എന്നത് പ്രത്യേകം പറയേണ്ടതാണ്. വാഗണ്‍ കൂട്ടക്കൊലയെ സംബന്ധിച്ച പുതിയ സ്മാരകങ്ങള്‍ ഉണ്ടാകണം. വാഗണ്‍ ചിത്രങ്ങള്‍ വരക്കുന്നത് വരെ തടയുന്ന കാലഘട്ടമാണിത്. അതുകൊണ്ട് അവരെ സ്മരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
കേരള ചരിത്രത്തില്‍ ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊളോണിയല്‍ ക്രൂരതയായി രേഖപ്പെടുത്തപ്പെട്ട സംഭവമാണ് വാഗണ്‍ ട്രാജഡി. കൊളോണിയല്‍ രേഖകളില്‍ ഇതിനെ വാഗണ്‍ ട്രാജഡി എന്നാണ് രേഖപ്പെടുത്തപ്പെട്ടത് എങ്കിലും, അത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു കൊലപാതകമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുള്ളവര്‍ക്ക് ബോധ്യപ്പെടും.
അതുകൊണ്ട് ഈ സംഭവത്തെ മലബാര്‍ കൂട്ടക്കൊല എന്നോ വാഗണ്‍ കൂട്ടക്കൊല എന്നോ ആണ് വിളിക്കേണ്ടത്. ഇത്തരത്തില്‍ നടന്ന ഒരു സംഭവമാണ് 1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ഇതും തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു സംഭവം എന്ന നിലക്കാണ് ബ്രിട്ടീഷുകാര്‍ ആദ്യകാലത്ത് രേഖപ്പെടുത്തിയത്. പില്‍ക്കാലത്താണ് നിശിത ഇന്ത്യന്‍ വിമര്‍ശനത്തിനും ജനാധിപത്യവാദികളുടെ വിമര്‍ശനത്തിനും വിധേയമായി ജാലിയന്‍വാലാബാഗ് മസാക്കര്‍ എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അത്രത്തോളം ഗൗരവമായി ഇന്ത്യന്‍ ചരിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ സംഭവമാണ് വാഗണ്‍ കൂട്ടക്കൊല.
1921 നവംബര്‍ 19ന് രാത്രി മലബാറിലെ കലാപ സമയത്ത് വിവിധ സമുദായത്തില്‍പ്പെട്ട നിരപരാധികളും മലബാര്‍ സമരത്തില്‍ പങ്കാളികളും എന്നാല്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരുമായ ഇരുന്നൂറോളം ആളുകളെ ഏറനാട് വള്ളുവനാട് മേഖലയില്‍ നിന്ന് പിടികൂടി വിചാരണ ചെയ്ത് മലപ്പുറത്തേക്ക് എത്തിച്ചു. മലപ്പുറത്തു നിന്ന് ആ 200 പേരെ തുണി കൊണ്ട് കൈകള്‍ കെട്ടി തിരൂരിലേക്ക് നടത്തിക്കൊണ്ടുപോയി. ബ്രിട്ടീഷുകാരുടെ മര്‍ദനത്തിന്റെയും നടത്തിക്കൊണ്ടുപോയതിന്റെയും ക്ഷീണവും മുറിവുകളും കാരണം ഇവര്‍ നന്നായി അവശരായിരുന്നു. അവരില്‍ നൂറ് പേരെ തിരൂരിലെ, അന്ന് ലഭ്യമായിരുന്ന ജയിലുകളില്‍ താമസിപ്പിച്ചു. ബാക്കി വന്നവരെ അന്നുതന്നെ ബെല്ലാരി ജയിലിലേക്ക് മാറ്റാനും തീരുമാനിച്ചു.
നാട്ടുകാര്‍ കാണാതെ ഈ 100 പേരെ ട്രെയിനില്‍ കൊണ്ടുപോകുന്നതിന് സൗകര്യം ഉണ്ടാകാത്തത് നിമിത്തം, തിരൂരില്‍ ലഭ്യമായിരുന്ന റെയില്‍വേ ടെലഗ്രാഫ് വസ്തുക്കള്‍ കൊണ്ടുപോകുന്ന 1711 എന്ന അടച്ചിട്ട, മൂന്ന് മുറികളുള്ള ചരക്ക് വാഗണില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി 7-15ന് കോഴിക്കോട് നിന്ന് തിരൂരില്‍ എത്തുന്ന 77ാം നമ്പര്‍ മദ്രാസ് വണ്ടിയില്‍ ഈ വാഗണ്‍ കൂട്ടിച്ചേര്‍ത്താണ് 100 പേരെ ഒരു വാഗണിലെ മൂന്ന് മുറികളിലേക്കായി ഇടിച്ചു കയറ്റി കൊണ്ടുപോകുന്നത്. വായുസഞ്ചാരം ഇല്ലാത്ത, പുതിയ പെയിന്റ് അടിച്ച ഒരു വാഗണ്‍ ആയതുകൊണ്ടുതന്നെ മധ്യഭാഗത്തെ മുറിയില്‍പ്പെട്ട ആളുകള്‍ യാത്ര തുടങ്ങിയ ഉടനെ തന്നെ ശ്വാസം കിട്ടാതെ, മലിനവായു ശ്വസിച്ച് മരണപ്പെടാന്‍ തുടങ്ങി. ഇരു സൈഡിലുള്ള മുറികളില്‍പ്പെട്ട ആളുകള്‍ ദാഹജലത്തിനും വായുവിനുമായി മരണ വെപ്രാളത്തില്‍ പരസ്പരം കടിച്ചും മാന്തിയും ഉള്ളില്‍ കഴിഞ്ഞുകൂടി. ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ എല്ലാം ചുമരുകളില്‍ ആഞ്ഞടിച്ച് ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാനും ഇതില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു.
പക്ഷേ ഇത് കേട്ട ആളുകളോ അനുഗമിച്ച പോലീസോ ഇവര്‍ക്ക് സഹായം നല്‍കാത്തത് കാരണം ഈ വണ്ടി മുന്നോട്ടു ചലിക്കുന്തോറും ആളുകള്‍ ബോധരഹിതരായി താഴെ വീണു. ഒറ്റക്കാലില്‍ പോലും നില്‍ക്കാന്‍ സ്ഥലമില്ലാതിരുന്ന ഈ വാഗണിലെ നിരവധി പേര്‍ മരിച്ചുവീഴാനും തുടങ്ങി.
ജീവന്‍ അവശേഷിച്ചവരില്‍ ചിലര്‍ പൂര്‍ണമായി വിയര്‍ക്കുകയും വിയര്‍പ്പ് നിറഞ്ഞ തുണി പിഴിഞ്ഞ് ദാഹജലം കുടിച്ചതായുമൊക്കെ രക്ഷപ്പെട്ട ആളുകള്‍ പിന്നീട് പറയുകയുണ്ടായി. ഈ വണ്ടി രാത്രി 12-30ന് കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ എത്തിയപ്പോള്‍ അവിടെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഗണ്‍ തുറന്നു. അതിലുണ്ടായിരുന്നവരില്‍ 56 പേര്‍ മരണപ്പെട്ടിരുന്നു.
സമീപ പ്രദേശത്തെ മിലിട്ടറി ഡോക്ടര്‍മാര്‍ ഇവരുടെ മരണം സ്ഥിരീകരിച്ചു. ശ്വാസംമുട്ടിയാണ് ഇവര്‍ മരണപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഈ സംഭവം പോത്തന്നൂര്‍ സ്‌റ്റേഷനില്‍ തിങ്ങിക്കൂടിയ ആളുകള്‍ കാണുകയും അവരിലൂടെയാണ് ഈ വാര്‍ത്ത പുറംലോകമറിയുകയും ചെയ്യുന്നത്. കന്നുകാലികള്‍ക്ക് പോലും സഞ്ചരിക്കാന്‍ ആകാത്ത ഒരു ചരക്ക് വാഹനമാണ് ഈ വാഗണെന്ന് പില്‍ക്കാലത്ത് ഇതന്വേഷിച്ച, ബ്രിട്ടീഷ് ക്രൂരതയെ വിമര്‍ശിക്കുന്ന ആളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാഹജലത്തിന് വേണ്ടി ഈ വാഗണില്‍ നിന്ന് പുറത്തുള്ള ആളുകളെ വിളിച്ചുകരഞ്ഞപ്പോള്‍ അത് അവഗണിച്ച്, മലബാറിലെ ആളുകളെപ്പോഴും ഇങ്ങനെ വെള്ളംകുടിക്കുന്ന സ്വഭാവക്കാരാണെന്നും അവര്‍ക്ക് തിരൂരില്‍ നിന്ന് വേണ്ടത്ര വെള്ളം കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് അതിനെ അവഗണിച്ച, ഇതിനെ പിന്തുടര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ആന്‍ഡ്രൂസും സഹ ബ്രിട്ടീഷ് പോലീസുകാരുമാണ് ഇവരുടെ മരണത്തിന് പ്രധാനപ്പെട്ട ഉത്തരവാദികള്‍. ആളുകളെ ഇങ്ങനെ കൊണ്ടുപോകാന്‍ പാടില്ലായെന്ന നിയമം റെയില്‍വേയില്‍ ഉണ്ടായിരുന്നു. എന്നിട്ടും അതിന് അനുമതി നല്‍കിയ റീവ് എന്ന റെയില്‍വേ ഇന്‍സ്‌പെക്ടറും ഇതിന് ഉത്തരവാദിയായിരുന്നു. തടവുപുള്ളികളെ അടിയന്തരമായി ബെല്ലാരിയിലേക്ക് അടച്ചിട്ട വാഗണില്‍ കൊണ്ടുപോകണമെന്ന തീരുമാനമെടുത്ത, മലബാറില്‍ കലാപം അടിച്ചമര്‍ത്താന്‍ വേണ്ടി നിയോഗിക്കപ്പെട്ട എ ആര്‍ നാപ്പ് എന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു ഈ നിയമലംഘനത്തിനും ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കും തുടക്കമിട്ടത്. അദ്ദേഹവും ഇതിലെ പ്രധാനപ്പെട്ട കുറ്റവാളിയാണ്. മലബാറിലെ ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഹിച്ച് കോക്കും ഇ എഫ് തോമസും ഈ തീരുമാനത്തില്‍ പങ്കാളികളായിരുന്നുവെന്ന് പില്‍ക്കാലത്ത് ഇതിന്റെ രേഖകള്‍ പരിശോധിച്ച ആളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ പട്ടാളം വളഞ്ഞ് പിടികൂടിയ ആളുകളെയാണ് ഇത്തരത്തില്‍ തടവുകാരായി തിരൂരിലേക്ക് എത്തിച്ചത്. അവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗം ആളുകളും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ജന്മിത്വ വ്യവസ്ഥയില്‍ കര്‍ഷക തൊഴിലാളികളായി ജീവിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ആശാരിപ്പണിയെടുക്കുന്നവരും തട്ടാന്മാരും ചെറിയ ചായപ്പീടിക നടത്തുന്നവരും പള്ളികളില്‍ ഖുര്‍ആന്‍ ഓതി നടക്കുന്നവരും മുസ്‌ലിയാക്കന്മാരും ഇതിലുണ്ടായിരുന്നുവെന്ന് ഇവരുടെ മരണവുമായി ബന്ധപ്പെട്ട പുരാരേഖകളില്‍ നിന്ന് മനസ്സിലാക്കാം. ഈ ആളുകള്‍ ചെയ്ത കുറ്റം, ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിമാര്‍ക്കെതിരെയും നടന്ന സമരത്തില്‍ പങ്കാളികളായി എന്നതാണ്. ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തുള്ള പുരുഷ വര്‍ഗത്തിന് നേരേ നടത്തിയ വലിയ അതിക്രമവും അന്യായമായുള്ള അറസ്റ്റും പട്ടാള നടപടിയുമായിരുന്നു ഇതെന്ന് തെളിവുകള്‍ വ്യക്തമാക്കിത്തരുന്നു. ഇതിന് ആസൂത്രണം ചെയ്തത് എ ആര്‍ നാപ്പും മലബാറിലെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്മാരും ആയിരുന്നു. ഇത്തരത്തില്‍ ഒരു വാഗണില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയാല്‍ അവര്‍ മരണപ്പെടുമെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. മനുഷ്യ ജീവന് യാതൊരു വിലയും കൊടുക്കാതെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ മുന്‍കാലത്തും ചെയ്തിരുന്നു. 1921 സെപ്തംബര്‍ രണ്ട് മുതല്‍ ബ്രിട്ടീഷുകാര്‍ ഇങ്ങനെ നിരവധി വാഗണുകളില്‍ ആളുകളെ കൊണ്ടുപോയിട്ടുണ്ടെന്ന് അവരുടെ തന്നെ നിയമസഭയിലെ രേഖകളില്‍ കാണാന്‍ സാധിക്കും. അതിലൊന്ന് മാത്രമാണ് പുറം ലോകമറിഞ്ഞത് എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇവരെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നത് മലബാറിന് പുറത്തെ താത്കാലിക ജയിലുകളിലേക്കായിരുന്നു. ഹീനമായ സാഹചര്യത്തില്‍ അവര്‍ തടവുകാരെ പാര്‍പ്പിച്ചു. കൊടും പീഡനം ഏല്‍പ്പിച്ചു. വളരെ മോശമായ കാലാവസ്ഥയിലും തുറന്ന ജയിലുകളില്‍ ചങ്ങലക്കിട്ട് താമസിപ്പിച്ചു. അത് കാരണമായി നിരവധി പേരുടെ ജീവന്‍ നഷ്ടമായി. ഈ വിധത്തില്‍ കിരാത വാഴ്ചകള്‍ നടന്ന ജയിലാണ് ബെല്ലാരിയിലേത്. ഈ നൂറ് പേരെ ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 56 പേര്‍ മരണപ്പെട്ടത്. 56 പേര്‍ക്ക് പുറമെ ആരോഗ്യ സ്ഥിതി വളരെ മോശമായ 14 പേര്‍ ആശുപത്രിയില്‍ വെച്ചും ജയിലില്‍ വെച്ചും കൊല്ലപ്പെടുകയുണ്ടായി.
അങ്ങനെയാണ് 70 പേര്‍ ഈ വാഗണ്‍ കൂട്ടക്കൊലയില്‍ ജീവന്‍ വെടിഞ്ഞത്. അവര്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ രക്തസാക്ഷികളായി മാറിയത്.
മനുഷ്യാവകാശം അതിന്റെ പൂര്‍ണ തോതില്‍ ലംഘിക്കപ്പെട്ട ഒന്നായിരുന്നു ഈ സംഭവം. ഈ വാര്‍ത്ത ക്രമേണ അമേരിക്കയിലെയും യൂറോപ്പിലെയും പത്രങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ നിശിത വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാറിന് ഇന്ത്യന്‍ ഭരണത്തില്‍ ഇടപെടേണ്ടി വരികയും ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റ് മദ്രാസ് ഗവണ്‍മെന്റിന് നിര്‍ദേശം കൊടുത്തതിനാല്‍ അന്വേഷണവും നടന്നു.
ആദ്യമായി അന്വേഷിച്ചത് റെയില്‍വേ തന്നെയാണ്. അവര്‍ നടത്തിയ അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ബര്‍ണാഡിക്‌സണ്‍ എന്ന ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ അന്വേഷണത്തിനൊടുവില്‍, റെയില്‍വേ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ഇത് നോക്കേണ്ടിയിരുന്ന റീവ് എന്ന റെയില്‍വേ ഇന്‍സ്‌പെക്ടറാണ് ഇതിന് ഉത്തരവാദിയെന്നും വ്യക്തമായി അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം മദ്രാസ് സര്‍ക്കാര്‍ വാഗണ്‍ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ എ ആര്‍ നാപ്പ് എന്ന മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷണറെ നിയോഗിച്ചു. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തയാള്‍ തന്നെ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി വന്നത് വലിയ വിരോധാഭാസമായിരുന്നു. നാപ്പ് കമ്മീഷനില്‍ മൂന്ന് മലയാളികള്‍ അംഗങ്ങളായി നിയോഗിക്കപ്പെട്ടു. മങ്കട കൃഷ്ണവര്‍മ രാജ, കല്ലട മൊയ്തുട്ടി സാഹിബ് എന്നിവരായിരുന്നു രണ്ട് പേര്‍.
അവര്‍ രണ്ട് പേരും, അന്വേഷണ കമ്മീഷനിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോക്കിയാല്‍, ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിച്ചത്. മഞ്ചേരി രാമയ്യരായിരുന്നു മൂന്നാമത്തെയാള്‍.
നിയമവിദഗ്ധനായ അദ്ദേഹം ഈ വാഗണ്‍ പൂര്‍ണമായി പരിശോധിക്കുകയും മനുഷ്യരുടെ യാത്രക്ക് സാധ്യമായ ഒന്നല്ല ഇതെന്ന് തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. നൂറ് പേരെ ഇതില്‍ തള്ളിക്കയറ്റിയത് മരണം ഉറപ്പാണെന്ന് ബോധ്യപ്പെട്ടുകൊണ്ടാണെന്നും അതിനുള്ള ഉത്തരവാദികള്‍ക്ക് റെയില്‍വേ നിയമം അനുസരിച്ച് തന്നെ കടുത്ത ശിക്ഷ ലഭിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ വാദമുള്‍ക്കൊള്ളിക്കാന്‍ എ ആര്‍ നാപ്പും രണ്ട് മലയാളികളും അനുവദിച്ചില്ല. അങ്ങനെ നാപ്പ് കമ്മീഷന്റെ അനുബന്ധ രേഖയായിട്ടാണ് മഞ്ചേരി രാമയ്യരുടെ വാദങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ബോധപൂര്‍വമായ കൊലപാതകമാണ് നടന്നത് എന്ന് മഞ്ചേരി രാമയ്യര്‍ അന്ന് തന്നെ ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മാപ്പിള ട്രെയിന്‍ ട്രാജഡി എന്ന് ബ്രിട്ടീഷുകാര്‍ ചിലയിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ കലാപത്തെ മാപ്പിള കലാപമായി മുദ്രകുത്തുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നു. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കി അവര്‍ ഇന്ത്യയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് വെള്ളപൂശുക എന്നതായിരുന്നു ലക്ഷ്യം. മാപ്പിളമാര്‍ മാത്രമല്ല ഈ ട്രെയിനില്‍ അടക്കപ്പെട്ടത്. മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ ഹിന്ദുക്കളായിരുന്നു. മലബാര്‍ കലാപത്തിലും നിരവധി ഹിന്ദുക്കള്‍ പങ്കെടുത്തിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ ക്രൂരതകളാണ് അവരുടെ വാഴ്ചക്ക് പ്രധാനപ്പെട്ട ഉപകരണമായി മാറിയത്. 1921 ആഗസ്റ്റില്‍ തുടങ്ങിയ മലബാര്‍ കലാപം പോലോത്തത് ഇനിയൊരിക്കലും ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് ഒമ്പതോളം പട്ടാള കമ്പനികള്‍ മലബാറിനെ വളയുകയും അതുവരെ കേട്ടുകേള്‍വിയില്ലാത്ത നരവേട്ട നടത്തുകയും ചെയ്തത്. അതിന്റെ ഭാഗമാണ് വാഗണ്‍ കൂട്ടക്കൊലയും. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ തന്നെയാണ് ഈ വാഗണില്‍ കൂട്ടക്കൊലക്കിരയാക്കിയതും. അതുകൊണ്ട് വാഗണ്‍ കൂട്ടക്കൊല ആ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കണ്ടെത്താം.
വാഗണ്‍ കൂട്ടക്കൊല നടന്ന ശേഷം മലബാര്‍ സമരം ക്രൂരമായി അടിച്ചമര്‍ത്തി. ഇത്തരത്തിലുള്ള ഒരു കലാപം ഇനിയുണ്ടാകില്ലെന്നും ഇന്ത്യ എക്കാലത്തും അവരുടെ പൊതു സ്വത്തായി മാറിയെന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ കലാപാനന്തരം ആളുകള്‍ ഒറ്റക്കും തെറ്റക്കുമായി വിവിധ പ്രതിഷേധങ്ങള്‍ നടത്തി. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ മലബാറില്‍ കൊല്ലപ്പെട്ട പോരാളികളുടെ ഓര്‍മ പുതുക്കുന്ന സമ്മേളനങ്ങളും ഉണ്ടായിരുന്നുവെന്ന് 1931ലെ വടകര സമ്മേളനം പറയുന്നുണ്ട്.
വിട്ടയക്കപ്പെട്ട തടവുകാരുടെ ഒരു യോഗം അന്ന് നടന്നിരുന്നു. മലബാര്‍ കലാപത്തില്‍ പിടിക്കപ്പെട്ട കുറെയാളുകളെ 1930 ആകുമ്പോഴേക്കും പുറത്തുവിട്ടിരുന്നു. അവരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളന പന്തലില്‍ ഒരു വാഗണിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. വാഗണില്‍ അടക്കപ്പെട്ടത് സ്വാതന്ത്ര്യ സമര സേനാനികളായിരുന്നുവെന്നും മരണപ്പെട്ടവര്‍ക്ക് സ്മാരകം പണിയണമെന്നും അന്ന് ആലോചനയുണ്ടായിരുന്നുവെന്ന് രേഖകളില്‍ നിന്ന് കണ്ടെത്താം. പക്ഷേ അത് നിര്‍ഭാഗ്യവശാല്‍ നടന്നില്ല. പില്‍ക്കാലത്ത് ഹിച്ച് കോക്കിന്റെ ഒരു സ്മാരകം വള്ളുവമ്പ്രത്ത് സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം അത് പൊളിച്ചുമാറ്റി പകരം വാഗണ്‍ ട്രാജഡി ബസ് സ്റ്റോപ്പ് പണിയുകയും ചെയ്തു. ഒരു ട്രെയിനിന്റെ മാതൃകയില്‍ വാഗണ്‍ ട്രാജഡി ബസ് സ്‌റ്റോപ്പ് പണിതത് അവര്‍ക്കുള്ള ആദ്യ സ്മാരകമായിരുന്നു. വി ജെ തങ്കപ്പന്‍ തദ്ദേശ സ്വയംവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തിരൂരില്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളും നിര്‍മിച്ചു.
1980കളില്‍ അബ്ദു ചെറുവാടി എഴുതിയ വാഗണ്‍ ട്രാജഡി സ്മരണിക, ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ചിലയാളുകളുടെ അഭിമുഖത്തോടെയാണ് പുറത്തിറങ്ങിയത്. നിരവധി പുരാരേഖകള്‍ ഈ കൂട്ടക്കൊലയെ സംബന്ധിച്ച് ലഭ്യമാണ്. വിശദമായ ഒരു പഠനം ഇതുസംബന്ധിച്ച് നടന്നിട്ടില്ല എന്നത് പ്രത്യേകം പറയേണ്ടതാണ്. വാഗണ്‍ കൂട്ടക്കൊലയെ സംബന്ധിച്ച പുതിയ സ്മാരകങ്ങള്‍ ഉണ്ടാകണം. വാഗണ്‍ ചിത്രങ്ങള്‍ വരക്കുന്നത് വരെ തടയുന്ന കാലഘട്ടമാണിത്. അതുകൊണ്ട് അവരെ സ്മരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.