From the print
ഇനി മടക്കമില്ലാത്ത യാത്ര;നെഞ്ചുരുകി വിട
മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം എത്തിയത് രാവിലെ 11.30ന് • ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ നൽകി
കൊച്ചി | കുവൈത്ത് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഒരുമിച്ച് ജീവിച്ചവർ ഒരു വിമാനത്തിൽ അവസാന യാത്രക്കായി ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ നാട് ഒന്നടങ്കം വിതുമ്പി. പ്രിയപ്പെട്ടവരെ ഏറ്റുവാങ്ങാൻ നാടൊട്ടുക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
23 മലയാളികളെ കൂടാതെ തമിഴ്‌നാട് സ്വദേശികളായ ഏഴ് പേരുടെ മൃതദേഹങ്ങൾ തമിഴ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ എസ് മസ്താനും കർണാടക സ്വദേശിയുടെ മൃതദേഹം അവിടെ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. രാവിലെ 11.30ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ കാർഗോ ടെർമിനൽ ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിന്നാണ് ബന്ധുക്കൾ ഉൾപ്പെടെ ഏറ്റുവാങ്ങിയത്. കർണാടക സ്വദേശിയുടെ മൃതദേഹം മറ്റൊരു വിമാനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോയി. കാർഗോ ടെർമിനലിന് സമീപം 17 മേശകളിലാണ് മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ െവച്ചത്. ഒരു മേശയിൽ രണ്ട് പെട്ടികൾ വീതമാണ് വെച്ചത്.
ദുരന്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ്, കെ എസ് മസ്താൻ എന്നിവർ ചേർന്ന് ആദ്യം അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രി ബാക്കി 29 മൃതദേഹത്തിലും പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 23 ആംബുലൻസുകളിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ ആംബുലൻസിനും കേരള പോലീസിന്റെ പൈലറ്റ് വാഹനവും കൂടെയുണ്ടായിരുന്നു. തമിഴ്‌നാട് ആംബുലൻസിന് സംസ്ഥാന അതിർത്തി വരെയും പോലീസ് അകമ്പടി നൽകി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി രാജീവ്, കെ രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പിമാരായ കെ രാധാകൃഷ്ണൻ, ഹൈബി ഈഡൻ, ബെന്നി െബഹ്്നാൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എം എൽ എമാരായ റോജി എം ജോൺ, അൻവർ സാദത്ത്, ടി ജെ വിനോദ്, മാണി സി കാപ്പൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, തമിഴ്‌നാട് പോലീസ് കമ്മീഷണർ കൃഷ്ണമൂർത്തി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
യാത്രാമൊഴി
• ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ ഭൗതിക ശരീരം ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാലോടെ കുന്ദംകുളം അടുപ്പുകുട്ടി നാഗൽ ഗാർഡൻ ബറിയൽ ഗ്രൗണ്ടിൽ എത്തിച്ചു. അഞ്ചരയോടെ സംസ്‌കരിച്ചു.
• കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ശമീറിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. താമരക്കുളം കല്ലൂർ പള്ളി മുസ്്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
• കൊല്ലം കടവൂർ മതിലിൽ കന്നിമൂല സുമേഷിന്റെ മൃതദേഹം വൈകിട്ട് 3.45ന് വീട്ടിലെത്തിച്ചു. മന്ത്രി ജെ ചിഞ്ചുറാണിയും എൻ കെ പ്രേമചന്ദ്രൻ എം പിയും വീട്ടിലെത്തിയിരുന്നു.
• തിരുവനന്തപുരം ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന്റെ ഭൗതിക ദേഹം വൈകിട്ട് നാലോടെ നെടുമങ്ങാട് പൂവത്തൂരിലെ ഭാര്യാ വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉഴമലക്കൽ കുര്യാത്തിയിലുള്ള കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് 5.30ന് സംസ്‌കരിച്ചു. മന്ത്രി ജി ആർ അനിൽ, ജി സ്റ്റീഫൻ എം എൽ എ, നെടുമങ്ങാട് ആർ ഡി ഒ, തഹസിൽദാർ, നാട്ടുകാർ, ബന്ധുക്കൾ ആദരാഞ്ജലി അർപ്പിച്ചു.
• തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മൻ, പാണ്ടനാട് സ്വദേശി മാത്യു തോമസ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലാ കലക്്ടർ എസ് പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ നായരുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. പന്തളം സ്വദേശി ആകാശിന്റെ മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
• പുനലൂർ നരിക്കൽ വാഴവിള സാജൻ വില്ലയിൽ സാജൻ ജോർജിന്റെ മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങി. ഇന്ന് ഉച്ചക്ക് രണ്ടിന് നരിക്കൽ ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
• കൊല്ലം ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ വി ഒ ലൂക്കോസിന്റെ (സാബു- 48) സംസ്‌കാരം ഇന്ന് രാവിലെ 11ന്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പൂയപ്പള്ളി നാൽക്കവല എബനേസർ ഐ പി സി സെമിത്തേരിയിൽ സംസ്‌കരിക്കും.
• മരിച്ച മൂന്ന് കണ്ണൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ധർമടം കോർണേഷൻ സ്‌കൂളിന് സമീപം വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണ (34), ചെറുപുഴ വയക്കരയിലെ നിതിൻ (27), കുറുവ സ്വദേശി ഉണ്ണാങ്കണ്ടി വീട്ടിൽ കെ അനീഷ് കുമാർ (56) എന്നിവരാണ് മരിച്ചത്. വിശ്വാസ് കൃഷ്ണയുടെ മൃതദേഹം വീട്ടു വളപ്പിലും നിതിന്റെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്‌കരിച്ചു. അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് കാലത്ത് പയ്യാമ്പലത്ത് സംസ്‌കരിക്കും.