up mafia attack
മുന്‍ എംപി ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ന്യൂഡല്‍ഹി| കൊലക്കേസ് പ്രതിയും മുന്‍ എംപിയുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. സംഭവത്തില്‍ 17 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. ആതിഖ് അഹമ്മദ് കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് യു പി, എ ഡി ജി പി അറിയിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പോലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2005ല്‍ ബി എസ് പി എം എല്‍ എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.
മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോകും വഴിയാണ് ആതിഖ് അഹമ്മദും സഹോദരനും നേരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന മൂന്ന് പേര്‍ വെടി വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ വച്ചായിരുന്നു കൊല നടന്നത്.
ആതിഖ് അഹമ്മദ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികള്‍ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്നു തലക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിഖിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.