stop drugs
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ
കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഇലക്ട്രോണിക് ത്രാസ്സ്, തൂക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബാലുശ്ശേരി (കോഴിക്കോട്) | ബാലുശ്ശേരിയിലും പരിസരങ്ങളിലും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും വിതരണം ചെയ്യുന്ന പ്രധാന സംഘം പോലീസ് പിടിയിലായി. കാക്കൂർ, താമരശ്ശേരി, അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ നന്മണ്ട താനോത്ത് കെ ബി അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ ( 26), താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുമലയിൽ പി മിർശാദ് (28) എന്നിവരാണ് ബാലുശ്ശേരിയിൽ അറസ്റ്റിലായത്.
മുമ്പ് ഇത്തരം കേസുകൾക്ക് ജയിലിലായി അടുത്തിടെ പുറത്തിറങ്ങിയവരാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് ബാലുശ്ശേരി പോലീസിന്റെ മയക്കുമരുന്ന് വേട്ടയിൽ വൻ വഴിത്തിരിവായിരിക്കുയാണ്. എസ്റ്റേറ്റ് മുക്കിൽ വെച്ച് ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ റഫീഖ്, ഡ്രൈവർ ബൈജു, സി പി ഒമാരായ അശ്വിൻ, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കെ എൽ 7 AA 9888 നമ്പർ കാറിൽ വരികയായിരുന്ന പ്രതികളിൽ നിന്നും 6.82 ഗ്രാം എം ഡി എം എ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഇലക്ട്രോണിക് ത്രാസ്സ്, തൂക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.