Ongoing News
അസാധ്യമെന്ന വാക്ക് അറിയാത്ത നേതാവ്
ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന് ജന്മദിനാശംസ അറിയിച്ച് യു എ ഇ ജനത
ദുബൈ| വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ജന്മവാര്‍ഷികമായ ഇന്നലെ, അതുല്യമായ നേതൃപാടവം രൂപീകരിക്കുകയും ആസൂത്രണത്തില്‍ ആഗോള മാതൃക സൃഷ്ടിക്കുകയും ചെയ്ത നേതാവിനെ പുകഴ്ത്തിയും അദ്ദേഹത്തിനായി പ്രാര്‍ഥന നടത്തിയും യു എ ഇ ജനത. ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ മൂന്നാമത്തെ മകനായി 1949 ജൂലൈ 15നാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ദുബൈ ഭരണം കയ്യാളുന്ന അല്‍ മക്തൂം കുടുംബത്തിന്റെ അല്‍ ശിന്ദഗയിലെ വീട്ടിലായിരുന്നു ബാല്യകാലം. കുട്ടിക്കാലത്ത്, അശ്വാഭ്യാസത്തിന്റെ അടിസ്ഥാന വൈദഗ്ധ്യവും അറബി ഭാഷയുടെ തത്വങ്ങളും ഇസ്്‌ലാമിക പഠനങ്ങളും നടത്തിയ ശേഷം ലണ്ടനില്‍ ഉന്നത വിദ്യാഭ്യാസം തേടി. ആല്‍ഡര്‍ഷോട്ടിലെ ബ്രിട്ടീഷ് മോന്‍സ് മിലിട്ടറി കോളജിലായിരുന്നു പഠനം.
പിതാവിന്റെ മരണശേഷം, ജ്യേഷ്ഠനായ ശൈഖ് മക്തൂം എമിറേറ്റിന്റെ ഭരണാധികാരിയായി. കിരീടാവകാശിയായി ശൈഖ് മുഹമ്മദിനെ നിയമിച്ചുകൊണ്ട് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.
2006 ജനുവരി നാലിന്, ശൈഖ് മക്തൂമിന്റെ മരണത്തെത്തുടര്‍ന്ന് ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ ഭരണം ഏറ്റെടുത്തു. പിന്നീട്, യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റായും അന്നത്തെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയെയും നാമനിര്‍ദേശം ചെയ്തു. അസാധ്യമെന്ന വാക്ക് അറിയാത്ത മികച്ച നേതാവാണ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സര്‍ഗാത്മകവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ആ ജീവിതത്തുടലുടനീളം ലോകത്തിന്റെ നെറുകയിലേക്ക് നഗരത്തെയും രാജ്യത്തെയും നയിക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ്.