Connect with us

Kerala

എസ് എഫ് ഐ, ഡി വൈ എഫ് ഐ സമരവേദികളിലൂടെ വളര്‍ന്നുവന്ന നേതാവ്

പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്നും സ്പീക്കറാകുന്ന ആദ്യ സി പി എമ്മുകാരന്‍

Published

|

Last Updated

കണ്ണൂര്‍ | കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിന്റെ മണ്ണില്‍ നിന്ന് കേരള നിയമസഭയുടെ സ്പീക്കറാകുന്ന ആദ്യ സി പി എം നേതാവാണ് എ എന്‍ ഷംസീര്‍. എസ് എഫ് ഐ, ഡി വൈ എഫ് ഐ സമരവേദികളിലൂടെ വളര്‍ന്നുവന്ന നേതാവ്. ചാനല്‍ ചര്‍ച്ചകളിലും നിയമസഭയിലും സി പി എമ്മിന്റെ പോര്‍മുഖം. എതിരാളിയെ കടന്ന് ആക്രമിക്കുന്ന കണ്ണൂര്‍ ശൈലി. ശാഠ്യക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങള്‍. പാര്‍ട്ടി നിലപാടില്‍ നിന്ന് ഒരു ഇഞ്ചു വ്യതിചലിക്കാത്ത കേഡര്‍ സ്വഭാവം ഇതെല്ലാമാണ് ഷംസീറിനെ വേറിട്ട് നിര്‍ത്തുന്നത്.

സ്‌കൂള്‍ പഠനകാല മുതല്‍ എസ് എഫ് ഐയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ വ്യക്തിയാണ് അദ്ദേഹം. ബ്രണ്ണന്‍ കോളജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് എല്‍ എല്‍ ബിയും എല്‍ എല്‍ എമ്മും പൂര്‍ത്തിയാക്കിയത്.

ബ്രണ്ണന്‍ കോളജിലെ യൂണിയന്‍ ചെയര്‍മാനും 1998ല്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനുമായി. 2003ല്‍ എസ് എഫ് ഐ കണ്ണൂര്‍ ജില്ല പ്രസിഡന്റ്, സെക്രട്ടറി, 2008ല്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. 2016 മുതല്‍ രണ്ട് തവണ തലശ്ശേരിയില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു. 1977 മെയ് 24ന് ഉസ്മാന്‍ കോമത്ത്-എ എന്‍ സറീന ദമ്പതികളുടെ മകനാണ്.

Latest