Kerala
ഭൂരിപക്ഷ വർഗിയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്ത നേതാവ്: എ കെ ആന്റണി
ഇന്നത്തെ കേരളത്തിൽ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നുവെന്നും ആന്റണി
തിരുവനന്തപുരം | ഭൂരിപക്ഷ വർഗിയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി അനുസ്മരിച്ചു. ആര്യാടൻ മുഹമ്മദിന്റെ വേർപാട് കേരളത്തിനും കോൺഗ്രസിനും തീരാ നഷ്ടമാണ്. ഇന്നത്തെ കേരളത്തിൽ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടമായിരുന്നുവെന്നും വികാരദീനനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏറെ ഹൃദയബന്ധമുണ്ടായിരുന്ന ആത്മഹസുഹൃത്തിനെയാണ് നഷ്ടമായത്. കേരളത്തിൽ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രത്യാഖാം നോക്കാതെ അതിനെതിരെ പറഞ്ഞയാളായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗിയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്തു എന്നതാണ് ആര്യാടന്റെ പ്രത്യേകത. രാഷ്ട്രീയത്തെ ഭാവിയോ തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളോ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ലെന്നും ആന്റണി പറഞ്ഞു.
കോൺഗ്രസ് ഉയർത്തുന്ന ആദർശങ്ങൾക്ക് വേണ്ടി പട പൊരുതിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയവും ആഴത്തിൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യാടൻ മുഹമ്മദെന്നും ആന്റണി അനുസ്മരിച്ചു.