cover story
മഷി നിറച്ച ജീവിതം
പരപ്പനങ്ങാടി സ്വദേശി സമീര്‍ മുക്കത്ത് വൈവിധ്യമാര്‍ന്ന പേനകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ അതോടൊപ്പം അക്ഷരങ്ങളുടെയും അനുഭൂതിയുടെയും മഷി പുരണ്ട ഏടുകളും പിറവികൊണ്ടു. എഴുത്തിന്റെ പാരമ്പര്യമൊന്നും പറയാനില്ലെങ്കിലും എഴുത്തുപകരണത്തോടുള്ള പിരിശം എങ്ങനെയോ ഉള്ളില്‍ വന്നു നിറഞ്ഞിരുന്നു. എട്ടാം വയസ്സില്‍ കാലിന് ബാധിച്ച തളര്‍ച്ചയെ തൂലികയെ കൂട്ടുപിടിച്ചു മറികടന്നു മുന്നേറുകയാണിദ്ദേഹം.
വായനക്കും എഴുത്തിനുമിടയിലെ മൗനം വാചാലമാണ്. കാഥികന്റെ ഉലയില്‍ രൂപമെടുത്ത വാക്കുകള്‍ പിറന്നു വീഴുന്നത് പേനത്തുമ്പിലൂടെയാണ്. അവിടെ ജീവരക്തമായ മഷി നിറച്ച പേനകള്‍ക്കുമുണ്ട് പറയുവാനേറെ.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭ അധ്യായം (69- 3,4) സൂക്തം ഇങ്ങനെ കുറിച്ചിരിക്കുന്നു:
“മനുഷ്യാ നീ വായിക്കുക. നിന്റെ നാഥന്‍ അത്യുദാരനാകുന്നു. അവന്‍ പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവൻ.’
പരപ്പനങ്ങാടി സ്വദേശി സമീര്‍ മുക്കത്ത് വൈവിധ്യമാര്‍ന്ന പേനകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ അതോടൊപ്പം അക്ഷരങ്ങളുടെയും അനുഭൂതിയുടെയും മഷി പുരണ്ട ഏടുകളും പിറവികൊണ്ടു. എഴുത്തിന്റെ പാരമ്പര്യമൊന്നും പറയാനില്ലെങ്കിലും എഴുത്തുപകരണത്തോടുള്ള പിരിശം എങ്ങനെയോ ഉള്ളില്‍ വന്നു നിറഞ്ഞിരുന്നു.
എട്ടാം വയസ്സില്‍ കാലിനു ബാധിച്ച തളര്‍ച്ചയെ തൂലികയെ കൂട്ടുപിടിച്ചു മറികടന്നു മുന്നേറുകയാണ് സമീര്‍. മനുഷ്യന്‍ എഴുതിത്തുടങ്ങിയ മരവൂരിപ്പേന മുതല്‍ മൊബൈല്‍ ഫോണ്‍ ടച്ച് പേനകള്‍ വരെ സമീറിന്റെ ശേഖരത്തിലുണ്ട്. സംസാരിക്കുന്ന പേന, ഡിജിറ്റല്‍ പേന, പാട്ട് പാടുന്ന പേന, പ്രകാശിക്കുന്ന പേന, പ്രൊജക്ടര്‍ പേന, ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പേന, യു എസ് ബി പേന എന്നിങ്ങനെ ശേഖരത്തിലെ പേനകളുടെ ലിസ്റ്റ് നീളുകയാണ്.
രണ്ട് വിരലുകള്‍ക്കിടയില്‍ ചേർത്തുപിടിച്ച് കടലാസില്‍ അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന പേന നന്നേ ചെറുപ്പത്തിൽ ഒരാശ്ചര്യമായിരുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരോ അക്ഷരം പിറന്നു വീഴുമ്പോഴും ആകര്‍ഷണം അവ എഴുതാനുപയോഗിക്കുന്ന പേനകളോടായിരുന്നു. അന്ന് മുതല്‍ ഉപയോഗിച്ച പേനകള്‍ സൂക്ഷിച്ചു വെക്കാന്‍ തുടങ്ങി. വില കുറഞ്ഞ പ്ലാസ്റ്റിക് പേനകളും ഫൈബര്‍ ഗ്ലാസ് പേനകളും മാത്രമായിരുന്നു എടുത്തുവെച്ചതിലധികവും. എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് നിറത്തിലും ഭാവത്തിലും ആകൃതിയിലും മാറ്റം വന്നുകൊണ്ടിരുന്നു. പിന്നീട് ആകര്‍ഷണവും കൗതുകവും തോന്നിക്കുന്ന പേനകള്‍ വില കൊടുത്ത് വാങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും പേന കുന്നോളമായി. അവയെല്ലാം പെട്ടികളിലായി സൂക്ഷിച്ചു. ഇടക്ക് പൊടിതട്ടി വൃത്തിയാക്കാനും താലോലിക്കാനും സമയം കണ്ടെത്തി.
അങ്ങനെയിരിക്കെ സമീര്‍ പഠിച്ചിരുന്ന പാലത്തിങ്ങല്‍ സ്‌കൂളില്‍ പേനകളെല്ലാം പ്രദര്‍ശിപ്പിക്കാന്‍ അവസരം വന്നുചേര്‍ന്നു. ബെഞ്ചിന് മുകളില്‍ വെളുത്ത തുണി വിരിച്ച് അവിടെ നിരത്തിവെച്ചു. അലസമായി വലിച്ചെറിയപ്പെട്ട പേനകള്‍ എന്നല്ലാതെ കാഴ്ചക്കാര്‍ക്ക് ഒന്നും തോന്നിയില്ല. കാഴ്ചക്കാരന് ഒരു സന്ദേശവും കൊടുക്കാനും കഴിഞ്ഞില്ല. അന്ന് സന്ദര്‍ശന പുസ്തകത്തില്‍ എഴുതിവെച്ച പ്രധാനികളില്‍ കവി രാവണപ്രഭുവും കഥാകാരന്‍ റഷീദ് പരപ്പനങ്ങാടിയും എഴുതിവെച്ച വാക്കുകള്‍ പ്രചോദനമായി.
പിന്നീട് പേനശേഖരണ ( Peno Philist AYhm Stylo philist) ത്തോടൊപ്പം പേനയെ പഠിക്കാനും തീരുമാനിച്ചു. ചരിത്രകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഡോ. എം ഗംഗാധരന്‍, ഡോ. അബ്ദുല്ല തുടങ്ങിയ ഒരുപാട് വ്യക്തികള്‍ പഠനത്തില്‍ സഹായിച്ചു.
പ്രശസ്ത എഴുത്തുകാരും ഈ പരിശ്രമത്തില്‍ തന്നോടൊപ്പം പങ്കാളിയായി. എം ടി വാസുദേവന്‍ നായര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സി രാധാകൃഷ്ണന്‍, പി കെ ഗോപി, സാറാ ജോസഫ്, ടി ഡി രാമകൃഷ്ന്‍, ബെന്യാമിന്‍ തുടങ്ങി മലയാളത്തിലെ മിക്ക എഴുത്തുകാരും പോത്സാഹിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലധികം “തൂലികപ്പെരുമ’ എന്ന പേരില്‍ പേനകളുടെ പ്രദര്‍ശനം നടത്തി.
പല നിറത്തിലും രൂപത്തിലുമുള്ള പേനകള്‍ കണ്ടാണ് അവയോട് ഇഷ്ടമായും പ്രണയമായും ബഹുമാനമായും മാറിയത്. മനുഷ്യന്റെ വിജ്ഞാന വിസ്‌ഫോടത്തിലെ പേനയുടെ പങ്ക് ചെറുതല്ല എന്ന തിരിച്ചറിവില്‍, കിട്ടുന്നവ അത്ര പേനകള്‍ എടുത്തുവെക്കാനും എടുത്തുവെച്ചവ സൂക്ഷിക്കാനും ശീലിച്ചു. പിന്നീടവ ജീവിതത്തിന്റെ ഭാഗമായതോടു കൂടി ഇപ്പോള്‍ ഒരു ലക്ഷത്തിലേറെ പേനകള്‍ സമീറിന് സ്വന്തമായി. സമീറിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ശേഖരത്തില്‍ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതോടെ നിരവധി പേനകളാണ് സമീറിനെ തേടിയെത്തുന്നത്.
പേനയോടുള്ള ഇഷ്ടം വളര്‍ന്നതോടെ പേന ശേഖരണം വെറും നേരെമ്പോക്കായല്ല കാണുന്നത്. എഴുത്തിന്റെ ചരിത്രാറിവുകള്‍ തേടിയുള്ള അന്വേഷണത്തിലും യാത്രയിലും കൂടിയാണ് ഈ ചെറുപ്പക്കാരന്‍.
സമീറിന്റെ പേനച്ചന്തത്തിലെ വ്യത്യസ്തമായ ഒരു കാഴ്ചയുണ്ട്. പേന കൊണ്ട് ഉപജീവനമാക്കിയവരും, പേന പടവാളാക്കിയവരും പേന ആവനാഴിലെ അസ്ത്രം പോലെ പവിത്രമായി സൂക്ഷിച്ചവരും സമ്മാനമായി നല്‍കിയ പേനകള്‍.
മലയാളത്തിലെ ചില എഴുത്തുകാരും സമീറിന് പേനകള്‍ സമ്മാനിച്ചിട്ടുണ്ട്. പേനകള്‍ വാങ്ങുന്നതിനൊപ്പം അവ സാക്ഷ്യപ്പെടുത്തിയ കൈപ്പടയും വാങ്ങാന്‍ മടിക്കാറില്ല. വളരെ സൗമ്യപൂര്‍വം നല്‍കുന്ന ഇത്തരം പേനകള്‍ നിധിപോലെയാണ് സൂക്ഷിക്കുന്നത്.
കൊട്ടാരം റോഡിലെ സിതാരയില്‍ വെച്ച് ഇരുട്ടില്‍ എഴുതുമ്പോള്‍ സ്വയം പ്രകാശിക്കുന്ന പേന സമ്മാനിച്ച എം ടി വാസുദേവന്‍ നായരും സര്‍ഗ പ്രക്രിയക്കു തുടക്കം കുറിച്ച ഫൗണ്ടന്‍ പേന സമ്മാനിച്ച സുഭാഷ് ചന്ദ്രനും ശേഖരത്തില്‍ തിളങ്ങിനില്‍ക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ മുഹമ്മദ് ബഷീറും സമീറിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് വസതിയിലെത്തി നല്‍കിയ പേനയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കീശയിലിരിക്കുന്ന ക്രോസ്‌പേനക്കൊപ്പം അക്ബര്‍ കക്കട്ടിലും സി രാധാകൃഷ്ണനും ടി ഡി രാമകൃഷ്ണനും ബെന്യാമിനുമുള്‍പ്പെടെ നിരവധി പേര്‍ സമ്മാനിച്ച പേനകള്‍ സമീറിന്റെ ശേഖരത്തില്‍ വിളങ്ങുന്നു. പേനകള്‍ക്ക് ഒരു മ്യൂസിയം വേണമെന്ന് സമീർ പറയുന്നു.
ബോണ്‍സായ് മരങ്ങളുടെ പരിപാലകന്‍ കൂടിയാണ് ഇദ്ദേഹം. ആകര്‍ഷകമായ മരങ്ങളുടെ അനേകം ചെറിയ രൂപങ്ങള്‍ സമീറിന്റെ ശേഖരണത്തിലുണ്ട്. ഒപ്പം നല്ല വായനക്കാരനുമാണ്. പ്രസവിച്ച് എട്ടാം മാസത്തില്‍ ഇരു കാലുകളും തളരുകയായിരുന്നു. നിരന്തര ചികിത്സയുടെയും തൊറാപ്പിയുടെയും ഭാഗമായാണ് പരസഹായമില്ലാതെ നടക്കാനായത്. സമീറിന്റെ ഈ പ്രവര്‍ത്തനങ്ങളെല്ലാം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കെ വി എസ് എസ് പ്രതിഭാ പുരസ്‌കാരം, ജിദ്ദ കെ എം സി സി അവാര്‍ഡ്, തിരൂരങ്ങാടി ജേസിസ് അവാര്‍ഡ്, പൂന്താനം ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ജീവിതമാര്‍ഗത്തിന് പരപ്പനങ്ങാടിയില്‍ മുക്കത്ത് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്നു. തന്റെ പേന ശേഖരണത്തിന് പിന്തുണയുമായി ഭാര്യ പി വി സറീനയും മക്കളായ മുഹമ്മദ് ഷാദില്‍, മാലിക്ക്‌സുഹ്രി, ഹാമിഷ് എന്നിവരടങ്ങിയ കുടുംബവുമുണ്ടൊപ്പം.