Connect with us

Story

ഫയലില്‍ കുടുങ്ങിയ ജീവിതം

നഗരവീഥികളിൽ പതിവ് തിരക്കുകളില്ലാതെ വാഹനങ്ങൾ പതിയെ പോകുകയാണ്. മനസ്സിന്റെ ശാന്തതയാകാം റോഡിലെ തിരക്കുകളിലേക്ക് മനസ്സിനെ കൊണ്ടുപോകാത്തത്. സമയം 8 മണി കഴിഞ്ഞതേയുള്ളൂ, ഭൂമിയിലെ നക്ഷത്രങ്ങളെപ്പോലെ തെരുവീഥിയിലെ വഴിവിളക്കുകളിലെ പ്രകാശം ഡ്രൈവിംഗിന് ആശ്വാസം പകർന്നു. തിരക്കിട്ട നഗര ജീവിതത്തിനിടയിലും ഓഫീസിലെ മാനസിക സംഘർഷങ്ങൾക്കിടയിലും മാസ പൗർണമിയെ പോലെ മനസ്സിന് സന്തോഷവും സമാധാനവും കിട്ടിയ ദിവസമായിരുന്നു ഇന്ന്.

Published

|

Last Updated

നഗരവീഥികളിൽ പതിവ് തിരക്കുകളില്ലാതെ വാഹനങ്ങൾ പതിയെ പോകുകയാണ്. മനസ്സിന്റെ ശാന്തതയാകാം റോഡിലെ തിരക്കുകളിലേക്ക് മനസ്സിനെ കൊണ്ടുപോകാത്തത്. സമയം 8 മണി കഴിഞ്ഞതേയുള്ളൂ, ഭൂമിയിലെ നക്ഷത്രങ്ങളെപ്പോലെ തെരുവീഥിയിലെ വഴിവിളക്കുകളിലെ പ്രകാശം ഡ്രൈവിംഗിന് ആശ്വാസം പകർന്നു. തിരക്കിട്ട നഗര ജീവിതത്തിനിടയിലും ഓഫീസിലെ മാനസിക സംഘർഷങ്ങൾക്കിടയിലും മാസ പൗർണമിയെ പോലെ മനസ്സിന് സന്തോഷവും സമാധാനവും കിട്ടിയ ദിവസമായിരുന്നു ഇന്ന്. കാരണം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിലേക്ക് കിട്ടിയ ട്രാൻസ്ഫർ മനസ്സിനെ തണുപ്പിച്ചിരുന്നു. കാറിന്റെ ഗ്ലാസ് പതിയെ താഴ്ത്തി ആ തണുപ്പ് ശരീരത്തിലേക്കും പടർത്തി…
നല്ല കാറ്റുണ്ട് , മഴ പെയ്യാനുള്ള സാധ്യതയും കാണുന്നു.
ഓഫീസിലെ ഫയലുകൾ നോക്കി തീർക്കുന്നതിന്റെ തിരക്കിൽ വൈകിട്ടുള്ള പതിവ് ചായ തെറ്റിയിട്ടുണ്ട്. ഇപ്പോൾ അത് വിശപ്പിലേക്കും കടന്നു. ഫ്ലാറ്റിൽ എത്തിയാൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുക ബുദ്ധിമുട്ടായിരിക്കും. ചൂടന്‍ ദോശ കഴിക്കാനുള്ള ആഗ്രഹത്തോടെ തട്ടുകടയെ ലക്ഷ്യം വെച്ച് യാത്ര തുടർന്നു. റോഡ് സൈഡിൽ ആദ്യം കണ്ട തട്ടുകടയോട് ചേർന്ന് വണ്ടി പാർക്ക് ചെയ്തു. നല്ല തിരക്കുണ്ട്, കസേരകളിലെല്ലാം കോളജ് പയ്യന്മാർ സ്ഥാനം പിടിച്ചിരുന്നു. നിന്ന് കഴിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചപ്പോഴേക്കും വണ്ടിയിലിരുന്ന് കഴിക്കാമല്ലോ എന്ന് മനസ്സ് ഉത്തരം തന്നു. എവിടെ? എങ്ങനെയിരുന്ന് ? എന്നതില്‍ അല്ലല്ലോ കാര്യം , വിശപ്പ് ആണ് പ്രധാനം. അത് മാറണം എന്നും ഓർത്തു.
ചേട്ടാ……. നാല് ദോശ, ചട്നി, ഒരു ഓംലെറ്റും ചായയും..
കൈ കഴുകി വന്നപ്പോഴേക്കും ഭക്ഷണം കിട്ടി. അതുമായി കാറിൽ ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി.
പതിയെ…. മനസ്സ് വീട്ടിലുള്ളവരെ ഓർത്തു അവരും ഭക്ഷണം കഴിച്ചിട്ടുണ്ടാകും , റൂമിൽ എത്തിയിട്ട് നാട്ടിലേക്ക് ഫോൺ വിളിക്കാമെന്ന് സമാധാനിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ കാറിന്റെ കണ്ണാടിയിൽ കൂടി റോഡിൽ ബസ് കാത്തു നിൽക്കുന്നവരെ കാണാം. അങ്ങനെ അവരെ ശ്രദ്ധിക്കവേ വാർധക്യത്തിന്റെ ചുളിവുകൾ ശരീരത്തെ ബാധിച്ചു തുടങ്ങിയ ഒരു മധ്യവയസ്കനും കൂടെ പരിഭ്രമത്തോടെ നിൽക്കുന്ന ഒരു പെൺകുട്ടിയും..
കണ്ടിട്ട് അച്ഛനും മകളും ആണെന്ന് തോന്നുന്നു. പെൺകുട്ടിക്ക് 26 വയസ്സ് പ്രായം കാണും. മധ്യവയസ്കൻ നന്നായി കിതക്കുന്നുണ്ട്, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ തോന്നുന്നു. പെൺകുട്ടി മിനറൽ വാട്ടർ കുപ്പിയും ഒരു കൈയിൽ പിടിച്ച് അയാളുടെ പുറത്ത് മറുകൈ കൊണ്ട് തടവുന്നുണ്ട്. ഭക്ഷണം കഴിക്കൽ വേഗത്തിലാക്കി തട്ടുകടയിൽ ക്യാഷ് കൊടുത്ത് വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു.
എന്താ പറ്റിയത്?.. എന്റെ ചോദ്യം കേട്ട് ആ പെൺകുട്ടി മുഖമുയർത്തി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, സങ്കടം കൊണ്ട് വിറങ്ങലിച്ച ആ കണ്ഠത്തില്‍ നിന്നും ശബ്ദം പുറത്തേക്ക് വരാൻ നന്നേ പ്രയാസപ്പെട്ടു…
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
എന്റെ അച്ഛനാണ്….. വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് പെട്ടെന്ന് ശ്വാസംമുട്ടൽ പോലെ വന്നത്. എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ സ്വയം പരിചയപ്പെടുത്തി.
എന്റെ പേര് ഗോപകുമാർ… ഇവിടത്തെ കോർപ്പറേഷനിൽ വർക്ക് ചെയ്യുന്നു. അതുകേട്ടതും അച്ഛൻ വയ്യായ്കയിലും തലയുയർത്തി എന്നെ ഒന്ന് നോക്കി.
ഞാൻ പറഞ്ഞു, പേടിക്കണ്ട എനിക്ക് കാറുണ്ട്. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോകാം.
ആദ്യം വരാൻ മടിച്ചെങ്കിലും പെൺകുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി കാറിൽ കയറി. വേഗം ഹോസ്പിറ്റലിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. നഗരവീഥിയിലെ വാഹനങ്ങളുടെ ബ്ലോക്കുകൾ ലക്ഷ്യത്തിലേക്ക് എത്താൻ ചെറിയ തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അധികം താമസിയാതെ ഹോസ്പിറ്റലിൽ എത്താൻ സാധിച്ചു. വേഗം ക്യാഷ്വാലിറ്റിയിൽ ചെന്നു. ഡ്യൂട്ടി ഡോക്ടറാണ് ഉള്ളത്. നഴ്സിനോട് കാര്യങ്ങൾ പറഞ്ഞ് ചീട്ടു എടുത്തു പേഷ്യന്റിന്റെ പേര് ചോദിച്ചപ്പോൾ ഞാൻ പെൺകുട്ടിയുടെ മുഖത്തുനോക്കി , … അവൾ പറഞ്ഞു…
പേര് , ഗോവിന്ദൻ, വയസ്സ് 56, വീട്ടുപേര്, കിഴക്കേ ചെരുവിൽ..
ഞാനീ മേൽവിലാസം എവിടെയോ കേട്ടിട്ടുണ്ടല്ലോ!!!…. എന്നാലും ഈ പേര്!!…
അപ്പോഴേക്കും പേഷ്യന്റിനെ ഒബ്സർവേഷനിലേക്ക് കയറ്റി. പകച്ചുനിന്ന അവളുടെ അടുത്തേക്ക് ചെന്നു. ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല അവിടെയിരുന്ന് ഒന്നു റിലാക്സ് ആവൂ.. കുട്ടി…
അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൾ അവിടെ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വിളിപ്പിച്ചു കൂടെ കയറാൻ മടിച്ചിരുന്ന എന്നെയും നഴ്സ് വിളിപ്പിച്ചു.
ഡോക്ടർ, പേടിക്കാൻ ഒന്നുമില്ല. ഇസിജിയിൽ ചെറിയ വേരിയേഷൻ കാണിക്കുന്നുണ്ട്. അതുകൊണ്ട് ഐസിയുവിലേക്ക് മാറ്റുന്നുണ്ട്. കുറച്ചു ടെസ്റ്റിന്റെ റിസൾട്ട് കൂടി വന്നിട്ട് വിശദമായി പറയാം. എനിക്ക് ഡോക്ടറോട് കൂടുതലായി ഒന്നും ചോദിക്കുവാൻ ആയില്ല. ഞാനും അവളുടെ കൂടെ ആ മുറിയിൽ നിന്നിറങ്ങി നിസ്സഹായതയോടെ…….
ഐസിയുവിന്റെ മുന്നിലെ സീറ്റിൽ ഇരുന്ന അവളുടെ അടുത്ത് ഞാനും ചെന്നിരുന്നു. എന്താ ചോദിക്കേണ്ടത് എന്നറിയില്ല… മനസ്സിൽ ആകെ ഒരു വിങ്ങൽ, അവളെ അവിടെ തനിച്ചാക്കി പോകുവാനും തോന്നുന്നില്ല. പതിയെ അവളോട് ചോദിച്ചു.
ബന്ധുക്കൾ ആരെങ്കിലും വരുമോ?.. ആരു വരാൻ എല്ലാവർക്കും ജീവിതത്തിരക്കുകൾ…
വീട്ടിൽ അമ്മയും അനിയത്തിയുമുണ്ട്. അനിയത്തിക്ക് ഓട്ടിസമാണ്. കൂടെ ആളില്ലാതെ പറ്റില്ല. അച്ഛന് വീടിനോട് ചേർന്ന് ഒരു പലചരക്ക് കടയുണ്ട്. പക്ഷേ, അത് അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞ് കോർപ്പറേഷനിൽ നിന്ന് പൊളിച്ചുമാറ്റാൻ നോട്ടീസ് വന്നിട്ടുണ്ട്. ഞാൻ എം ബി എ കഴിഞ്ഞതാണ് യു കെയിലേക്ക് പോകാൻ ഒരു അവസരം വന്നിട്ടുണ്ട്, ആധാരം ബേങ്കിൽ െവച്ചിട്ട് വേണം അതിനുള്ള പണം കണ്ടെത്താൻ. കെട്ടിടം പൊളിച്ചു മാറ്റാതിരിക്കാൻ ഓഫീസിൽ കുറെയെറെ കയറിയിറങ്ങിയിട്ടുണ്ട്. എല്ലാംകൊണ്ടും അച്ഛൻ കുറച്ചു ദിവസങ്ങളായി വളരെയേറെ മാനസിക സംഘർഷത്തിൽ ആയിരുന്നു. വാക്കുകൾ ഇടറിയപ്പോൾ അവൾ നിർത്തി…..
എന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു.
അതെ…… കിഴക്കേ ചെരുവിൽ ഗോവിന്ദന്റെ ഫയൽ… പല മുഖങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോയ മുഖം… ഒരുപാട് നൂലാമാലകൾ ഉണ്ടെന്ന് പറഞ്ഞ് നാളെയാവട്ടെ നാളെ നാളെ എന്ന് മാറ്റിെവച്ച ഫയൽ… മുഖത്ത് പോലും നോക്കാതെ അടുത്ത ദിവസം വരൂ…. ഒന്നുമായില്ല…. എന്നുപറഞ്ഞ് മടക്കിയയച്ച അദ്ദേഹമാണ് മാനസിക സംഘർഷത്താൽ ഇന്ന് ഐസിയുവിൽ.
അതിന് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാരണക്കാരനായ ഞാൻ ചെറിയ ഒരു രക്ഷക വേഷത്തിൽ പുറത്ത് കാത്തുനിൽക്കുന്നു…. വിധി അറിയാൻ……!
അതാകാം അദ്ദേഹം വണ്ടിയിൽ കയറാൻ മടിച്ചതിന്റെ കാരണം എന്നോർത്തപ്പോൾ മനസ്സ് ആകെ ഒന്ന് പിടഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല പ്രതീക്ഷ നൽകാനും…..
അവൾ തിരക്കിട്ട് ബന്ധുവിനെ ആരെയോ ഫോണിൽ വിളിക്കുന്നുണ്ട്.
ഫോൺ കട്ട് ചെയ്ത് എന്നോടായി പറഞ്ഞു, കസിൻ ബ്രദർ വരുന്നുണ്ട് ഇപ്പോൾ എത്തും…
ഞാനൊന്നു മൂളി …….
ഉം….
പറയാൻ വാക്കുകളില്ലാഞ്ഞിട്ടാണ് ഒന്നും വിചാരിക്കല്ലേ കുട്ടി എന്ന് മനസ്സിൽ പറഞ്ഞു…..
റിലീവ് ചെയ്യുന്നതിനു മുന്പ് കഴിയുന്നതുപോലെ ആ ഫയലിനെ കുരുങ്ങിക്കിടന്ന ചുവപ്പുനാടയിൽ നിന്ന് പുറത്തെടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു. അധികം താമസിയാതെ എത്തിയ കസിൻ ബ്രദറിനെ പരിചയപ്പെട്ട വണ്ടിയുടെ അടുത്തേക്ക് നീങ്ങുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളുണ്ട്……. പക്ഷേ, ഉത്തരം ഒന്നേയുള്ളൂ…. കഴിയുന്ന പോലെ ആ കുടുംബത്തിനുവേണ്ടി എന്റെ പരിധിയിൽ നിന്ന് കാര്യങ്ങൾ ചെയ്തു കൊടുക്കണം.
എന്റെ തൂലികകൊണ്ട് ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കഴിയുമെങ്കിൽ ഞാനത് ചെയ്തേ തീരു….
ഡ്രൈവിംഗിനിടെ ഫോൺ ശബ്ദിച്ചു… വീട്ടിൽ നിന്നാണ്.
അച്ഛാ……… എന്നാ വരുന്നത് ?!!!… വേഗം വരാം മോനെ….
കുറച്ചു കടമകൾ കൂടി ബാക്കിയുണ്ട്, അമ്മയോട് പറഞ്ഞേക്കൂ…
അത്രയും പറഞ്ഞു ഫോൺ വെച്ചു.
എല്ലാവർക്കും ഒരു പ്രതീക്ഷയല്ലേ ജീവിതം….! മഴ പതിയെ പെയ്തു തുടങ്ങി.