Connect with us

Kerala

പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിക്കിടന്ന ലോറിയും തൊട്ടടുത്തുള്ള സ്‌കൂള്‍ ബസും അഗ്നിക്കിരയായി; അട്ടിമറിയെന്ന് സംശയം

ഒരു മണിക്കൂറിനുള്ളില്‍ 200 മീറ്ററിനുള്ളില്‍ ഉണ്ടായ രണ്ട് തീപ്പിടുത്തത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ജില്ലാഫയര്‍ ഓഫീസര്‍ ബി എം പ്രതാപചന്ദ്രന്റെ നിര്‍ദ്ദേശത്തേതുടര്‍ന്ന് പ്രദേശത്തെ സ്‌കൂളില്‍ ഉണ്ടായിരുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട നഗര മധ്യത്തില്‍ ഗ്യാസ് ഏജന്‍സിയില്‍ സിലിണ്ടറുകള്‍ കയറ്റിക്കിടന്ന ലോറിക്കും തൊട്ടടുത്തുള്ള സ്‌കൂളിന്റെ ബസ്സിനും തീവെച്ചതായി സംശയം. ഒരേ ഭാഗത്തുനിന്ന് രണ്ട് ഫയര്‍ കോള്‍ എത്തിയതില്‍ അസ്വാഭാവികത തോന്നിയ ഫയര്‍ഫോഴ്‌സ് നടത്തിയ സിസിടിവി പരിശോധനയിലാണ് വന്‍ അട്ടിമറിക്കുള്ള നീക്കം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 11.10 നും, 12.30 നും ഇടക്കായി മാക്കാംകുന്ന് ഭാഗത്ത് നിന്ന് രണ്ടു അഗ്നിബാധ ഫോണ്‍കാളുകളാണ് അഗ്നിശമസേനാ ഓഫീസിലേക്ക് എത്തിയത്. പത്തനംതിട്ട മുന്‍സിപ്പാലിറ്റി മാക്കാംകുന്ന് സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജന്‍സി കോമ്പൗണ്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി നിന്നിരുന്ന കെ എല്‍ 03 എ എഫ് 7117 അശോക് ലൈലാന്‍ഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിന് തീപിടിച്ചു. സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുന്‍പ് ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി.

പത്തനംതിട്ട മുന്‍സിപ്പാലിറ്റി വാര്‍ഡ് 13 കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവര്‍ഷൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാന്‍ കെ എല്‍-03 1392 രാത്രി 12.50 ന് തീ പിടിച്ചതായി അറിയിപ്പ് കിട്ടി. സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഉള്ളില്‍ മുഴുവനായി തീ പടര്‍ന്നിരുന്നു. സേന പൂര്‍ണ്ണമായി തീ കെടുത്തി. അടുത്തു മറ്റു സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ 200 മീറ്ററിനുള്ളില്‍ ഉണ്ടായ രണ്ട് തീപ്പിടുത്തത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ജില്ലാഫയര്‍ ഓഫീസര്‍ ബി എം പ്രതാപചന്ദ്രന്റെ നിര്‍ദ്ദേശത്തേതുടര്‍ന്ന് പ്രദേശത്തെ സ്‌കൂളില്‍ ഉണ്ടായിരുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി 12.07 ഓട് കൂടി ഒരാള്‍ സ്‌കൂള്‍ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തുകയും ചെയ്തു. രണ്ടു തീപിടുത്തങ്ങളും സാഹചര്യതെളിവുകളും, തീപിടുത്ത രീതിയും, സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആരോ തീ ഇട്ടതാണ് എന്ന് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.